padmaja

തൃശൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവുമായ പത്മജ വേണുഗോപാലിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെ. എന്നാൽ ഇതുസംബന്ധിച്ച് ഒരു അറിവും ബിജെപി സംസ്ഥാന നേതൃത്വത്തിന് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്. ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള കേരളത്തിലെ ഒരു നേതാവാണ് ഇതിനുവേണ്ടി ചരടുവലിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിജെപി പ്രവേശനം സംബന്ധിച്ച് പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദ പത്മജയുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

ഇന്ന് ഉച്ചയ്ക്കുമുമ്പുതന്നെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. രാജ്യസഭാ സീറ്റും പാർട്ടി പദവിയുമുൾപ്പടെ പത്മജയ്ക്ക് നൽകിയേക്കുമെന്നാണ് വിവരം. പത്മജയ്ക്ക് ഇതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ബിജെപി പ്രവേശനത്തിന് മുന്നോടിയായി ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും കോൺഗ്രസ് എന്ന വിവരങ്ങൾ പത്മജ നീക്കി. ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരളയെന്നാണ് ഫേസ്‌ബുക്കിൽ പുതുതായി ചേർത്തത്.

കോൺഗ്രസിൽ ഏറെ നാളായി അവഗണിക്കപ്പെടുന്നുവെന്ന് പത്മജ പലതവണ നേതൃത്വത്തോട് പരാതിപറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ പരാതി കാര്യമായി പരിഗണിക്കാനോ അതിന് പരിഹാരം കാണാണോ നേതൃത്വം നടപടി സ്വീകരിച്ചില്ല. അതാണ് ഇത്തരമൊരു നീക്കത്തിന് പത്മജയെ പ്രേരിപ്പിച്ചതെന്നാണ് അവരോട് അടുപ്പമുള്ളവർ പറയുന്നത്. അനിൽ ആന്റണി ബി ജെ പിയിലേക്ക് പോയപ്പോൾ ഇതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് നേതൃത്വം മുൻകൈ എടുക്കേണ്ടിയിരിക്കുന്നു എന്ന പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ സൂചിപ്പിച്ചിരുന്നു. .

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കോൺഗ്രസുകാർ തന്നെ പരാജയപ്പെടുത്തിയതായി അവർ ആരോപണമുന്നയിച്ചിരുന്നു. കെ.കരുണാകരന്റെ സ്മാരകം സ്ഥാപിക്കുന്നതിലും കാലതാമസമുണ്ടാക്കി. സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് പത്മജ കാര്യമായി പ്രവർത്തിച്ചെങ്കിലും കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമുൾപ്പടെയുള്ളവർ ഒന്നും ചെയ്തില്ലെന്ന് പരാതി പത്മജ തന്നെ പാർട്ടി കേന്ദ്രങ്ങളിൽ പറഞ്ഞിരുന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം കൂടിയായ പത്മജയെ കോൺഗ്രസ് നേതൃത്വം പല പരിപാടികളിലും പങ്കെടുപ്പിക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നു.

ഇന്നലെ ബി.ജെ.പിയിലേക്ക് പോകുന്നതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും അവർ ഫേസ്ബുക്കിലൂടെ വാർത്ത നിഷേധിച്ചു. വൈകിട്ടോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. തുടർന്ന് രാത്രിയോടെയാണ് സുപ്രധാന നീക്കം. 2004ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച പത്മജ ലോനപ്പൻ നമ്പാടനോട് പരാജയപ്പെട്ടിരുന്നു. 2016ലും 2021ലും തൃശൂരിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

സംസ്ഥാനത്തുനിന്ന് കോൺഗ്രസിന്റെ ഒരു പ്രമുഖ നേതാവിനെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ കഴിഞ്ഞത് ബി ജെ പിക്ക് ദേശീയ തലത്തിൽ വൻ നേട്ടമാകും. പ്രത്യേകിച്ചും കോൺഗ്രസിന്റെ പ്രമുഖനേതാവും മുഖ്യമന്ത്രിയുമൊക്കെയായിരുന്ന കെ കരുണാകരനെപ്പോലുള്ള ഒരാളുടെ മകൾ. മാത്രമല്ല സംസ്ഥാന കോൺഗ്രസിലെ പ്രധാനസ്ഥാനത്തുള്ള വ്യക്തികൂടിയാണ് പത്മജ. ദേശീയ തലത്തിൽ തന്നെ കോൺഗ്രസിൽ നിന്ന് നേതാക്കളുടെ വൻ പട തങ്ങളുടെ പാളയത്തിലേക്ക് വരുന്നു എന്ന പ്രതീതി ജനിപ്പിക്കാൻ ഇതിലൂടെ ബി ജെ പിക്ക് കഴിയും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം, പത്മജയുടെ ബി ജെ പി പ്രവേശനം ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കോൺഗ്രസിന് തിരിച്ചടിയാവും. അണികളോടും ജനങ്ങളോടും ഇക്കാര്യം വിശദീകരിക്കാൻ നേതൃത്വം ഏറെ വിയർക്കേണ്ടിവരുമെന്നുറപ്പ്.