
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രി ഗണേശ് കുമാറിന്റെ പുതിയ പരിഷ്കാരത്തിനെതിരെ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം. ഭൂരിപക്ഷം സ്ഥലങ്ങളിലും ടെസ്റ്റിനെത്തിയവരും ഡ്രൈവിംഗ് സ്കൂൾ ഉടമകളും ടെസ്റ്റുകൾ ബഹിഷ്കരിച്ചു. ചിലയിടങ്ങളിൽ അപേക്ഷകരും ഉദ്യോഗസ്ഥരുമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു.
ഇന്നുമുതൽ ഒരു കേന്ദ്രത്തിൽ 50 പേരുടെ ടെസ്റ്റ് നടത്തിയാൽ മതിയെന്ന് മന്ത്രിയുടെ വാക്കാലുളള നിർദ്ദേമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് മന്ത്രി പുതിയ നിർദ്ദേശം നൽകിയത്. നേരത്തെ ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്. ഇതറിയാതെ നേരത്തേ നൽകിയിരുന്ന ഡേറ്റ് അനുസരിച്ച് ടെസ്റ്റിനെത്തിയപ്പോഴാണ് മന്ത്രിയുടെ പുതിയ തീരുമാനം എല്ലാവരും അറിഞ്ഞത്. അവധിയെടുത്തും മറ്റും ദൂരസ്ഥലങ്ങളിലെത്തിയവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരുടെ പ്രതിഷേധങ്ങൾക്ക് മുന്നിൽ ഉദ്യോഗസ്ഥർ നിസ്സഹായരായി.
നേരത്തേ അനുമതി നൽകിയിരുന്ന അപേക്ഷകരിൽ നിന്ന് അമ്പതുപേരെ എങ്ങനെ തെരഞ്ഞെടുക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ ധർമ്മസങ്കടത്തിലായി. അപേക്ഷകരുടെ എണ്ണം 50 ആയി ചുരുക്കുമ്പോൾ ആരെ ഒഴിവാക്കും, അതിന് എന്ത് മാനദണ്ഡമാണ് സ്വീകരിക്കുക, ഒഴിവാക്കുന്നവർക്ക് പുതിയ തീയതി എങ്ങനെ നൽകും എന്നതിൽ ഉദ്യോഗസ്ഥരിൽ തന്നെ അവ്യക്ത നിലനിൽക്കുകയാണ്.
മേയ് ഒന്നുമുതലുള്ള ഡ്രൈവിംഗ് ടെസ്റ്റിലെ നിർദ്ദേശത്തോട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ സഹകരിക്കുന്നില്ല. അവസാന ട്രിപ്പ് മുടക്കുന്ന സ്വകാര്യബസുകളുടെയും റോഡ് വികസന കരാർ ഏറ്റെടുത്ത കമ്പനികളുടെ വാഹനങ്ങൾ നിയമലംഘനം നടത്തുന്നുണ്ടെങ്കിൽ പെർമിറ്റ് റദ്ദാക്കാനും മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.