nidhin

കൊച്ചി: അമ്മയെ ബൈക്ക് ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിന് പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തിൽ മരിച്ചത്.

ഈ മാസം 15ന് നിധിന്റെ പിറന്നാളാണ്. പിറന്നാൾ സമ്മാനമായി പുതിയ ബൈക്ക് വാങ്ങാനാണ് അമ്മയും മകനും കൂടി കടവന്ത്രയിലുള്ള ബൈക്ക് ഷോറൂമിൽ ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ എത്തിയത്. തുടർന്ന് അമ്മയെ ഷോറൂമിൽ നിർത്തി നിധിൻ നാഥൻ ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി പോകുകയായിരുന്നു.

എളംകുളം ഭാഗത്തെത്തി യൂ ടേൺ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ച് മിനിട്ടിലേറെ നേരെ റോഡിൽ കിടന്ന നിധിൻ നാഥനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നിധിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

കളമശേരി സ്കോഡ ഷോറൂമിൽ മെക്കാനിക്കാണ് നിധിൻ നാഥൻ. അച്ഛൻ - കാശിനാഥ് ദുരൈ, അമ്മ - ഷൈനി, സഹോദരി - നിഖിന.