
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷിന്റെ കല്യാണം കഴിഞ്ഞ ജനുവരിയിലാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാളത്തിന്റെ പ്രമുഖ താരനിരയും ചടങ്ങിൽ പങ്കെടുത്തു. ശേഷം തിരുവനന്തപുരത്തും കൊച്ചിയിലും വിവാഹ റിസപ്ഷൻ ഒരുക്കിയിരുന്നു. നിരവധി താരങ്ങളാണ് റിസപ്ഷന് എത്തിയത്.
കൊച്ചിയിലെ റിസപ്ഷന് നവദമ്പതിമാർ റോൾസ് റോയ്സിന്റെ 13കോടി വില വരുന്ന കള്ളിനൻ കാറിലാണ് എത്തിയത്. കാറിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മകൾക്കും മരുമകനും സുരേഷ് ഗോപി നൽകിയ സമ്മാനമാണ് ഈ കാർ എന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ സുരേഷ് ഗോപി ആ കാറുമായി ബന്ധപ്പെട്ട സത്യാവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ്.
കല്യാൺ ഗ്രൂപ്പിന്റെ ഉടമയായ ടി എസ് പട്ടാഭിരാമന്റെ ജേഷ്ഠന്റെ മകനായ രാജേഷ് ആണ് റോൾസ് റോയ്സ് അയച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. അല്ലാതെ താൻ വാങ്ങിയത് അല്ലെന്നും അത് വാങ്ങാനുള്ള പണം തന്റെ കെെയിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
' ഞാനോ എന്റെ മകളോ ആഗ്രഹിച്ചതല്ല. സ്വാമിയുടെ ചേട്ടന്റെ മകനായ രാജേഷ് ആണ് ഭാഗ്യ ടൊയോട്ട വെൽഫയറിൽ പോകേണ്ടെന്ന് പറഞ്ഞ് തൃശൂരിൽ നിന്ന് റോൾസ് റോയ്സ് കള്ളിനൻ അയച്ചത്. അത് നാട്ടുകാർ വ്യാഖ്യാനിച്ച് ഞാൻ മരുമകന് വാങ്ങി കൊടുത്തതാണെന്ന് പറഞ്ഞു. അത് വാങ്ങി കൊടുക്കാൻ എന്റെ കെെയിൽ പണം ഇല്ല. ഗുരുവായൂരിൽ നിന്ന് ആ കാറിൽ തൃശൂരിൽ വന്നു. പിന്നെ പിറ്റേദിവസം കൊച്ചിയിലെ റിസപ്ഷന് കൊണ്ടുവന്ന് ഇറക്കിയിട്ട് പോയി. അവിടെ നിന്ന് ഭീമയുടെ ഉടമ ഗോവിന്ദൻ സാറാണ് തിരുവനന്തപുരത്തേക്ക് പുതിയ കള്ളിനൻ അയച്ചത്. അവരുടേത് രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. അത് കൂടി കണ്ടപ്പോൾ എല്ലാവരും ഉറപ്പിച്ചു. അത് ഞാൻ സമ്മാനം കൊടുത്തതാണെന്ന്. 13കോടിയാണ് വില. അത് ഈ ജന്മം നടക്കില്ല.'- അദ്ദേഹം പറഞ്ഞു.