muraleedharan

തിരുവനന്തപുരം: പത്മജയെ എടുത്തതുകൊണ്ട് ബിജെപിക്ക് കാൽക്കാശിന്റെ പ്രയോജനം ലഭിക്കില്ലെന്ന് സഹോദരനും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. ജയിക്കും എന്ന് ഉറപ്പുള്ള സീറ്റുകളിൽ മാത്രമാണ് അവരെ മത്സരിപ്പിച്ചിരുന്നതെന്നും ഇനി അവരുമായി യാതൊരു ബന്ധവുമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

കെ മുരളീധരന്റെ വാക്കുകൾ:

'പത്മജ ബിജെപിയിൽ ചേർന്നുവെന്ന വാർത്ത ദൗർഭാഗ്യകരമാണ്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് അവഗണനയുണ്ടായി, മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ ചിലരൊക്കെ കാലുവാരാൻ നോക്കി എന്നൊക്കെയാണ് ചില വാർത്തകളിൽ കണ്ടത്. പക്ഷേ, കോൺഗ്രസ് പാർട്ടി പത്മജയ്‌ക്ക് എല്ലാ കാലത്തും മുന്തിയ പരിഗണനയാണ് നൽകിയത്. 2011ൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ എന്നെ പാർട്ടി സ്ഥാനാർത്ഥിയാക്കുമ്പോൾ അതിൽ ഭൂരിഭാഗവും എൽഡിഎഫ് വിജയിച്ച സ്ഥലങ്ങളായിരുന്നു. ആ സീറ്റിലാണ് ഞാൻ പതിനായിരത്തൽപ്പരം വോട്ടിന് വിജയിച്ചത്. രാജീവ് ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും മരണത്തെ തുടർന്നുള്ള സിംപതി ഉണ്ടായിട്ടുപോലും എൽഡിഎഫ് വിജയിച്ച മണ്ഡലമാണ് വടകര. അവിടെ 84,000 വോട്ടിന് ഞാൻ ജയിച്ചു. അത് എന്റെ മിടുക്കല്ല, പാർട്ടിയും അവിടുത്തെ ജനങ്ങളും ഒറ്റക്കെട്ടായി ഒപ്പം നിന്നതുകൊണ്ടാണ്.'

'എന്നാൽ, വിജയിക്കാൻ സാദ്ധ്യതയുള്ള സീറ്റുകളിലാണ് പത്മജയെ മത്സരിപ്പിച്ചിട്ടുള്ളത്. അന്ന് ഒന്നര ലക്ഷത്തിലധികം വോട്ടിനാണ് അവർ തോറ്റത്. വിജയിച്ച സ്ഥാനാർത്ഥിക്ക് പോലും ഇത് വിശ്വസിക്കാനായില്ല. 2011ലും ഇതേ അവസ്ഥയായിരുന്നു, 10,000 വോട്ടിന് ജയിച്ച സീറ്റിൽ 7000 വോട്ടിന് പത്മജ തോറ്റു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സീറ്റ് കൊടുത്തു. അവിടെയും 1000 വോട്ടിന് പരാജയപ്പെട്ടു. ചില വ്യക്തികൾ കാലുവാരിയാൽ മാത്രം തിരഞ്ഞെടുപ്പിൽ തോൽക്കുമോ? അങ്ങനെയെങ്കിൽ എന്നെയും ഒരുപാടുപേർ കാലുവാരിയിട്ടുണ്ട്. ഞാൻ പരാതി പറയാൻ പോയിട്ടില്ല. എല്ലാം ജനങ്ങളാണ് തീരുമാനിക്കുന്നത്. '

'ഒരുകാലത്ത് പാർട്ടിയിൽ നിന്ന് എനിക്ക് മാറേണ്ടി വന്നിട്ട് പോലും ഞാൻ ബിജെപിയിൽ ചേരുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കാരണം, കെ കരുണാകരൻ ഒരു കാലത്തും വർഗീയതയോടെ സന്ധിചേരാത്ത ആളാണ്. അങ്ങനെയുള്ള കെ കരുണാകരന്റെ കുടുംബത്തിൽ നിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്ന് പറയുമ്പോൾ അത് മതേതര വിശ്വാസികൾക്ക് ദുഃഖം നൽകുന്ന വാർത്തയാണ്. തോൽക്കില്ല, ഞങ്ങൾ ശക്തമായി പോരാടും.'

'പത്മജയെ എടുത്തതുകൊണ്ട് ബിജെപിക്ക് കാൽ കാശിന്റെ പ്രയോജനം ലഭിക്കില്ല. കേരളത്തിൽ എല്ലായിടത്തും ബിജെപിയെ ഞങ്ങൾ മൂന്നാം സ്ഥാനത്തേക്ക് തള്ളും. അതിൽ യാതൊരു സംശയവുമില്ല. ഇതിനായി യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കും. ഈ ചതിക്ക് ഞങ്ങൾ പകരം ചോദിക്കും. പത്മജയെ വളർത്തി വലുതാക്കിയത് കോൺഗ്രസാണ്. ഇനി ഒരു തരത്തിലുള്ള ബന്ധവും പത്മജയുമായിട്ടില്ല. '