തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് പോകുന്നതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പത്മജ ബിജെപിയിൽ പോകുന്നത് ഇഡിയെ ഭയന്നാണെന്ന് ബിന്ദു കൃഷ്ണ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'പത്മജയുടെ ഭർത്താവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പത്മജ ബിജെപിയിൽ ചേരുന്നത് നിർഭാഗ്യകരമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കുവാൻ ഇഡിയെപ്പോലെയുള്ള സംവിധാനം ഉപയോഗിക്കുമ്പോൾ നിർഭയരായി നിൽക്കാൻ കഴിയുന്നവർ നിൽക്കും. അല്ലാത്തവർ പോകാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ പോകുന്നത് ഉചിതമല്ല'- ബിന്ദു കൃഷ്ണ പറഞ്ഞു.
അതേസമയം, ബിജെപിയിൽ ചേരുന്നതായുള്ള വാർത്തകൾ സ്ഥിരീകരിച്ചിരിക്കുകയാണ് പത്മജ വേണുഗോപാൽ. കോൺഗ്രസാണ് തന്നെ ബിജെപിയാക്കിയതെന്നും മടുത്തിട്ടാണ് പാർട്ടി വിടുന്നതെന്നും പത്മജ വ്യക്തമാക്കി.
'ഞാൻ ചതിയല്ല ചെയ്യുന്നത്. എന്റെ മനസിന്റെ വേദനകളാണിത്. അവരെന്നെ ഇതിലേയ്ക്ക് കൊണ്ടെത്തിക്കുകയായിരുന്നു. ഇപ്പോൾ പോകുമ്പോഴും എനിക്ക് ആരോടും ഒരു പരാതിയുമില്ല. ആരുവേണമെങ്കിലും എന്ത് പറഞ്ഞാലും എനിക്ക് പരാതിയുമില്ല വിഷമവുമില്ല. കോൺഗ്രസാണെന്നെ ബിജെപിയാക്കിയത്. ഒരു ഉപാധികളുമില്ലാതെയാണ് ബിജെപിയിലേയ്ക്ക് പോകുന്നത്. മനസമാധാനമായി പ്രവർത്തിക്കണമെന്ന് മാത്രമേയുള്ളൂ'- പത്മജ വേണുഗോപാൽ പറഞ്ഞു. ഇന്ന് അഞ്ചുമണിക്കാണ് ബിജെപി പ്രവേശനമെന്നും പത്മജ വെളിപ്പെടുത്തിയിരുന്നു.