
വിദേശപഠനം ലക്ഷ്യം വച്ച് പ്രതിവർഷം പത്ത് ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് ഇന്ത്യയിൽ മാത്രം തയ്യാറെടുക്കുന്നത്. അതിനിടെ പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് പല നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ പല വിദേശരാജ്യങ്ങളും ഒരുങ്ങുകയാണ്. അഡ്മിഷൻ വ്യവസ്ഥകളിലും, പോസ്റ്റ് സ്റ്റഡി വർക്ക് വിസയിലും ( PSW) വരുന്ന മാറ്റങ്ങളാണ് ഇതിൽ പ്രധാനമായവ. വിദേശ രാജ്യങ്ങളിൽ നിലവിലുള്ള കടുത്ത സാമ്പത്തികമാന്ദ്യം യു.കെ, ജപ്പാൻ, ഓസ്‌ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പ്രതിവർഷം 2.4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പഠനത്തിനും ഇമിഗ്രേഷനുമായി ഇന്ത്യയിൽ നിന്ന് കാനഡയിലെത്തുന്നത്. വിദ്യാർത്ഥികളുടെ സംരക്ഷണമെന്ന പേരിൽ കാനഡ കൂടുതൽ നിബന്ധനകൾ പുറത്തിറക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഗ്യാരന്റീഡ് ഇൻവെസ്റ്റ്മെന്റ് സർട്ടിഫിക്കറ്റ് -GICയ്ക്കുള്ള തുക 10000 കനേഡിയൻ ഡോളറിൽ നിന്ന് 20635 ഡോളറാക്കി ഉയർത്തി. ഇത് 12.17 ലക്ഷം രൂപയോളം വരും.
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠന കാലയളവിൽ അടുത്ത ബന്ധുക്കളെ കൊണ്ടുവരുന്നതിൽ യു.കെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജർമ്മനിയും, ഓസ്‌ട്രേലിയയും GIC തുക 10 ശതമാനം വർദ്ധിപ്പിച്ചു. ജർമ്മൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള തുക 10 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ജീവിതച്ചെലവുകളും, പണപ്പെരുപ്പവും പരിഗണിച്ചാണ് വിദേശ രാജ്യങ്ങൾ ജി.ഐ.സി തുക ഉയർത്തുന്നത്. ഓസ്‌ട്രേലിയ വർഷം തോറും പത്ത് ശതമാനം തുക വർദ്ധിപ്പിച്ചുവരുന്നു. വിദ്യാർത്ഥികളുടെ വരവ് വർദ്ധിച്ചതോടെ ജി.ഐ.സി വർദ്ധിപ്പിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വരുത്താനും കാനഡ ആഗ്രഹിക്കുന്നു. കാനഡ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സ്റ്റഡി പെർമിറ്റ്/ സ്റ്റുഡന്റ് വിസ പ്രതിവർഷം നാലു ലക്ഷത്തിൽ നിന്ന് 3.6 ലക്ഷമായി കുറച്ചിട്ടുണ്ട്. സ്റ്റുഡന്റ് വിസയിൽ കാനഡയിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം പ്രതിവർഷം 1.4 ആണ്. കാനഡ ഇമിഗ്രേഷനിലൂടെ എത്തുന്നവരുടെ എണ്ണം ഒരുലക്ഷത്തോളം വരും.
കാനഡയിലേക്ക് ഉപരിപഠനത്തിന് വരുമ്പോൾ ജീവിത പങ്കാളിക്ക് സ്പൗസ് വിസ അനുവദിക്കുമെങ്കിലും വർക്ക് പെർമിറ്റ് ലഭിക്കില്ല. ഇതിലൂടെ വ്യാജ ഏജൻസികളെ നിയന്ത്രിക്കും. വർക്ക് വിസ വാഗ്ദാനം ലക്ഷ്യമിട്ടാണ് കൂടുതൽ ഏജൻസികളും പ്രവർത്തിക്കുന്നത്. ബിരുദാനന്തര/ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്ക് കാനഡയിൽ മൂന്ന് വർഷത്തെ വർക്ക് പെർമിറ്റ് അനുവദിക്കും. എന്നാൽ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്ക് വർക്ക് വിസയിൽ നിയന്ത്രണങ്ങളുണ്ട്. കാനഡയിൽ ഉപരിപഠനത്തിനു താല്പര്യപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 2023-24 ൽ 18 ൽ നിന്നും 9.3 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.