
കാട്ടാക്കട: നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ മാസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിലായി. കല്ലാമം ഷിബിൻ ഭവനിൽ വി. വിപിനാണ് അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ് 15-ാം നാൾ നവവധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവായ വിപിനെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
2023 ജൂലായ് രണ്ടിനാണ് പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോന ഭവനിൽ പ്രഭാകരൻ- എം.ശൈലജ ദമ്പതികളുടെ മകൾ പി.എസ്. സോനയെ (24) ഭർത്താവ് വിപിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് വിവാഹം ആർഭാടമായി നടത്തി. വിവാഹശേഷം ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ സോന സന്തോഷവതിയായിരുന്നുവെന്നും ദിവസങ്ങൾക്കുള്ളിൽ എന്താണ് സംഭവിച്ചതെന്നതിൽ അന്വേഷണം വേണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം.
സോനയുടെ മരണം ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഡിവെെഎസ്‌പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കാട്ടാക്കട കോടതിയിൽ ഹാജരാക്കിയത്.
ഓട്ടോ ഡ്രെെവറാണ് വിപിൻ. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിൽ ഒരു വർഷത്തോളമായി ജീവനക്കാരിയായിരുന്നു സോന. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നെങ്കിലും വിപിൻ സ്ത്രീധനം ആവശ്യപ്പെട്ട് സോനയെ മാനസികമായി ഉപദ്രവിച്ചിരുന്നു. ശാരീരികമായും മർദ്ദിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തൽ. വിപിൻ ഉറങ്ങിക്കിടന്ന മുറിയിലാണ് സോന തൂങ്ങിമരിച്ചത്. എന്നാൽ ഭർത്താവ് ഇത് അറിഞ്ഞിരുന്നില്ലെന്ന വാദത്തിലും സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കൊലപാതകമല്ല ആത്മഹത്യാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.