
തിരുവനന്തപുരം:ഇന്നത്തെ കോൺഗ്രസുകാരാണ് നാളത്തെ ബിജെപിക്കാർ എന്നാണല്ലോ പരിഹാസം. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ പാർട്ടിവിട്ട് ബിജെപിൽ ചേക്കേറുന്നു എന്ന വാർത്ത വന്നതോടെ ഈ വാചകം അക്ഷരംപ്രതി ശരിയാണെന്ന് ഏറക്കുറെ തെളിഞ്ഞുകഴിഞ്ഞു. പ്രമുഖരും അത്ര പ്രമുഖരല്ലാത്തവരുമായ നിരവധി കോൺഗ്രസ് നേതാക്കൾ ഉടൻ പാർട്ടിവിട്ട് തങ്ങളുടെ പാളയത്തിലെത്തുമെന്നാണ് ബിജെപിക്കാർ പറയുന്നത്. അവർ ഇക്കാര്യം പറഞ്ഞുതുടങ്ങിയിട്ട് കുറച്ചുനാളായെങ്കിലും എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടിവിട്ടതോടെ ബിജെപി നേതാക്കൾ വീമ്പുപറയുന്നതല്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ തോന്നിത്തുടങ്ങി. പത്മജയുടെ മറുകണ്ടം ചാടലോടെ എല്ലാവരും ഇത് പൂർണമായും വിശ്വസിച്ചുതുടങ്ങി.
ഇക്കണക്കിനാണ് മുന്നോട്ടുപോക്കെങ്കിൽ കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള കേരളത്തിൽപ്പോലും പാർട്ടിയുടെ അകാലചരമമായിരിക്കും കണേണ്ടിവരിക എന്ന് കോൺഗ്രസുകാർ തന്നെ പറയുന്നുണ്ട്. ഇപ്പോൾത്തന്നെ ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥിയാവാൻ പോലും പാർട്ടിക്ക് ആളില്ലാത്ത അവസ്ഥയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്തശേഷം നേരേ ബിജെപി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചവർ പോലുമുണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും സോണിയയുടെയുമൊക്കെ മനസാക്ഷി സൂക്ഷിപ്പുകാരായിരുന്ന നേതാക്കൾ പോലും ഇപ്പോൾ കടുത്ത സംഘികളാണ്.
കേരളത്തിൽ നിന്ന് ബിജെപി പാളയത്തിലെത്തിയ നേതാക്കൾക്ക് ജനകീയ അടിത്തറ ഇല്ലെന്നാണ് കോൺഗ്രസുകാർ തന്നെ പറയുന്നത്. തങ്ങൾക്കൊപ്പം ഉള്ളപ്പോൾ ജനകീയരും അല്ലാത്തപ്പോൾ അങ്ങനെ അല്ലാതാകുന്നതിനും പിന്നിലെ രസതന്ത്രം എന്താണെന്ന് വ്യക്തമല്ലെങ്കിലും നേതാക്കൾ കൂട്ടത്തോടെ മറുകണ്ടം ചാടുന്നത് പാർട്ടിക്ക് വൻ ക്ഷീണമാണ് ഉണ്ടാക്കാൻപോകുന്നതെന്ന കാര്യത്തിൽ ആർക്കും സംശയമേ ഇല്ല. ഇക്കാര്യം രഹസ്യമായി കോൺഗ്രസുകാർ തന്നെ സമ്മതിക്കുന്നുണ്ട് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. നേതാക്കളെ കണ്ടല്ലേ അണികൾ പഠിക്കുന്നത് എന്നാണ് അവർ ചോദിക്കുന്നത്. .
അബ്ദുള്ളക്കുട്ടി, ടോം വടക്കൻ, അനിൽ ആന്റണി,സി രഘുനാഥ്, രാമൻ നായർ, പത്മജ അങ്ങനെപോകുന്നു ബിജെപി പാളയത്തിലെത്തിയ നേതാക്കളുടെ പേരുകൾ. ഇതിൽ അബ്ദുള്ളക്കുട്ടി ഒഴികെ മറ്റുള്ളവരെല്ലാം കറകളഞ്ഞ കോൺഗ്രസ് നേതാക്കൾ. പാർട്ടിക്കുവേണ്ടി ചോരയും നീരും നൽകിയ അവർ വർഗീയ പാർട്ടി എന്ന ലേബലിൽ കോൺഗ്രസ് എല്ലാകാലത്തും അകറ്റിനിറുത്തിയിരുന്ന ബിജെപിയോട് അടുപ്പംകൂടുമെന്ന് ആരും സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല.
അബ്‌ദുളളക്കുട്ടി
കോൺഗ്രസിനെയും ബിജെപിയെയും ഒരുപോലെ ഞെട്ടിച്ച് കണ്ണൂരിൽ സിപിഎമ്മിന്റെ 'അത്ഭുതക്കുട്ടി'യായിരുന്നു സാക്ഷാൽ എപി അബ്ദുള്ളക്കുട്ടി. എസ്എഫ്ഐയിലൂടെ ഉദിച്ചുയർന്ന അബ്ദുള്ളക്കുട്ടി ശ്രദ്ധേയനാകുന്നത് കണ്ണൂർ ലോക്‌സഭാ സീറ്റ് സി പിഎമ്മിനായി പിടിച്ചെടുത്തുകൊണ്ടാണ്. അഞ്ച് തവണ കണ്ണൂരിൽ നിന്ന് ലോക്സഭാ അംഗമായ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999-ലും 2004-ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതോടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. പക്ഷേ, അത്ഭുതക്കുട്ടി സിപിഎമ്മിന് 'അപശകുനക്കുട്ടി'യായത് വളരപ്പെട്ടെന്നാണ്. 2009 -ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് കോൺഗ്രസിൽ ചേർന്നു. 2009-ലും 2011-ലും കോൺഗ്രസ് ടിക്കറ്റിൽ കണ്ണൂരിൽ നിന്ന് നിയമസഭയിൽ അംഗമായി. അപ്പോഴേക്കും കോൺഗ്രസിനും കുട്ടിയെ സഹിക്കാനായില്ല. മോദിസ്തുതിയുടെ പേരിൽ പുറത്താക്കുന്നതിന് തൊട്ടുമുമ്പുതന്നെ പുറത്തുപോയ അദ്ദേഹം 2019-ൽ ബിജെപിയിൽ അംഗമായി ചേർന്നു. ഇപ്പോൾ പാർട്ടിയിലെ ഉന്നതസ്ഥാനം വഹിക്കുന്നു.

ടോം വടക്കൻ
പ്രവർത്തനമണ്ഡലം ഡൽഹിയാക്കിയ കേരളത്തിൽ നിന്നുള്ള നേതാവായിരുന്നു ടോം വടക്കൻ. കോൺഗ്രസിന്റെ ദേശീയ വക്താവും സോണിയാഗാന്ധിയുടെ വലംകൈയുമായിരുന്ന ടോം വടക്കൻ 2019ലാണ് ബിജെപി പാളയത്തിലെത്തിയത്. പുൽവാമ ആക്രമണത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടിവിടുന്നതെന്നാണ് ബിജെപിൽ ചേർന്ന വേളയിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. പാർട്ടിവിടുന്നത് തൊട്ടടുത്ത ദിസവങ്ങളിൽപ്പോലും ബിജെപിയെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചിരുന്നത്. പാകിസ്ഥാനിൽ കടന്നുകയറി ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്ക് പാര്‍ട്ടിക്ക് കര്‍ണ്ണാടകയില്‍ 22 ലോക്‌സഭാ സീറ്റുകള്‍ നേടിത്തരുമെന്ന ബി.എസ് യെദ്യൂരപ്പയുടെ വിവാദ പ്രസ്താവനയെ ‘വൃത്തികെട്ട രാഷ്ട്രീയം’ എന്നാണ് വടക്കന്‍ വിശേഷിപ്പിച്ചിരുന്നത്. ഈ വിശേഷണം നടത്തിക്കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടപ്പോൾ വടക്കൻ ബിജെപിക്കാരനായി.

രാമൻ നായർ
തിരുവിതാകൂർ ദേവസ്വംബോർഡ് പ്രസിഡന്റായിരുന്ന ജി രാമൻ നായർ ശബരിമല വിഷയത്തിൽ കലഹിച്ചാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. പാർട്ടി വിടുമ്പോൾ കെപിസിസി നിര്‍വഹകസമതി അംഗമായിരുന്നു. ശബരിമല വിഷയത്തിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തതിന് കെപിസിസി സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് രാമന്‍ നായര്‍ ബിജെപിയില്‍ ചേർന്നത്.

ശബരിമല വിഷയം ഉയർത്തിപ്പിടിച്ചതിന്റെ പേരിലാണ് കോൺഗ്രസിൽ നിന്ന് തനിക്ക് ശിക്ഷയുണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. തങ്ങളുടെ പാളയത്തിലെത്തിയ രാമൻനായർക്ക് ഉപാദ്ധ്യക്ഷ പദവി നൽകി ബിജെപി നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസ് തകര്‍ന്ന കപ്പലാണെന്നും ഇനിയും നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വരുമെന്നും രാമന്‍ നായര്‍ അന്ന് പറഞ്ഞിരുന്നു. .രാമൻനായർക്കൊപ്പം ബിജെപിയിലെത്തിയ കോൺഗ്രസ് നേതാവും വനിത കമ്മീഷൻ മുൻ അംഗവുമായ അഡ്വക്കേറ്റ് ജി. പ്രമീളാ ദേവിക്ക് സംസ്ഥാന സമിതി അംഗത്വമാണ് ബിജെപി നൽകിയത്.

അനിൽ ആന്റണി
സർവാദരണീയനായ എകെ ആന്റണിയുടെ മകൻ എന്നനിലയിലാണ് അനിൽ ആന്റണി ശ്രദ്ധനേടുന്നത്. ആ ലേബലിൽ തന്നെയാണ് കോൺഗ്രസിൽ പാർട്ടി പദവികൾ ലഭിച്ചതും. പാർട്ടി വിടുമ്പോൾ കെപിസിസി സോഷ്യൽമീഡിയാ കൺവീനറായിരുന്നു അനിൽ. നൂലിൽ കെട്ടിയിറക്കിയ നേതാവ് എന്ന ആരോപണം കേൾക്കേണ്ടിവന്ന അനിലിന് പദവികൾ ലഭിക്കുന്നതിൽ പാർട്ടിക്കുള്ളിലെ ഒരുവിഭാഗത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നു. മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതിന് പാർട്ടിക്കുള്ളിൽ നിന്ന് ഏറെ വിമർശനം കേൾക്കേണ്ടിവന്നു. തുടർന്ന് പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും പുകഴ്ത്തുകയും ചെയ്തതോടെ അനിൽ മറുകണ്ടം ചാടുമെന്ന് ഏറെക്കുറെ ഉറപ്പായി. ലോക്‌സഭാ സീറ്റ് നൽകിയാണ് ബിജെപി എകെ ആന്റണിയുടെ മകനോടുള്ള നന്ദി കാണിച്ചത്.

സി.രഘുനാഥ്
കണ്ണൂരിലെ കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറിയാണ് സി.രഘുനാഥ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. ഇതോടെയാണ് കൂടുതൽ ശ്രദ്ദേയനായത്. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് വിട്ടത്.
നേതൃത്വത്തിന്റെ അവഗണനയിൽ മനംമടുത്താണ് രാജിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കെ.പി.സി.സി അദ്ധ്യക്ഷനായിട്ടും കെ. സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചിരുന്നു. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് രഘുനാഥ്.
ഇവരെക്കൂടാതെ പിസി ചാക്കോ, കെവി താേമസ്, പിഎസ് പ്രശാന്ത്. കെപി അനിൽകുമാർ തുടങ്ങിയവരും അടുത്തിടെയാണ് കോൺഗ്രസിനോട് ഗുഡ്ബൈ പറഞ്ഞത്. പക്ഷേ, ഇവർ ബിജെപി പാളയത്തിൽ എത്തിയില്ല. ഇവരുടെ കൊഴിഞ്ഞുപോക്കും കോൺഗ്രസിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.
പിന്നിൽ ഗ്യാരന്റി
പാർട്ടിവിടാൻ കോൺഗ്രസുകാരെ പ്രേരിപ്പിക്കുന്നതിന് പിന്നിൽ അധികാരം തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അധികാരമില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നാണ് കോൺഗ്രസ് അണികളിൽ ബഹുഭൂരിപക്ഷവും കണക്കുകൂട്ടുന്നത്. കേന്ദ്രത്തിൽ ശക്തമായ പ്രതിപക്ഷം പോലും ആകാൻ കഴിയാത്ത കോൺഗ്രസ് സമീപകാലത്തങ്ങെന്നും അധികാരത്തിൽ വരില്ലെന്നത് അവർക്ക് ഉറപ്പാണ്. പിന്നെയുള്ളത് സംസ്ഥാനമായിരുന്നു. രണ്ടുതവണ തുടർച്ചയായി പിണറായി വിജയൻ അധികാരത്തിലെത്തിയതോടെ അവിടെയും വഴിയടഞ്ഞു. ഇപ്പോഴുള്ള പാർട്ടിയുടെ പ്രവർത്തനം സംസ്ഥാനത്ത് അധികാരം പിടിക്കാൻ പര്യപ്തമല്ലെന്നും അവർ കരുതുന്നു. ഈ അവസരത്തിൽ സിപിഎമ്മും ബിജെപിയുമാണ് കോൺഗ്രസുകാർക്ക് മുന്നിലുള്ള വഴികൾ. സിപിഎം കോൺഗ്രസുകാർക്ക് അത്ര പഥ്യമല്ല. അതിനാൽ ബിജെപിയിലേക്ക് അവർ കയറിച്ചെല്ലുന്നു. ഉചിതമായ സ്ഥാനം നൽകി മര്യാദയോടെ സ്വീകരിക്കാൻ ബിജെപി സൗമനസ്യം കാട്ടുന്നുമുണ്ട്.