modi

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീനഗർ സന്ദർശിക്കും. ജമ്മു - കാശ്‌മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷമുള്ള മോദിയുടെ ആദ്യത്തെ കാശ്‌മീർ സന്ദർശനമാണിത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കർശന സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. സ്കൂളുകൾ അടച്ചിടും, ബോർഡ് പരീക്ഷകൾ അടുത്ത മാസത്തേക്ക് മാറ്റിവച്ചു. ഡ്രോണുകളും സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. കാൽനട പട്രോളിംഗും മറൈൻ കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്. "താത്കാലിക റെഡ് സോൺ" ആയി ശ്രീനഗറിനെ പ്രഖ്യാപിക്കുകയും ചെയ്തു.

ശ്രീനഗർ സ്റ്റേഡിയത്തിൽ നടക്കുന്ന 'വിക്ഷിത് ഭാരത് വിക്ഷിത് ജമ്മു കാശ്‌മീർ' പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ശ്രീനഗറിൽ നടക്കുന്ന പൊതുപരിപാടിയില്‍ 6400 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ അനാച്ഛാദനം ചെയ്യും. കാശ്മീരില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട 1000 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രധാനമന്ത്രി നിയമന കത്ത് വിതരണം ചെയ്യും. തുടര്‍ന്ന് വനിതകള്‍, കര്‍ഷകര്‍, സംരഭകര്‍ എന്നിവരുമായി സംസാരിക്കും. തീര്‍ത്ഥാടന - ടൂറിസം മേഖലകള്‍ മെച്ചപ്പെടുത്താനുള്ള 43 പദ്ധതികളും മോദി ഇന്ന് ഉദ്ഘാടനം ചെയ്യും.

രണ്ട് ലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ബി ജെ പി നേതാവ് രവീന്ദ്ര റെയ്‌ന പറഞ്ഞു. ഈ പരിപാടി ചരിത്ര പ്രാധാന്യമുള്ളതാക്കാന്‍ തങ്ങള്‍ നൂറുകണക്കിന് കേഡര്‍മാരെ അണിനിരത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.