mohammed-asfan

മോസ്‌കോ: തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിലെത്തി യുക്രെയിൻ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്‌ഫാൻ (30) ആണ് മരിച്ചത്. റഷ്യയിലെ ഇന്ത്യൻ എംബസി അസ്‌ഫാന്റെ മരണം സ്ഥിരീകരിച്ചു.

ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് പറഞ്ഞാണ് അസ്‌ഫാനെ 12പേർക്കൊപ്പം റഷ്യയിലെത്തിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അസ്‌ഫാൻ ഉൾപ്പെടെയുള്ളവർ മോസ്‌കോയിലെത്തിയത്. അവിടെ എത്തിയപ്പോൾ നിർബന്ധിച്ച് റഷ്യൻ സൈന്യത്തിന്റെ ഭാഗമാക്കി യുക്രെയിൻ അതിര്‍ത്തിയിലേക്ക് അയക്കുകയായിരുന്നുവെന്നാണ് അവസാനമായി വീട്ടിൽ വിളിച്ചപ്പോൾ അസ്‌ഫാൻ പറഞ്ഞത്.

We have learnt about the tragic death of an Indian national Shri Mohammed Asfan. We are in touch with the family and Russian authorities. Mission will make efforts to send his mortal remains to India.@MEAIndia

— India in Russia (@IndEmbMoscow) March 6, 2024

അസ്‌ഫാനെ റഷ്യയിൽ നിന്ന് തിരികെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈദരാബാദ് എം പി അസദുദ്ദീന്‍ ഒവൈസിയെ കണ്ടിരുന്നു. റഷ്യൻ യുദ്ധമുഖത്ത് നിരവധി ഇന്ത്യക്കാർ കുടുങ്ങിയതായും ഇവരെ തിരിച്ചെത്തിക്കാൻ ചർച്ചകൾ തുടരുകയാണെന്നുമായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മറുപടി നൽകിയത്.

വിദേശകാര്യ മന്ത്രാലയം ഫെബ്രുവരി 29ന് പുറത്തുവിട്ട കണക്ക് പ്രകാരം റഷ്യൻ സൈന്യത്തിന്റെ സഹായികളായി 20ഓളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍തട്ടിപ്പിന് ഇരയായി റഷ്യയിലെത്തിയ ഇന്ത്യക്കാരായ യുവാക്കള്‍ യുദ്ധമേഖലയായ യുക്രെയിൻ അതിര്‍ത്തിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഒരാൾ കൊല്ലപ്പെട്ട വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

എന്നാൽ, അഫ്സാൻ കൊല്ലപ്പെട്ടതിന് എന്താണ് തെളിവെന്നാണ് സഹോദരൻ ഇമ്രാൻ പ്രതികരിച്ചത്. സഹോദരൻ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും ഇതിന് എന്താണ് തെളിവെന്നും അന്വേഷിച്ചു കൊണ്ട് റഷ്യൻ ആർമിക്ക് ഇമ്രാൻ മറുപടി അയച്ചു. സഹോദരന്റെ മരണത്തിൽ തെളിവായി മരണ സർട്ടിഫിക്കറ്റ് വേണം. അസ്ഫാനെക്കുറിച്ചുള്ള ഈ വാർത്ത ഞങ്ങൾ എങ്ങനെ വിശ്വസിക്കും?. റഷ്യയിൽ നിന്ന് എന്തെങ്കിലും തെളിവുകളോ ഏതെങ്കിലും അംഗീകൃത സർട്ടിഫിക്കറ്റോ ഉണ്ടോ എന്നും ഇമ്രാൻ മറുപടിയിൽ ചോദിച്ചു. തന്റെ സഹോദരൻ ജീവിച്ചിരിപ്പുണ്ടെന്നാണ് റിക്രൂട്ടിംഗ് ഏജന്റ് പറയുന്നതെന്നും ഇമ്രാൻ പ്രതികരിച്ചു.