rahul-mamkootathil

തിരുവനന്തപുരം: ബിജെപിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ. തന്തക്ക് പിറന്ന മകളോ തന്തയെക്കൊന്ന സന്തതിയോ എന്നാണ് രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞത്. പത്മജ തോറ്റത് പാർട്ടി ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളിൽ ആണെന്നും കരുണാകരന്റെ പാരമ്പര്യം പത്മജ എവിടെയെങ്കിലും പറഞ്ഞാൽ യൂത്ത് കോൺഗ്രസ് തെരുവിൽ നേരിടുമെന്നും രാഹുൽ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

'മുൻപ് പദ്മജ പറഞ്ഞത് അവർ 'തന്തയ്ക്ക് പിറന്ന മകൾ എന്നാണ്'. എന്നാൽ ഇന്ന് അവർ ആ പിതാവിന്റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോൾ, ഇന്ന് മുതൽ അവർ അറിയപ്പെടുക 'തന്തയെ കൊന്ന സന്തതി' എന്ന പേരിലാകും.' രാഹുൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ലീഡർ കെ കരുണാകരന്റെ ചോരയാണ് കോൺഗ്രസ്സ്‌. ലീഡറുടെ ഏറ്റവും വലിയ മൂല്യം അദ്ദേഹത്തിന്റെ മതേതരത്വമാണ് . ആ മൂല്യത്തെയാണ് പദ്മജ കൊല്ലാൻ ശ്രമിച്ചത്. മുൻപൊരിക്കൽ പദ്മജ പറഞ്ഞത് അവർ 'തന്തയ്ക്കു പിറന്ന മകൾ എന്നാണ് ' . എന്നാൽ ഇന്ന് അവർ ആ പിതാവിന്റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോൾ , ഇന്ന് മുതൽ അവർ അറിയപ്പെടുക 'തന്തയെ കൊന്ന സന്തതി' എന്ന പേരിലാകും.

പാർട്ടി പരിഗണിച്ചില്ല എന്ന് പറയുന്ന പദ്മജക്കു 2004 ൽ , 1989 മുതൽ കോൺഗ്രസ്സ്‌ തുടർച്ചയായി ജയിച്ചിരുന്ന മുകുന്ദപുരം പാർലിമന്റ്‌ സീറ്റ് നൽകി. അവർ പരാജയപ്പെട്ടത് ആരുടെ കുഴപ്പം കൊണ്ടാണ്. 1991 മുതൽ കോൺഗ്രസ്സ് ജയിച്ചു കൊണ്ടിരുന്ന തൃശൂർ നിയമസഭാ സീറ്റ് 2016 ലും , 2021 ലും കൊടുത്തപ്പോഴും അവർ ജയിച്ചില്ല.

ഇതിനു ഇടയിൽ KPCC നിർവാഹക സമിതി അംഗം ആക്കി , KPCC ജനറൽ സെക്രെട്ടറിയാക്കി, ഒരു മാസം മുൻപ് രാഷ്ട്രീയ കാര്യ സമിതിയഗമാക്കി . അപ്പോൾ പരിഗണന കിട്ടാഞ്ഞിട്ടല്ല , BJP സാധാരണ ആളുകളെ കൊണ്ട് പോകുന്ന അതേ മാർഗ്ഗത്തിലൂടെ തന്നെയാണ് പോയത്. ലീഡറുടെ മകൾ പോയാൽ പോകുന്നതല്ല, ലീഡറുടെ പാരമ്പര്യം.

അതേസമയം, പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം 24മണിക്കൂർ നീണ്ട് നിൽക്കുന്ന പ്രതിഭാസമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. അതിൽ കൂടുതൽ ചർച്ചയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ കരുണാകരന്റെ മകളായി ജനിച്ചതാണ് അവർ ചെയ്ത സേവനം. അഞ്ച് വർഷം മുൻപ് കാലുവാരിയെന്ന് പറഞ്ഞതിന് ഇപ്പോഴാണോ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.