
തിരുവനന്തപുരം: ഇഡിയെ പേടിച്ചാണ് മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതെന്ന് പറഞ്ഞ പലരും, ബി ജെ പിയിൽ ചേരാൻ മുമ്പ് ചർച്ച നടത്തിയിരുന്നെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തന്റെ മാന്യത കൊണ്ട് അതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പത്മജ വേണുഗോപാൽ ബി ജെ പിയിലേക്ക് പോകുന്നത് ഇഡിയെ ഭയന്നാണെന്നും ഭർത്താവ് ഡോ. വേണുഗോപാലിനെ ഇഡി ചോദ്യം ചെയ്‌തിരുന്നുവെന്നും കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ നേരത്തെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സുരേന്ദ്രന്റെ മറുപടി.
കോൺഗ്രസിനെ വഞ്ചിച്ച് ബി ജെ പിയിൽ പോയെന്ന് ചിലർ പറയുന്നു. കോൺഗ്രസിനെ വഞ്ചിച്ച് സി പി എമ്മിൽ പോയവർക്ക് എങ്ങനെ ഇതു സാധിക്കുന്നുവെന്ന് സുരേന്ദ്രൻ ചോദിച്ചു. പത്മജ ബി ജെ പിയിൽ ചേരുന്നത് ഉപാധികളില്ലാതെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന അജൻഡയിൽ ആകൃഷ്ടരായി എല്ലാം സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബി ജെ പിയിൽ ചേരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബി ജെ പിയുമായി ചർച്ച നടത്തിയെന്ന സുരേന്ദ്രന്റെ ആരോപണം ബിന്ദു കൃഷ്ണ നിഷേധിച്ചു. താൻ അടിമുടി കോൺഗ്രസുകാരിയാണെന്നും പൊതുവായി ബി ജെ പി നേതാക്കളോട് സംസാരിക്കുമെന്നല്ലാതെ ഇങ്ങനെയൊരാവശ്യവുമായി ആരെയും കണ്ടിട്ടില്ലെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.