
ലണ്ടൻ: അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് ധാരാളം പണമെത്തുകയാണെങ്കിൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഭീമമായ തുക ലോട്ടറിയിലൂടെ ലഭിക്കുന്നവരുടെയും അവസ്ഥ ഇതുതന്നെയാണ്. ഇതോടെ മിക്കവരുടെയും ജീവിതം എപ്പോഴും സന്തോഷമുളളതായി മാറും. പക്ഷെ രണ്ട് പേരുടെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഒരു കോടി രൂപയുടെ ജാക്ക്പോട്ട് വിജയികളും ബ്രിട്ടൻ ദമ്പതികളുമായ ലീ ഡേവിസിന്റെയും കാരിയൻ കോപ്പെസ്റ്റികിന്റെയും ജീവിതത്തിലുണ്ടായ ചില നിർണായക സംഭവങ്ങളാണ് ദി ഡെയ്‌ലി സ്റ്റാർ എന്ന മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2017 സെപ്റ്റംബറിലാണ് ഇരുവരും ടിക്കറ്റെടുത്തത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരെ തേടിയെത്തിയത് സന്തോഷകരമായ വാർത്തയാണ്. ദമ്പതികൾക്ക് ടിക്കറ്റിന് സമ്മാനമായി ഒരു കോടി രൂപയാണ് ലഭിച്ചത്. 'ഒരു കോടി സമ്മാനമായി ലഭിച്ചത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നായിരുന്നുവെന്ന് ദമ്പതികൾ പറയുന്നു. പണമുപയോഗിച്ച് ഒരു വീട് വാങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. തുടർന്ന് വിവാഹിതരായി. കുറച്ച് പണമുപയോഗിച്ച് ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങി. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ചില ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി. കറുത്ത വസ്ത്രം ധരിച്ച കുറച്ച് പേർ വീട്ടിലെത്തി ഞങ്ങളെ ഭീഷണിപ്പെടുത്തി. ഒരാൾ മണിക്കൂറോളം കത്തിയുടെ മുൾമുനയിൽ നിർത്തി. ബാക്കിയുളളവർ വീട്ടിലെ വിലപിടിപ്പുളള സാധനങ്ങൾ കൈക്കലാക്കി' - ദമ്പതികൾ വെളിപ്പെടുത്തി.
മോഷ്ടാക്കൾ വീട്ടിൽ നിന്ന് കടന്നുകളഞ്ഞയുടൻ ദമ്പതികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാക്കൾ കുട്ടികളെ ഉപദ്രവിക്കാത്തതിന്റെ ആശ്വാസത്തിലായിരുന്നു ഇരുവരും. പ്രതികൾ നാല് ലക്ഷം വിലപിടിപ്പുളള നെക്ലൈസും 11 ലക്ഷം വിലയുളള ബ്രെയ്സ്ലേറ്റും, മൂന്ന് ഐ ഫോണുകളും കവർന്നു. ഇതോടെ ഭയപ്പെട്ട ദമ്പതികൾ വിവരം സുഹൃത്തുക്കളിൽ നിന്നും മറച്ചുവച്ചു. ഇതോടെ പല സംശങ്ങളും ദമ്പതികളിൽ ഉണ്ടായി. മോഷ്ടാക്കൾ തങ്ങൾക്ക് പരിചയമുളളവരാണെന്ന് ബലമായ സംശയത്തിലായിരുന്നു ഇരുവരും. സംഭവം നടന്നതിന്റെ ഞെട്ടൽ രണ്ടാഴ്ചയോളം ഞങ്ങൾക്കുണ്ടായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു.