ksrtc

തിരുവനന്തപുരം: തമ്പാനൂർ ബസ് ടെർമിനലിൽ വേനൽച്ചൂടിൽ നട്ടം തിരിയുകയാണ് നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള യാത്രക്കാർ. ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്ന കളിയിക്കാവിള, കാഞ്ഞിരംകുളം, പൂവാർ എന്നിവിടങ്ങളിലെ യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്. കെ.ടി.ഡി.എഫ്.സിയുടെ മേൽനോട്ടത്തിലുള്ള ബസ് ടെർമിനലിന്റെ മുൻവശത്താണ് നെയ്യാറ്റിൻകര ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ ബസിനായി കാത്തുനിൽക്കുന്നത്. ഷെൽറ്ററുകളോ ഇരിപ്പിടങ്ങളോ ഇല്ലാത്തതിനാൽ വർഷങ്ങളായി വെയിലത്തും മഴയത്തും കാത്തുനിന്നാണ് ജനങ്ങൾ യാത്രചെയ്യുന്നത്. തൂണുകളുടെയും ബസുകളുടെയും മറവിലാണ് നിലവിൽ യാത്രക്കാർ വെയിലേൽക്കാതിരിക്കാനായി കയറി നിൽക്കുന്നത്. മഴ പെയ്താൽ നനയുകയല്ലാതെ മറ്റു വഴിയില്ല. കോടികൾ മുടക്കിയാണ് തമ്പാനൂരിലെ ബസ് ടെർമിനൽ പണിതത്.


25 പ്ലാറ്റ്ഫോമുകളാണ് തമ്പാനൂരിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഉള്ളത്. ടെർമിനിലിനുള്ളിൽ ഷെൽറ്ററുകൾ ഉണ്ട്. കെ.എസ്.ആർ.ടി.സിയുടെ സൗകര്യാർത്ഥമാണ് നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്രോപ് പുറത്തേക്ക് മാറ്റിയത്. നഗരം സ്മാർട്ടായിട്ടും വെയിലേറ്റ് വാടാനാണ് ജില്ലയുടെ തെക്കുഭാഗത്തുള്ളവരുടെ വിധി. സിറ്റി സർവീസ് നടത്തുന്ന ഭാഗത്ത് ഷെൽറ്റർ ഉണ്ടെങ്കിലും ഇരിപ്പിടമില്ലാത്തതിനാൽ പ്രായമായവരുൾപ്പെടെ ദുരിതമനുഭവിക്കുകയാണ്.

പരസ്പരം പഴിചാരി

ടെർമിനലിനുള്ളിലൂടെയാണ് നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള സർവീസ് നടത്തേണ്ടതെന്നാണ് കെ.ടി.ഡി.എഫ്.സി അസിസ്റ്റന്റ് എൻജിനിയർ പറയുന്നത്. എന്നാൽ സൗകര്യക്കുറവുകാരണമാണ് ടെർമിനലിനു മുന്നിലേക്ക് സ്റ്റോപ് മാറ്രേണ്ടി വന്നതെന്നാണ് കെ.എസ്.ആർ.ടി.സി എ.ടി.ഒയുടെ വാദം.