
പലരുടെയും സ്വപ്നമാണ് നീളത്തിൽ നല്ല ഉള്ളോടെ വളരുന്ന തലമുടി. എന്നാൽ മുടി കൊഴിയുന്നതും പിന്നീട് വളരാതിരിക്കുന്നതും പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. ശരിയായ ഭക്ഷണക്രമത്തിലൂടെ ഈ പ്രശ്നത്തെ ഒരു പരിധിവരെ നമുക്ക് തടയാൻ കഴിയും. മാത്രമല്ല, മുടി വളരാനായി ഹെയർ സിറം പലരും ഉപയോഗിക്കാറുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഹെയർ സിറം മുടി കൊഴിയുന്നതിന് കാരണമാകുന്നു. പ്രകൃതിദത്ത രീതിയിലൂടെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഹെയർ സിറം ഉണ്ടാക്കാൻ കഴിയും. അത് എങ്ങനെയെന്നും ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയെന്നും നോക്കാം.
കറ്റാർവാഴ സിറം
മുടിയുടെ നീളം കൂടാനും കട്ടിയായി വളരാനും സഹായിക്കുന്ന സിറമാണിത്. കറ്റാർവാഴ ജെല്ലിലേക്ക് റോസ് വാട്ടർ, വൈറ്റമിൻ ഇ ഓയിൽ, വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കണം. ശേഷം ഒരു ബോട്ടിലിൽ അടച്ച് സൂക്ഷിക്കുക. ഫ്രിഡ്ജിൽ വയ്ക്കേണ്ട ആവശ്യമില്ല. ഉപയോഗിക്കുന്നതിന് മുമ്പ് ബോട്ടിൽ നന്നായി കുലുക്കണം മറക്കരുത്.
ജോജോബ സിറം
മുടി നന്നായി തിളങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ സിറം ഉപയോഗിക്കാവുന്നതാണ്. ജോജോബ ഓയിൽ, ഗ്രേപ് സീഡ് ഓയിൽ എന്നിവ മിക്സ് ചെയ്യുക. അതിലേക്ക് പെപ്പർമിന്റ് ഓയിൽ ചേർത്ത് വീണ്ടും യോജിപ്പിക്കുക. ശേഷം ഒരു ബോട്ടിലിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്.
റോസ് വാട്ടർ സിറം
എണ്ണമയമുള്ള തലയോട്ടിയാണെങ്കിൽ നിങ്ങൾക്ക് ധൈര്യമായി ഉപയോഗിക്കാൻ കഴിയുന്ന സിറമാണിത്. റോസ് വാട്ടറിലേക്ക് കുറച്ച് ആവണക്കെണ്ണ, ജോജോബ ഓയിൽ, കുറച്ച് ലാവെൻഡർ ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഫ്രിഡ്ജിൽ വച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.