curry-leaves-plant

ഏറെനാളത്തെ സ്വപ്‌നങ്ങൾക്കും കഠിനാധ്വാനങ്ങൾക്കും ശേഷമായിരിക്കും മിക്കവാറും പേരും സ്വന്തമായൊരു വീട് പണിയുന്നത്. ചിലർ വീട് വാങ്ങാറുമുണ്ട്. എന്നാൽ ഏറെ പ്രതീക്ഷകളോടെ താമസം തുടങ്ങിയ വീട്ടിൽ ദുരിതം ഒഴിയുന്നില്ലെങ്കിലോ? വീട് പണിയുമ്പോൾ ബഡ്‌ജറ്റ്, വീട്ടുസാധനങ്ങൾ തുടങ്ങിയവയെക്കുറിച്ച് ചിന്തിക്കുന്നതുപോലെ തന്നെ ഇന്ന് മിക്കവാറും പേരും പ്രാധാന്യം നൽകുന്ന ഒന്നാണ് വാസ്‌തു. കൃത്യമായ രീതിയിൽ വാസ്‌തുശാസ്ത്രം അനുസരിച്ച് വീടും പരിസരവും ക്രമീകരിച്ചില്ലെങ്കിൽ ദാരിദ്ര്യവും സമാധാനക്കേടും ഒഴിയില്ല.

വീടിനുള്ളിൽ വാസ്‌തു ശാസ്ത്രം അനുസരിച്ച് വീട്ടുപകരണങ്ങളും മറ്റും ക്രമീകരിക്കുന്നതുപോലെതന്നെ പ്രധാനമാണ് വീടിന് പുറത്ത് എന്തൊക്കെ ചെടികളും മറ്റും നടാമെന്നുള്ളത്. ഈശ്വരാധീനം വർദ്ധിക്കുന്നതിനും വീട്ടിൽ ദാരിദ്ര്യം മാറി ഐശ്വര്യവും സമ്പത്തും ഉണ്ടാകുന്നതിനും വാസ്‌തുശാസ്‌ത്രത്തിൽ നിഷ്‌കർഷിക്കുന്ന ചെടിയാണ് കറിവേപ്പില. മിക്കവാറും വീടുകളിലും സുലഭമായി കാണുന്ന ചെടിയാണിത്. കേരള വിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഇലയാണിത്. എന്നാൽ ഈ ഇലച്ചെടി കൃത്യമായ സ്ഥലത്ത് നട്ടുവളർത്തിയില്ലെങ്കിൽ ദുരിതങ്ങൾ വിട്ടൊഴിയില്ല.

ദോഷകരമായ ഘടകങ്ങളെ ഒഴിവാക്കാൻ കഴിവുള്ള ചെടിയാണിത്. എന്നാൽ വാസ്‌തുപ്രകാരം വീടിന്റെ അതിർത്തിക്ക് പുറത്തായാണ് ഈ ചെടി നട്ടുവളർത്തേണ്ടത്. വീടിനോട് ചേർന്ന് ഈ ചെടി നടരുത്. കറിവേപ്പില പൂവിടുന്നതിനുമുൻപ് തന്നെ ഒടിക്കണം. വീടിന്റെ വടക്കു- കിഴക്ക് മൂലയായ ഈശാനുകോണിൽ കറിവേപ്പില നടാൻ പാടില്ല. വീടിന്റെ തെക്കു- പടിഞ്ഞാറെ മൂലയായ കന്നിമൂലയിലും കറിവേപ്പില നടുന്നത് ദോഷകരമാണ്. തെക്ക്- കിഴക്ക് മൂലയിലും ഈ ചെടി പാടില്ല.

വീടിന്റെ പടിഞ്ഞാറെ ദിശയാണ് കറിവേപ്പില നടാൻ ഏറ്റവും അനുയോജ്യം. ഈ ദിശയിൽ കറിവേപ്പില നടുന്നത് ഐശ്വര്യവും സമൃദ്ധിയും നൽകും. കൂടാതെ കറിവേപ്പില നേരിട്ട് മറ്റുള്ളവരുടെ കൈയിൽ കൊടുക്കുന്നതും ദോഷകരമാണ്.