
നിക്ഷേപങ്ങളെന്നും നമുക്ക് വിലപ്പെട്ടതാണ്. ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് കൃത്യമായ രീതിയിൽ മാറ്റിവയ്ക്കുന്നതിന്റെ ഗുണങ്ങൾ ഭാവിയിൽ മാത്രമാണ് തിരിച്ചറിയാൻ സാധിക്കുക. പക്ഷെ പണം എവിടെ നിക്ഷേപിച്ചാലാണ് പലിശയിനത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നതെന്നും മനസിലാക്കുക കുറച്ച് പ്രയാസപ്പെട്ട കാര്യമാണെന്നാണ് പലരുടെയും കാഴ്ചപ്പാട്. എന്നാൽ ഇനി സംശയം വേണ്ട. നമ്മുടെ വരുമാനം കൃത്യമായും സുരക്ഷിതമായും നിക്ഷേപിക്കാൻ ഉചിതമായ സ്ഥലം പോസ്റ്റ് ഓഫീസുകളാണ്. നിക്ഷേപകർക്കായി മികച്ച തരത്തിലുളള പദ്ധതികളാണ് പോസ്റ്റ് ഓഫീസുകളിലുളളത്. എന്നാൽ അവയൊന്നും കൃത്യമായ രീതിയിൽ തിരിച്ചറിയാതെ പോകുന്നതാണ് നമ്മളുടെ പ്രശ്നം.
മുതിർന്നവർക്ക് പണം നിക്ഷേപിച്ച് മികച്ച വരുമാനം നേടിയെടുക്കാൻ സാധിക്കുന്ന ഒരു പദ്ധതി പോസ്റ്റ് ഓഫീസുകളിലുണ്ട്. അതെന്താണെന്ന് നോക്കാം. സീനിയർ സിറ്റീസൺ സേവിംഗ്സ് സ്‌കീം അക്കൗണ്ട് (എസ്‌സിഎസ്എസ്) എന്നാണ് ഈ നിക്ഷേപ പദ്ധതിയറിയപ്പെടുന്നത്. എസ്‌സിഎസ്എസിന്റെ കൂടുതൽ വിവരങ്ങളറിയാം.

എങ്ങനെയുളളവരാണ് എസ്‌സിഎസ്എസിലെ നിക്ഷേപകർ
മുതിർന്നവർക്കാണ് ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്, 60 വയസിന് മുകളിൽ പ്രായമുളളവർക്കോ 55 വയസിന് മുകളിൽ സർക്കാർ ജോലികളിൽ നിന്ന് വിരമിച്ചവർക്കോ സൈന്യത്തിൽ നിന്ന് വിരമിച്ച 50 വയസിന് മുകളിൽ പ്രായമുളളവർക്കോ നിക്ഷേപകരാകാം.
നിക്ഷേപ തുകയുടെ വിവരം
എസ്‌സിഎസ്എസിൽ 1000 രൂപ മുതലുളള നിക്ഷേപ പദ്ധതികളുണ്ട്. ആയിരത്തിന്റെ ഗുണിതങ്ങളായാണ് നിക്ഷേപം നടത്തേണ്ടത്. 30 ലക്ഷം രൂപ വരെ പദ്ധതിയിലേക്ക് നിക്ഷേപിക്കാവുന്നതാണ്.
പലിശ
നിങ്ങളുടെ നിക്ഷേപം എത്ര ചെറുതോ ആയിക്കോട്ടെ. നിക്ഷേപ തുകയുടെ 8.2 ശതമാനം പലിശയായി മൂന്ന് മാസത്തിലൊരിക്കൽ ലഭിക്കും. മുപ്പത് ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിച്ച തുകയെങ്കിൽ മൂന്ന് മാസത്തിലൊരിക്കൽ 61,500 രൂപയും വർഷത്തിൽ 2.46 ലക്ഷവും അഞ്ച് വർഷം കൊണ്ട് 12.30 ലക്ഷവും പലിശയിനത്തിൽ സ്വന്തമാക്കാം.
അക്കൗണ്ട് വിവരം
യോഗ്യരായവർക്ക് ഒറ്റയ്ക്കോ അല്ലെങ്കിൽ പങ്കാളിയോടൊപ്പമോ ജോയിന്റ് അക്കൗണ്ടുകൾ ആരംഭിക്കാം.
കാലാവധി
അഞ്ച് വർഷം വരെയാണ് എസ്‌സിഎസ്എസിന്റെ കാലാവധി. കാലാവധി പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി കാലയളവ് ഒരു വർഷത്തിനുളളിൽ മൂന്ന് വർഷം വരെ ദീർഘിപ്പിക്കാവുന്നതാണ്. പദ്ധതിയിലെ 1.50 ലക്ഷം വരെയുളള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി അനുസരിച്ച് നികുതിയിൽ ഇളവുണ്ട്. ലഭിക്കുന്ന പലിശ 50,000 രൂപ വരെയാണെങ്കിൽ അതിൽ ഇളവുണ്ട്. എന്നാൽ 50,000ൽ കൂടുതലാണെങ്കിൽ നിക്ഷേപകർ നികുതി അടയ്‌ക്കേണ്ടി വരും.