d

 സി.പി.എമ്മിന് ആയുധം
 ബി.ജെ.പിക്ക് ആഹ്ളാദം

തിരുവനന്തപുരം: ലീഡർ കെ.കരുണാകരന്റെ മകൾ പത്മജയുടെ അപ്രതീക്ഷിത ബി.ജെ.പി പ്രവേശം പാർലമെന്റ് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസിന് കനത്ത ആഘാതമായപ്പോൾ, നല്ലൊരു പ്രചാരണായുധം വീണുകിട്ടിയതിന്റെ ഉണർവിലാണ് ഇടതുക്യാമ്പ്. പ്രത്യേകിച്ച്, സിദ്ധാർത്ഥ് വിഷയത്തിലും വന്യജീവി ആക്രമണങ്ങളിലും സി.പി.എമ്മും മുന്നണിയും കടുത്ത പ്രതിരോധം നേരിടുമ്പോൾ. അതേസമയം, എ.കെ. ആന്റണിയുടെ മകനു പിന്നാലെ ലീഡറുടെ മകളും വന്നത് ആഘോഷമാക്കുകയാണ് ബി.ജെ.പി.

തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് തുടങ്ങിയതു മുതൽ ഉത്തരേന്ത്യയിൽ ബി.ജെ.പിയിലേക്ക് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഒഴുക്കാണെങ്കിലും കേരളം പൊതുവെ വേറിട്ടു നിന്നു. സംസ്ഥാനത്തെ നേതാക്കളിലൊരാളും ബി.ജെ.പിയുടെ ചൂണ്ടയിൽ കൊത്തില്ലെന്ന് ഊറ്റം കൊള്ളുകയായിരുന്നു കെ.പി.സി.സി നേത‌ൃത്വം. അതാണ് തെറ്റിയത്.

സംഘപരിവാർ ശക്തികളെ ചെറുത്തു തോൽപ്പിക്കാനും, മത ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പു വരുത്താനുമുള്ള കരുത്ത് തങ്ങൾക്കാണെന്ന പ്രചാരണമാണ് 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സൃഷ്ടിച്ച തരംഗവും, ശബരിമല വിഷയത്തിലെ മതവികാരവും ഒപ്പം ചേർന്നപ്പോൾ 20ൽ 19 സീറ്റിലും യു.ഡി.എഫ് കൊടിപാറിച്ചു.

പക്ഷേ 2024ലെ തിരഞ്ഞെടുപ്പിൽ ചിത്രം മാറുകയാണ്. ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലെന്ന് ഊറ്റംകൊള്ളാനാവാത്ത സ്ഥിതിയിലാണ് കോൺഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉത്തരേന്ത്യയിൽ ചെറുസംസ്ഥാനമായ ഹിമാചലിൽ മാത്രമായി കോൺഗ്രസ് ഭരണം ഒതുങ്ങി. ഹിമാചൽ സർക്കാരിനെ ബി.ജെ.പി വീഴ്ത്തുമെന്ന നിലയിലും.

ചെറുതാക്കി ആശ്വസിക്കാൻ

ശ്രമിച്ച് കോൺഗ്രസ്

അനിൽ അന്റണിയും പത്മജയും പാർട്ടിയിൽ ആരുമല്ലായിരുന്നു, വിട്ടുപോയാൽ ഒന്നും സംഭവിക്കില്ല എന്നൊക്കെപ്പറഞ്ഞ് നിസാരവത്കരിക്കാനാണ് കോൺഗ്രസ് ശ്രമം. പക്ഷേ, സംസ്ഥാന കോൺഗ്രസിന്റെ ശക്തിദുർഗ്ഗങ്ങളായിരുന്ന കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കളാണ് ശത്രു കൂടാരത്തിലെത്തിയത്. പൊതുജനം കാണുന്നത് ഈ കണ്ണിലാണ്. അതുയർത്തുന്ന വിശ്വാസ്യതയുടെയും ധാർമ്മികതയുടെയും പ്രശ്നം ചെറുതല്ല.

മുസ്ലിം, ക്രിസ്ത്യൻ വോട്ട്

കണ്ണുവച്ച് സി.പി.എം

ഇരുവരുടെയും ബി.ജെ.പി പ്രവേശം മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിലെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള സുവർണാവസരമായാണ് സി.പി.എം കാണുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥികളെ ജയിപ്പിച്ചാലും അവർ നാളെ ബി.ജെ.പിയിലേക്ക് പോവില്ലെന്നതിന് എന്താണ് ഉറപ്പെന്ന അമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എയ്തുകഴിഞ്ഞു. സാഹചര്യം മുതലെടുക്കാനുള്ള തന്ത്രങ്ങൾക്ക് ഇന്നുചേരുന്ന എൽ.ഡി.എഫ് യോഗം രൂപം നൽകും.

തുടക്കം മാത്രമെന്ന്

പ്രഖ്യാപിച്ച് ബി.ജെ.പി

കോൺഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന ബി.ജെ.പി അമിതാവേശത്തിലാണ്. ദക്ഷിണേന്ത്യയിൽ ഇടിച്ചുകയറാനുള്ള കരുക്കൾ നീക്കുന്ന നേതൃത്വത്തിന് ഇത് ദേശീയ തലത്തിലും ആയുധമാണ്. കേരളത്തിലെ കോൺഗ്രസിൽ നിന്ന് പാർട്ടിയിലേക്കുള്ള ഒഴുക്ക് തുടങ്ങിയിട്ടേയുള്ളൂവെന്ന ബി.ജെ.പി നേതാക്കളുടെ പ്രതികരണം ഉന്നം വച്ചാണ്. കോൺഗ്രസ് പ്രവർത്തകരിൽ അങ്കലാപ്പുണ്ടാക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. വമ്പൻമാർ ചാടുമെന്ന സൂചനയുമായി.