
നാഗ്പൂർ: മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള യു.എ.പി.എ കേസിൽ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ
പ്രൊഫസർ ജി.എൻ സായിബാബ ജയിൽ മോചിതനായി. പത്തു വർഷത്തിനു ശേഷമാണ് നാഗ്പൂർ സെൻട്രൽ ജയിലിൽ നിന്ന് മോചിതനായത്. ജയിലിന് പുറത്ത് കുടുംബാംഗം കാത്തുനിൽപ്പുണ്ടായിരുന്നു. ആരാഗ്യപ്രശ്നങ്ങളുണ്ടെന്നും ചികിത്സയ്ക്ക് ശേഷമേ പ്രതികരിക്കാനാകു എന്നും സായിബാബ പ്രതികരിച്ചു. എന്റെ ആരോഗ്യം വളരെ മോശമാണ്. വൈദ്യ ചികിത്സ വേണം. അതിനുശേഷമേ സംസാരിക്കാനാകു- അദ്ദേഹം പറഞ്ഞു.
2017ൽ മഹാരാഷ്ട്ര ഗഡ്ചിറോളിയിലെ വിചാരണക്കോടതി അഞ്ച് പ്രതികൾക്ക് വിധിച്ച ജീവപര്യന്തം കഠിനതടവും ഒരു പ്രതിക്ക് വിധിച്ച പത്തുവർഷം തടവുശിക്ഷയും ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ച് റദ്ദാക്കുകയായിരുന്നു. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് വിധി പുറപ്പെടുവിച്ചത്. ഡൽഹി സർവകലാശാലയിൽ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്ന അദ്ദേഹത്തെ കേസിനെ തുടർന്ന് സർവീസിൽ നിന്ന് നീക്കം ചെയ്തിരുന്നു. മാവോയിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന നിരോധിത സംഘടന സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയവയുമായി ബന്ധമുണ്ടെന്ന ആരോപണത്തിലാണ് സായിബാബ 2014ൽ അറസ്റ്റിലായത്. അന്നുമുതൽ ജയിലിലാണ്. കേസിൽ മഹാരാഷ്ട്ര സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.