
തിരുവനന്തപുരം: കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് വി സി ഡോ. എം കെ ജയരാജ്, സംസ്‌കൃത വി സി ഡോ.എം വി നാരായണൻ എന്നിവരാണ് പുറത്തായത്. യുജിസി മാനദണ്ഡം പാലിക്കാതെ നിയമിച്ചതിന്റെ പേരിലാണ് നടപടി. ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരായ ഡോ.സജി ഗോപിനാഥ്, മുബാറക് പാഷ എന്നിവരുടെ കാര്യത്തിൽ രാജ്‌ഭവൻ യുജിസിയുടെ അഭിപ്രായം തേടി.
സേർച്ച് കമ്മിറ്റിയിൽ ഒറ്റപ്പേര് മാത്രം വന്നതാണ് സംസ്‌കൃത വിസിയുടെ പുറത്താകലിന് കാരണമായത്. സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി ഉണ്ടായതാണ് കാലിക്കറ്റ് വിസിയുടെ പുറത്താകലിലേയ്ക്ക് എത്തിയത്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി സി മുബാറക് പാഷാ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിട്ടില്ല.
വി സിമാരെ പുറത്താക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്നലെ രാജ്ഭവനിൽ പൂർത്തിയായിരുന്നു. നാലുപേരുടെയും നിയമനം അസാധുവാണെന്ന് യുജിസി ഗവർണറെ അറിയിച്ചിരുന്നു. അതിനാലാണ് പാഷയുടെ രാജിക്കത്ത് സ്വീകരിക്കാതിരുന്നത്. സജി ഗോപിനാഥിനാണ് സാങ്കേതിക വാഴ്സിറ്റിയുടെയും വി സിയുടെ ചുമതല. പുറത്താക്കിയാൽ രണ്ട് വാഴ്‌സിറ്റികൾക്കും വി സി ഇല്ലാതാവും.
യുജിസി പ്രതിനിധിയുൾപ്പെട്ട കമ്മിറ്റിയില്ലാതെ നിയമിച്ചതാണ് ഓപ്പൺ, ഡിജിറ്റൽ വിസിമാർക്ക് കുരുക്കായത്. ഓപ്പൺ വി സിക്ക് പ്രൊഫസറായി 10 വർഷത്തെ പരിചയവുമില്ല. നിയമനത്തിനുള്ള കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി അംഗമായതാണ് കാലിക്കറ്റ് വി സി പുറത്താകാൻ കാരണമായത്. നിയമനത്തിന് പാനലിന് പകരം ഒറ്റപ്പേര് നൽകിയതാണ് സംസ്കൃത വി.സിക്ക് പുറത്തേക്കുള്ള വഴിതെളിച്ചത്.
വി സിമാരെ പുറത്താക്കിയാലും അപ്പീലിന് 10 ദിവസം നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. നേരത്തേ സാങ്കേതികം, ഫിഷറീസ്, കണ്ണൂർ വി സിമാരെ നിയമനത്തിൽ അപാകത കണ്ടെത്തി കോടതികൾ പുറത്താക്കിയിരുന്നു. മുൻപ് എം.ജി വി സിയായിരുന്ന എ വി ജോർജിനെ ഗവർണറായിരുന്ന ഷീലാദീക്ഷിത് പുറത്താക്കിയിരുന്നു.