pic

ഗ്രഹങ്ങളിലെ ഗർത്തങ്ങളെ പറ്റി കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. മനുഷ്യർ ആകാശ ഗോളങ്ങളിൽ കണ്ടെത്തുന്ന ഗർത്തങ്ങൾക്ക് തിരിച്ചറിയാൻ ഓരോ പേര് നൽകാറുണ്ട്. ബഹിരാകാശ ശാസ്ത്രത്തിന് പുറത്തുള്ള പ്രശസ്തരായ വനിതകളുടെ പേരും ഇതിൽപ്പെടുന്നു.

പോളിഷ് ഫ്രഞ്ച് ശാസ്ത്രജ്ഞയായ മേരി ക്യൂറിയുടെ പേരിലുള്ള ചൊവ്വയിലെ സ്ക്‌ലോ‌ഡോവ്‌സ്ക ഗർത്തം ( മേരി ക്യൂറിയുടെ യഥാർത്ഥ പേര് മരിയ സലോമിയ സ്ക്‌ലോ‌ഡോവ്‌സ്ക എന്നാണ് ), 10ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് എഴുത്തുകാരി ആണ്ടാളിന്റെ പേരിൽ ബുധനിലുള്ള ആണ്ടാൾ ഗർത്തം, ഇന്ത്യൻ ചിത്രകാരി അമൃത ഷേർഗില്ലിന്റെ പേരിലുള്ള ഷേർഗിൽ ഗർത്തം, ശുക്രനിൽ അമേരിക്കൻ കവയിത്രി എമിലി ഡിക്കിൻസണിന്റെ പേരിലുള്ള ഡിക്കിൻസൺ ഗർത്തം, ബ്രിട്ടീഷ് നോവലിസ്റ്റ് ജെയ്ൻ ഓസ്റ്റിന്റെ പേരിലുള്ള ഓസ്റ്റിൻ ഗർത്തം, സംഘകാല തമിഴ് കവയിത്രി ഔവ്വയാറിന്റെ പേരിലുള്ള ഔവ്വയാർ ഗർത്തം തുടങ്ങിയവ ഉദാഹരണങ്ങളാണ്.

അതേ സമയം, ബഹിരാകാശ ശാസ്ത്ര രംഗത്ത് നിന്ന് ജൂഡിത് റെസ്നിക്, ഷാരോൺ ക്രിസ്റ്റ മക്കൊലിഫ്, കല്പന ചൗള, ലോറൽ ബ്ലെയർ സാൾട്ടൺ ക്ലാർക്ക്, വാലന്റീന തെരഷ്കോവ, ഡൊറോത്തി വോഗൻ എന്നിവരുടെ പേരിൽ ചന്ദ്രനിൽ ഗർത്തങ്ങളുണ്ട്.

സ്റ്റെഫനി വിൽസണും ഹിഗ്ഗിൻബോതവും

(103738) സ്റ്റെഫനി വിൽസൺ, (103739) ഹിഗ്ഗിൻബോതം എന്നീ ഛിന്നഗ്രഹ നാമങ്ങൾ ബഹിരാകാശ രംഗത്തിന് നിർണായക സംഭാവനകൾ നൽകിയ രണ്ട് വനിതകളുടേതാണ്. 1996ലാണ് ഇരുവരും നാസയുടെ ഭാഗമായത്. 2007 വരെയുള്ള കാലയളവിൽ 53 സ്പേസ് ഷട്ടിൽ വിക്ഷേപണങ്ങളുടെ ഭാഗമായി ഇലക്ട്രിക്കൽ എഞ്ചിനിയറായ ജോവാൻ ഹിഗ്ഗിൻബോതം. ഡിസ്കവറി സ്പേസ് ഷട്ടിലിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും ഹിഗ്ഗിൻബോതം സഞ്ചരിച്ചിട്ടുണ്ട്.

എയറോ സ്പേസ് എഞ്ചിനിയറായ സ്റ്റെഫനി വിൽസൺ ആദ്യം ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടിയിലായിരുന്നു ജോലി. പിന്നീട്, മൂന്ന് തവണ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തി. നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസ് ടീമിൽ സ്റ്റെഫനിയുമുണ്ട്. ചന്ദ്രനിലേക്ക് ആദ്യമായി ഒരു സ്ത്രീയെ എത്തിക്കുക എന്ന ലക്ഷ്യമിടുന്ന ആർട്ടെമിസ് മിഷനായി പരിഗണനയിലുള്ള വനിത ബഹിരാകാശ സഞ്ചാരികളുടെ കൂട്ടത്തിൽ മുൻനിരയിലാണ് സ്റ്റെഫനി.