benga

ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്തുവിട്ടു.

ബി.എം.ടി.സി ബസിൽ യാത്ര ചെയ്യുന്ന സിസിടിവിയിൽ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. തൊപ്പിയും മാസ്‌കും ധരിക്കാതെയുള്ള ചിത്രമാണ് പുറത്തുവിട്ടത്. ബോംബ് വച്ച് തിരികെ പോകുന്ന വഴി ഇയാൾ വസ്ത്രം മാറിയിട്ടുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തി. കഫേയിൽ വന്നപ്പോൾ ഇയാൾ ധരിച്ചിരുന്ന തൊപ്പി വഴിയരികിൽ ഉപക്ഷിച്ചത് കണ്ടെടുത്തു. ഒന്നിലധികം ബി.എം.ടി.സി ബസുകളിൽ ഇയാൾ സഞ്ചരിച്ചിട്ടുമുണ്ട്. മാത്രമല്ല,​ കഫേയിൽ നിന്ന് തിരികെ പോകുന്ന വഴി ഒരു ആരാധനാലയത്തിൽ കയറിയിട്ടുണ്ട്. 11.43ന് കഫേയിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ ഒരു കിലോമീറ്ററോളം ദൂരെയുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നു. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. അവിടെ നിന്ന് എങ്ങോട്ടാണ് ഇയാൾ സഞ്ചരിച്ചതെന്ന് പരിശോധിച്ചുവരികയാണ്.

അതേസമയം,​ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു. തമാകൂരിലേക്ക് ഇയാൾ സഞ്ചരിച്ചെന്നാണ് കരുതുന്നത്. നീക്കങ്ങൾ നിരീക്ഷിക്കുകയാണ്. ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല.പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മാർച്ച് ഒന്നിന് നടന്ന സ്‌ഫോടനത്തിൽ പത്ത് പേർക്കാണ് പരിക്കേറ്റത്.