c

കേരളീയ പൊതുസമൂഹത്തിന്റെ ചർച്ചയിൽ പുതുതായി രൂപപ്പെട്ട വിഷയമാണ് മനുഷ്യ- വന്യജീവി സംഘർഷം. മനുഷ്യവാസത്തിനോ മനുഷ്യജീവിതത്തിനോ അലോസരമുണ്ടാക്കാതെ,​ കാടുകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന മൃഗങ്ങൾ കാടിന്റെ അതിർത്തി കടന്ന് പട്ടണമദ്ധ്യത്തു വരെയെത്തി ആക്രമണകാരികളാകുന്നതിന്റെ ഉദാഹരണങ്ങളാണ് കുറച്ചുകാലമായി കേൾക്കുന്നത്. വല്ലപ്പോഴുമുള്ള കാട്ടാനശല്യത്തിൽ ഒതുങ്ങിനിന്നിരുന്ന വിഷയമാണ് കടുവ,​ പുലി,​ കാട്ടുപോത്ത്,​ കാട്ടുപന്നി തുടങ്ങിയയുടെ കാടിറക്കത്തിലൂടെ കുറേക്കൂടി ഗുരുതര സ്വഭാവമുള്ളതായി മാറുകയും,​ വനങ്ങളുള്ള ജില്ലകളിൽ പൊതുനിരത്തുകളിൽപ്പോലും മനുഷ്യർക്ക് പേടികൂടാതെ സഞ്ചരിക്കാനോ,​ വീടുകളിൽ സമാധാനത്തോടെ രാത്രി കിടന്നുറങ്ങാനോ കഴിയാത്ത വിധം ഉത്കണ്ഠയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരിക്കുന്നത്. വന്യജീവി ആക്രമണത്തിൽ അടുത്തിടെയുണ്ടായ ദാരുണ മരണങ്ങൾ കണക്കിലെടുത്തും,​ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജനകീയ പ്രതിഷേധം പരിഗണിച്ചും മനുഷ്യ- വന്യജീവി സംഘർഷത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയും ചെയ്തു.

വന്യജീവികൾ കാടുവിട്ട് നാട്ടിലിറങ്ങുന്നതിനും മനുഷ്യവാസമുള്ള കേന്ദ്രങ്ങളിൽ വിഹരിക്കുന്നതിനും വനഭൂമിയിലെ അനിയന്ത്രിതമായ കൈയേറ്റവും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെ കാരണങ്ങൾ പലതുണ്ട്. കാരണം തിരയലല്ല,​ പരിഹാരം തേടലാണ് ഇപ്പോൾ അടിയന്തരമായി വേണ്ടത്. മനുഷ്യ- വന്യജീവി സംഘർഷം പതിവാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ചചെയ്യാൻ ചേർന്ന ഉന്നതതല യോഗവും മന്ത്രിസഭായോഗവും കുറേ തീരുമാനങ്ങളെടുക്കുകയും ചില നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അന്തർദ്ദേശീയ,​ ദേശീയ വിദഗ്ദ്ധർ ഉൾപ്പെട്ട സമിതി,​ സംസ്ഥാനതല സമിതി,​ നിയന്ത്രണ സമിതി,​ ജില്ലാ- പ്രാദേശിക സമിതികൾ എന്നിങ്ങനെ കുറേ സമിതികളുടെ രൂപീകരണമാണ് തീരുമാനങ്ങളിൽ ഒരു ഭാഗം. നിർഭാഗ്യവശാൽ,​ ഇത്തരം സമിതികളെ പേടിയുള്ളവരല്ല വന്യമൃഗങ്ങൾ! വന്യജീവി പ്രതിരോധത്തിന് ഈ സമിതികൾക്ക് ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിമിതിയുമുണ്ട്.


അതേസമയം,​ മനുഷ്യ- വന്യജീവി സംഘർഷത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നതുകൊണ്ട് ഇരകൾക്ക് താമസംകൂടാതെ നഷ്ടപരിഹാരം നൽകാൻ കഴിയുമെന്നത് ഉൾപ്പെടെ പല പ്രയോജനങ്ങളുമുണ്ട്. ദുരന്തങ്ങളുണ്ടാകുന്ന വേളയിൽ ആ മേഖലയിലെ ഏകോപന ചുമതല ദുരന്ത നിവാരണ അതോറിട്ടിക്കായിരിക്കും. അതോറിട്ടിക്ക് കേന്ദ്രം നൽകുന്ന ഫണ്ടിൽ നിന്ന് നിശ്ചിത ശതമാനം തുക നഷ്ടപരിഹാരത്തിനുൾപ്പെടെ ഉപയോഗിക്കാനാകും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള പണവും വിനിയോഗിക്കാം. വന്യജീവി ആക്രമണങ്ങൾക്ക് ഇരകളാകുന്നവരുടെ ബാങ്ക് വായ്പാ ബാദ്ധ്യത ഇളവുചെയ്യാനും ഇത് ഉപകരിക്കും. അതേസമയം,​ വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ വൈദ്യുതി വേലി സ്ഥാപിക്കുന്നത് ഉൾപ്പെടെ പല കാര്യങ്ങളും ചെയ്യാൻ പൊതുജനങ്ങളുടെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും.

അതിന് മികച്ച ഉദാഹരണമാണ് വയനാട് ജില്ലയിലെ വൈത്തിരി പഞ്ചായത്ത് ഒരു വർഷം മുമ്പ് വിജയകരമായി നടപ്പാക്കിയ ജനകീയ ഫെൻസിംഗ് പദ്ധതി. വീടുകളിൽ നിന്നും റിസോർട്ടുകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ധനസഹായം സ്വീകരിച്ച് ഏഴു കിലോമീറ്റർ നീളത്തീൽ വൈദ്യുതി വേലി സ്ഥാപിച്ച പഞ്ചായത്ത്,​ ജനകീയ സഹായത്തോടെ അതിന്റെ പരിപാലനവും നിർവഹിക്കുന്നു. വേലി സ്ഥാപിച്ചതിനു ശേഷം ഈ മേഖലയിൽ ഇന്നോളം വന്യമൃഗശല്യമുണ്ടായിട്ടില്ല! എട്ടു കിലോമീറ്റർ ദൈർഘ്യത്തിൽക്കൂടി വേലി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് വൈത്തിരി പഞ്ചായത്ത്. സർക്കാർ സഹായമില്ലാതെ നടപ്പാക്കിയ ഈ പദ്ധതി,​ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങൾ കാരണം എല്ലായിടത്തും ഇതേ മാതൃകയിൽ നടപ്പാക്കാൻ പല ബുദ്ധിമുട്ടുകളുമുണ്ടാകാം. എന്നാൽ,​ എല്ലാറ്റിനും സർക്കാർ പദ്ധതിക്കും നടപടിക്കും നിർബന്ധം പിടിക്കുന്നതിനിടെ,​ ഇങ്ങനെയും ചിലത് ആകാമെന്ന് ഓർമ്മിപ്പിക്കുകയാണ് വൈത്തിരിയിലെ ജനകീയ മോഡൽ. കാരണം മരണശേഷമുള്ള സർക്കാർ നഷ്ടപരിഹാരമല്ല,​ മരണഭയമില്ലാതെ കിടന്നുറങ്ങാമെന്ന സുരക്ഷിതത്വ ബോധമാണ് ജനങ്ങൾക്കു വലുത്.