
കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വർണ വില പുതിയ ഉയരങ്ങൾ കീഴടക്കി കുതിക്കുന്നു. ഇന്നലെ പവൻ വില 320 രൂപ വർദ്ധിച്ച് 48,080 രൂപയിലെത്തി. ഗ്രാമിന് വില 40 രൂപ ഉയർന്ന് 6,010 രൂപയിലെത്തി. കഴിഞ്ഞ വർഷം ഡിസംബറിലെ റെക്കാഡ് വില സ്വർണം ചൊവ്വാഴ്ച മറികടന്നിരുന്നു. ആഗോള മേഖലയിലെ അനുകൂല വാർത്തകളുടെ കരുത്തിലാണ് സ്വർണ വില കുതിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ പവന് 1,080 രൂപയാണ് കൂടിയത്.
ആഗോള ധനകാര്യ മേഖലയിൽ അനിശ്ചിതത്വം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂടുകയാണ്. അമേരിക്കയിലും യൂറോപ്പിലും നാണയപ്പെരുപ്പം പൂർണമായും നിയന്ത്രണ വിധേയമാകാത്തതാണ് നിക്ഷേപകർക്ക് ആശങ്ക സൃഷ്ടിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2135 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ആറു മാസത്തെ ഉയർന്ന നിരക്കിൽ രൂപ
കൊച്ചി: വിദേശ നിക്ഷേപ ഒഴുക്കും കയറ്റുമതിക്കാരുടെ ഡോളർ വില്പനയും രൂപയുടെ മൂല്യം ആറ് മാസത്തിനിടെയിലെ ഉയർന്ന നിരക്കിലെത്തിച്ചു. അമേരിക്കൻ തൊഴിൽ മേഖലയിലെ തളർച്ചയും ഏഷ്യൻ നാണയങ്ങൾ കരുത്ത് നേടുമെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനയുമാണ് രൂപയ്ക്ക് ശക്തിപകർന്നത്. സാമ്പത്തിക തളർച്ച മറികടക്കാൻ അമേരിക്ക ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. ഇന്നലെ ഒരവസരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.73 വരെ ഉയർന്നിരുന്നു. പൊതുമേഖലാ ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ നിന്നും ഡോളർ വാങ്ങിയതോടെ രൂപയുടെ മൂല്യം 82.78ലേക്ക് താഴ്ന്നു.