
ഇറ്റാനഗർ: ഇക്കുറി സന്തോഷ്ട്രോഫി ഫുട്ബാളിന്റെ ഫൈനലിൽ സർവീസസും ഗോവയും ഏറ്റുമുട്ടും. ആദ്യസെമിയിൽ മിസോറാമിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സർവീസസ് ഫൈനലിലെത്തിയത്. ഇത് 12-ാം തവണയാണ് സർവീസസ് ഫൈനലിലെത്തുന്നത്. രണ്ടാം സെമിയിൽ ഇൻജുറി ടൈംവരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം നാടകീയമായി വിജയം നേടിയാണ് ഗോവ ഫൈനലിലെത്തിയത്. 18-ാം മിനിട്ടിൽ മുന്നിലെത്തിയിരുന്ന മണിപ്പൂരിനെ ഫൈനൽ വിസിലിന് തൊട്ടുമുമ്പ് നേസിയോ ഫെർണാണ്ടസിന്റെ ഗോളിലാണ് ഗോവ സമനിലയിൽ പിടിച്ചത്. തുർടന്ന് എക്സ്ട്രാ ടൈമിലേക്ക് കടന്ന കളിയുടെ 117-ാം മിനിട്ടിൽ നേസിയോ തന്നെയാണ് ഗോവയുടെ വിജയഗോളും നേടിയത്.
ഇന്നലെ നടന്ന ആദ്യ സെമിയുടെ 21-ാം മിനിട്ടിൽ മലയാളി താരം രാഹുൽ രാമകൃഷ്ണനും 83-ാം മിനിട്ടിൽ ബികാഷ് ഥാപ്പയും നേടിയ ഗോളുകൾക്കാണ് സർവീസസ് മിസോറാമിനെ കീഴടക്കിയത്. പകരക്കാരനായി ഇറങ്ങിയ മാൽസംഫെലയാണ് ഇൻജുറി ടൈമിൽ ഫ്രീ കിക്കിലൂടെ മിസോറമിനായി ആശ്വാസഗോൾനേടിയത്. ക്വാർട്ടറിൽ കേരളത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് മിസോറാം സെമിയിലെത്തിയിരുന്നത്.
മലയാളിക്കരുത്ത്
മലയാളി മികവിലാണ് ഇന്നലെ സർവീസസ് മിസോറാമിനെ മറികടന്നത്. ആദ്യ ഗോളടിച്ച രാഹുലിനെക്കൂടാതെ ഡിഫൻഡർ ഷഫീലും വിജയത്തിൽ പ്രധാനപങ്കുവഹിച്ചു. കളിയിലുടനീളം എതിർടീം മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ഇൻജുറി ടൈമിൽ മിസോറമിന്റെ സമനില ഗോളെന്നുറച്ച ശ്രമം ഗോൾലൈൻ സേവിലൂടെ വിഫലമാക്കുകയും ചെയ്തത് കോഴിക്കോട് കപ്പക്കൽ സ്വദേശിയായ പി.പി ഷഫീലാണ്. മണിപ്പുർ - ഗോവ സെമിയിലെ വിജയികളെയാണ് ശനിയാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസ് നേരിടുന്നത്.
21-ാം മിനിട്ടിൽ തന്നെ രാഹുൽ രാമകൃഷ്ണനിലൂടെ സർവീസസ് മുന്നിലെത്തി. ആദ്യ ഇലവനിൽ ഒരു സ്‌ട്രൈക്കർ പോലുമില്ലാതെയാണ് സർവീസസ് കളത്തിലിറങ്ങിയതെങ്കിലും ആദ്യ 30 മിനിട്ടിനുള്ളിൽ തന്നെ ഗോൾ നേടാൻ അവർക്കായി. ശുഭം റാണ ബോക്‌സിലേക്ക് നൽകിയ ക്രോസ് പിടിച്ചെടുത്ത രാഹുൽ മൂന്ന് മിസോറാം ഡിഫൻഡർമാരെ കാഴ്ചക്കാരാക്കി ഇടംകാലൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
പതിവുപോലെ 4-2-4 ശൈലിയിലിറങ്ങിയ മിസോറാമിന്റെ മുന്നേറ്റങ്ങൾ മധ്യനിരയിൽ തന്നെ വിഫലമാക്കാൻ സാധിച്ചതോടെ സർവീസസ് കളിയിൽ ആധിപത്യമുറപ്പിക്കുകയായിരുന്നു. പിന്നാലെ 83-ാം മിനിട്ടിൽ മിസോറാം താരത്തിന്റെ ബാക്ക്പാസ് ഗോളിയിൽ നിന്ന് ഒരു സ്ലൈഡിംഗ് ടാക്കിളിലൂടെ പിടിച്ചെടുത്ത് ബികാഷ് ഥാപ്പ സർവീസസിന്റെ ലീഡുയർത്തി. ഉടനീളം സർവീസസിന്റെ ആധിപത്യം കണ്ട മത്സരം പക്ഷേ 88 മിനിറ്റിന് ശേഷം ചൂടുപിടിച്ചു. 71-ാം മിനിട്ടിൽ മിസോറമിനായി പകരക്കാരനായി ഇറങ്ങിയ മാൽസംഫെലയാണ് കളി കാര്യമാക്കിയത്. താരത്തിന്റെ പരുക്കൻ കളി പലപ്പോഴും താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കെത്തിച്ചു. 88-ാം മിനിട്ടിൽ മാൽസംഫെലയുമായി ഏറ്റുമുട്ടിയ സർവീസസ് ഡിഫൻഡർ സോഥാൻപുയിയ ചുവപ്പുകാർഡ് കണ്ട് പുറത്തായി.
തുടർന്ന് മിസോറാം ആക്രമണങ്ങൾ കടുപ്പിച്ചതോടെ സർവീസസ് പ്രതിരോധത്തിലായി. പിന്നാലെ ബോക്‌സിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ച് മാൽസംഫെല മിസോറാമിനായി ഗോൾ മടക്കി. എട്ടു മിനിട്ട് നീണ്ട അധിക സമയമത്രയും 10 പേരായി ചുരുങ്ങിയ സർവീസസിനെതിരേ മിസോറാം ആക്രമിച്ച് കയറുകയായിരുന്നു. ഇതിനിടെയാണ് മിസോറാമിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോൾലൈനിൽ വെച്ച് തട്ടിയകറ്റി ഷഫീൽ രക്ഷകനായത്.