
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദ പ്രീക്വാർട്ടറിൽ എഫ്.സി കോപ്പൻ ഹേഗനെതിരെ 3-1ന്റെ വിജയം നേടി സിറ്റി അവസാന എട്ടിലെത്തിയപ്പോൾ റയൽ 1-1ന് ആർ.ബി ലെയ്പ്സിഗുമായി സമനിലയിൽ പിരിഞ്ഞെങ്കിലും ആദ്യ പാദത്തിൽ 1-0ത്തിന് വിജയിച്ചിരുന്നതിന്റെ മികവിൽ 2-1 എന്ന ആകെ ഗോൾ മാർജിനിൽ ക്വാർട്ടറിൽ കടക്കുകയായിരുന്നു.
ആദ്യ പാദത്തിൽ കോപ്പൻ ഹേഗന്റെ തട്ടകത്തിൽ ചെന്ന് 3-1ന്റെ വിജയം നേടിയിരുന്ന മാഞ്ചസ്റ്റർ സിറ്റി രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിലും ഇതേ മാർജിൻ ആവർത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽതന്നെയാണ് സിറ്റി മൂന്നുഗോളുകളും നേടിയത്. അഞ്ചാം മിനിട്ടിൽ മാനുവേൽ അകാൻജിയാണ് ഗോളടി തുടങ്ങിവച്ചത്. ഒൻപതാം മിനിട്ടിൽ ജൂലിയാൻ അൽവാരസ് രണ്ടാം ഗോൾ നേടി. 29-ാം മിനിട്ടിൽ മുഹമ്മദ് എലിയോനോസിയാണ് കോപ്പൻഹേഗന് വേണ്ടി ഒരു ഗോൾ തിരിച്ചടിച്ചത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിലാണ് ഹാലാൻഡ് പട്ടിക പൂർത്തിയാക്കിയത്.
8
ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ ഇതുവരെയുള്ള എട്ടു മത്സരങ്ങളിലും മൂന്ന് ഗോൾ വീതം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.
24
ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ ഇതുവരെ നേടിയത്. 9 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.
3-1
ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലെ ഇരുപാദങ്ങളിലും ഒരേ മാർജിനിലാണ് സിറ്റിയുടെ ജയം.
അതേസമയം റയൽ മാഡ്രിഡ് ആദ്യ പാദത്തിലെ വിജയത്തിന്റെ പിൻബലത്തിലാണ് തങ്ങളുടെ 39-ാമത് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെത്തിയത്. റയലിന്റെ തട്ടകത്തിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടറിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. 65-ാം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ ഗോൾ നേടിയെങ്കിലും മൂന്ന് മിനിട്ടിനകം വില്ലി ഒർബാനിലൂടെ ലെയ്പ്സിഗ് സമനില പിടിച്ചു.