
പുതുച്ചേരി: പുതുച്ചേരിയിൽ ഒമ്പതു വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം. പെൺകുട്ടിയെ കാണാതായതിനു പിന്നാലെ പരാതി നൽകിയെങ്കിലും പൊലീസ് അനാസ്ഥ കാട്ടിയെന്നാരോപിച്ച് നൂറു കണക്കിന് പേരാണ് പ്രതിഷേധിച്ചത്. വിവിധ സംഘടനകൾ കർശന നടപടി ആവശ്യപ്പെട്ട് തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധക്കാർ മുഖ്യമന്ത്രി എൻ.രംഗസ്വാമിയുടെ കാർ തടഞ്ഞു.
അറസ്റ്റിലായ രണ്ടു പേരും മയക്കുമരുന്നിന് അടിമകളാണെന്ന് നാട്ടുകാർ ആരോപിച്ചു.
അതിനിടെ, പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. 19കാരനുൾപ്പെടെ രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്ര് ചെയ്തത്. പോക്സോ, എസ്.സി/എസ്.ടി ആക്ട് അനുസരിച്ചാണ് കേസെടുത്തത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമിയും ഗവർണർ തമിഴിസൈ സൗന്ദരരാജനും കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ്
അഴക്കുചാലിൽ ചാക്കിനുള്ളിൽ കൈയും കാലും കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്.
ഞെട്ടിച്ച സംഭവം: രാഹുൽ
ക്രൂര സംഭവം രാജ്യത്തെ ഞെട്ടിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. നിർവികാരമായ വ്യവസ്ഥിതിയുടെയും ക്രൂരമായ സമൂഹത്തിന്റെയും പ്രതിഫലനമാണ് ഇത്. നമുക്ക് ആത്മപരിശോധനയുടെ വിഷയമാണെന്നും രാഹുൽ എക്സിൽ കുറിച്ചു.