തിരുവനന്തപുരം : ശിവപ്രീതിയ്ക്കായി പഞ്ചാക്ഷരി മന്ത്രം ജപിച്ചും വ്രതം നോറ്റ് ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തിയും രാത്രി ഉറങ്ങാതെയും ഭക്തർ ഇന്ന് മഹാശിവരാത്രി ആഘോഷിക്കും.ജില്ലയിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്.വ്രതം നോറ്റ ഭക്തർ ശിവക്ഷേത്രങ്ങളിൽ ഇന്ന് രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവനെ ഭജിക്കും.ഇന്ന് അഹോരാത്രം തുറന്നിരിക്കുന്ന ശിവക്ഷേത്രങ്ങളിൽ യാമപൂജയും ധാരയും നടക്കും മിക്ക ശിവ ക്ഷേത്രങ്ങളിലും അന്നദാനവും ഉണ്ടായിരിക്കും.ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെയാണ് ശിവരാത്രി ആഘോഷം.നാളെ പുലർച്ചെ ആറാട്ടോടുകൂടി അരുവിപ്പുറത്തെ ശിവരാത്രി ഉത്സവം സമാപിക്കും. ശ്രീകണ്‌ഠേശ്വരം, പഴയശ്രീകണ്‌ഠേശ്വരം, കാന്തള്ളൂർ,ആഴിമല ശിവക്ഷേത്രം, മിത്രാനന്ദപുരം ത്രിമൂർത്തി ക്ഷേത്രം, നെടുമങ്ങാട് കോയിക്കൽ മഹാദേവക്ഷേത്രം, കഠിനംകുളം, പാറശ്ശാല, ആറയൂർ, പൊഴിയൂർ, ചെഴുങ്ങാനൂർ, ചെങ്കൽ ശിവശക്തിക്ഷേത്രം, നെയ്യാറ്റിൻകര രാമേശ്വരം, ഒറ്റശ്ശേഖരമംഗലം, ബാലരാമപുരം ഋഷീശ്വര ഭരദ്വാജക്ഷേത്രം, നെടുമങ്ങാട് കോട്ടപ്പുറത്തുകാവ്, അരുവിക്കര തിരുനെല്ലൂർശാല സുബ്രഹ്മണ്യക്ഷേത്രം, വെഞ്ഞാറമ്മൂട് മാണിക്കോട് ശിവക്ഷേത്രം, കരകുളം ഏണിക്കരക്ഷേത്രം, ആറ്റിങ്ങൽ ആവണീശ്വരം, നഗരൂർ തേക്കിൻകാട്, അവനവഞ്ചേരി ഇണ്ടളയപ്പൻ കോവിൽ, തോന്നയ്ക്കൽ കുടവൂർ മഹാദേവക്ഷേത്രം, കഴക്കൂട്ടം, കിളിമാനൂർ, തൂങ്ങാംപാറ ഇറയാംകോട്,പെരിങ്ങമല മാന്തുരുത്തി,നന്ദിയോട് വെമ്പിൽ മണലയം, ചന്തവിള കൊക്കോട്ട് ശ്രീ തമ്പുരാൻ ക്ഷേത്രം, വെയിലൂർക്കോണം ശ്രീ മഹാദേവർ ചാമുണ്ഡേശ്വരി ക്ഷേത്രം, നാലാഞ്ചിറ ഉദിയന്നൂർ ശിവക്ഷേത്രം, വാഴമുട്ടം കുഴിവിളാകം ശ്രീ ശിവപാർവതി ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി പൂജകൾ നടക്കും.