d

ഉള്ളിക്കർഷകരുടെ ഏറെനാളായുള്ള ആവശ്യം പരിഹരിച്ച് കേന്ദ്രസർക്കാർ . ഉള്ളി ലഭ്യത രാജ്യത്ത് കൂടിയതിന് പിന്നാലെ ഉള്ളി കയറ്റുമതിക്ക് സർക്കാർ അനുമതി നൽകി. ഭൂട്ടാൻ,​ മൗറീഷ്യസ്,​ ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് രാജ്യത്ത് നിന്ന് ഉള്ളി കയറ്റുമതി ചെയ്യും. നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്പോർട്സ് ലിമിറ്റഡ് (എൻ.സി.ഇ.എൽ)​ വഴിയാണ് ഉള്ളി കയറ്റുമതി ചെയ്യുന്നത്. ഭൂട്ടാനിലേക്ക് 3000 ടണ്ണും ബഹ്റൈനിലേക്ക് 1200 ടണ്ണും മൗറീഷ്യസിലേക്ക് 550 ടണ്ണും ഉള്ളി കയറ്റുമതി ചെയ്യുമെന്ന് രാജ്യത്തെ വിദേശവ്യാപാരം കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി)​ വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലാണ് ഡി.ജി.എഫ്.ടി പ്രവർത്തിക്കുന്നത്.

കഴിഞ്ഞ ആഴ്ച യു.എ.ഇ,​ ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് 64,​400 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ ഇന്ത്യ അനുമതി നൽകിയിരുന്നു. അതേസമയം ഉള്ളിയുടെ തുറന്ന കയറ്റുമതിക്ക് രാജ്യത്ത് ഇപ്പോഴും നിരോധനമുണ്ട്. മറ്റു രാജ്യങ്ങളുടെ അഭ്യർത്ഥനയുടെ കൂടി അടിസ്ഥാനത്തിലാണ് ഉള്ളി കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകുന്നത്.

ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമായി കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് സർക്കാർ ഉള്ളിയുടെ കയറ്റുമതി 2024 മാർച്ച് 31 വരെ നിരോധിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിനും ആഗസ്റ്റ് നാലിനും ഇടയിൽ 9.75 ലക്ഷം ടൺ ഉള്ളിയാണ് രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്തത്. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് നിന്ന് ഏറ്റവും കൂടുതൽ ഉള്ളി ഇറക്കുമതി ചെയ്യുന്നത് ബംഗ്ലാദേശ്,​ മലേഷ്യ,​ യു.എ.ഇ എന്നിവയാണ്.