
ന്യൂഡല്‍ഹി: അടല്‍ ബിഹാരി വാജ്‌പേയി ആണ് ഇന്ത്യയിലെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രി. നരേന്ദ്ര മോദിയാകട്ടെ ബിജെപി അവരുടെ ഏറ്റവും വലിയ ശക്തിയായി നിലകൊള്ളുന്ന കാലത്തെ പ്രധാനമന്ത്രിയും. രണ്ട് പേരും ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവര്‍.
എന്നാല്‍ ഇരുവരുടേയും സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാണിക്കുകയാണ് രാജ്‌നാഥ് സിംഗ്. വാജ്‌പേയി സര്‍ക്കാരിലും നരേന്ദ്ര മോദി സര്‍ക്കാരിലും അംഗമായിരുന്നുവെന്ന പ്രത്യേകയുള്ള നേതാവാണ് ലക്‌നൗവില്‍ നിന്നുള്ള ലോക്‌സഭ അംഗം കൂടിയായ രാജ്‌നാഥ് സിംഗ്.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് രാജ്യാന്തര ഫോറത്തില്‍ സംസാരിക്കുമ്പോള്‍ ഇന്ത്യയുടെ വാക്കുകള്‍ ലോകം ഗൗരവത്തിലെടുത്തതായി തോന്നിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ന് ഇന്ത്യ പറയുന്നത് ലോകം ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യയുടെ സ്ഥാനം അത്രത്തോളം വളര്‍ന്നുകഴിഞ്ഞു എന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മോദി സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നു. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ ഏറ്റവും മഹത്തായതായി മാറുന്ന കാലം വിദൂരമല്ല. ഇന്ത്യയുടെ വീക്ഷണ കോണില്‍നിന്നാണ് പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രതിരോധ മേഖലക്കാണ് പ്രധാന പരിഗണന നല്‍കിയതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
മുന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല എന്നല്ല പറയുന്നത്. മോദി സര്‍ക്കാര്‍ പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൊണ്ടുവന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍ സാങ്കേതിക കാര്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തെ ഹാനികരമായി ബാധിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.