cricket

അഞ്ചാം ടെസ്റ്റിലും ഇംഗ്ളണ്ടിന് ബാറ്റിംഗ് തകർച്ച, 218ന് ആൾഔട്ട്

കുൽദീപ് യാദവിന് അഞ്ചുവിക്കറ്റ്, അശ്വിന് നാലുവിക്കറ്റ്

ആദ്യ ദിനം കളി നിറുത്തുമ്പോൾ ഇന്ത്യ 135/1

യശസ്വി ജയ്സ്വാളിനും (57),രോഹിതിനും (52*) അർദ്ധസെഞ്ച്വറി

ധർമ്മശാല : ഇന്ത്യയുടെ സ്പിൻ കരുത്തിന് മുന്നിൽ ഒരിക്കൽക്കൂടി ചുരുണ്ടുവീണ് ഇംഗ്ളണ്ട്. ഇന്നലെ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സന്ദർശകർ 218 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇടംകയ്യൻ സ്പിന്നർ കുൽദീപ് യാദവും നാലുവിക്കറ്റ് വീഴ്ത്തിയ വലംകയ്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും ചേർന്നാണ് ഇംഗ്ളണ്ടിനെ ചുരുട്ടിയത്. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിറുത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എന്ന നിലയിലാണ്. ഇന്ത്യയ്ക്ക് ലീഡ് നേടാൻ ഇനി 84 റൺസ് കൂടി മതി. അർദ്ധ സെഞ്ച്വറി നേടി പുറത്തായ യശസ്വി ജയ്സ്വാളും (57) അർദ്ധസെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന രോഹിത് ശർമ്മയും (52*) ചേർന്നാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്.

ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിന് ഓപ്പണർമാരായ സാക്ക് ക്രാവ്‌ലിയും (79) ബെൻ ഡക്കറ്റും (27) മാന്യമായ തുടക്കമാണ് നൽകിയത്. പേസർമാരുടെ ആദ്യ സ്പെല്ലുകൾ ആത്മവിശ്വാസത്തോടെ കടന്ന ഇംഗ്ളീഷ് ഓപ്പണർമാർ 64 റൺസിന്റെ കൂട്ടുകെട്ടും സൃഷ്ടിച്ചു. എന്നാൽ സ്പിന്നർമാർ കളത്തിലിറങ്ങിയതോടെ ഇംഗ്ളണ്ട് ബാക്ക്ഫുട്ടിലായി. കുൽദീപ് എറിഞ്ഞ 18-ാം ഓവറിൽ അസാദ്ധ്യമായ ഒരു ക്യാച്ചിലൂടെ ശുഭ്മാൻ ഗിൽ ഡക്കറ്റിനെ പുറത്താക്കിയതോടെയാണ് ഇംഗ്ളണ്ടിന്റെ തകർച്ച തുടങ്ങിയത്. തുടർന്ന് ക്രാവ്‌ലി ഒരറ്റത്ത് പൊരുതിനിന്നെങ്കിലും ഒല്ലീ പോപ്പിനെ(11) 26-ാം ഓവറിൽ ടീം സ്കോർ 100ൽ നിൽക്കേ കുൽദീപിന്റെ പന്തിൽ ധ്രുവ് ജുറേൽ സ്റ്റംപിംഗിലൂടെ മടക്കി. ഇതോടെ കളി ലഞ്ചിന് പിരിഞ്ഞു.

ലഞ്ചിന് ശേഷം കുൽദീപ് കൂടുതൽ കരുത്തോടെ തിരിച്ചെത്തി. 38-ാം ഓവറിൽ ക്രാവ്‌ലിയെ ബൗൾഡാക്കിയ കുൽദീപ് ഇംഗ്ളണ്ടിനെ 137/3 എന്ന നിലയിലാക്കി. 108 പന്തുകൾ നേരിട്ട ക്രാവ്‌ലി 11ബൗണ്ടറികളും ഒരു സിക്സുമടക്കമാണ് 79 റൺസ് നേ‌ടി ഇംഗ്ളണ്ടിന്റെ ടോപ് സ്കോററായത്. നൂറാം ടെസ്റ്റിനിറങ്ങിയ ജോണി ബെയർസ്റ്റോയും(29) ജോ റൂട്ടും (26)ക്രീസിലൊരുമിച്ചപ്പോൾ ഇംഗ്ളണ്ടിന് വീണ്ടും ജീവൻ വച്ചു. എന്നാൽ ടീം സ്കോർ 175ലെത്തിയപ്പോഴേക്കും കുൽദീപ് വീണ്ടും അവതരിച്ചു. 44-ാം ഓവറിൽ ബെയർസ്റ്റോയെ കുൽദീപ് ജുറേലിന്റെ കയ്യിലെത്തിക്കുകയായിരുന്നു. അടുത്ത ഓവറിൽ ജഡേജ റൂട്ടിനെയും അതിനടുത്ത ഓവറിൽ കുൽദീപ് ഇംഗ്ളണ്ട് ക്യാപ്ടൻ ബെൻ സ്റ്റോക്സിനെയും എൽ.ബിയിൽ കുരുക്കി. ഈ രണ്ട് എൽ.ബി തീരുമാനങ്ങളും ഇംഗ്ളണ്ട് റിവ്യൂ ചെയ്തെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഇതോ‌ടെ 175/3 എന്ന നിലയിൽ നിന്ന് ഇംഗ്ളണ്ട് 175/6 എന്ന നിലയിലേക്ക് പതിക്കുകയും ചെയ്തു.

തുടർന്ന് വാലറ്റക്കാരെ എറിഞ്ഞിടുന്ന ചുമതല അശ്വിൻ ഏറ്റെടുത്തു. ടോം ഹാർട്ട്‌ലി (6),മാർക്ക് വുഡ് (0),ബെൻ ഫോക്സ് (24), ആൻഡേഴ്സൺ (0) എന്നിവരെ പുറത്താക്കി അശ്വിൻ ഇംഗ്ളീഷ് ഇന്നിംഗ്സിന് കർട്ടനിട്ടു.ഹർട്ട്‌ലിയേയും ആൻഡേഴ്സണെയും ആദ്യ ടെസ്റ്റിനിറങ്ങിയ ദേവ്‌ദത്ത് പടിക്കലാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. 15 ഓവറിൽ ഒരു മെയ്ഡനടക്കം 72 റൺസ് നൽകിയാണ് കുൽദീപ് അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. അശ്വിൻ 11.4 ഓവറിൽ ഒരു മെയ്ഡനടക്കം 54 റൺസ് വിട്ടുകൊടുത്ത് നാലുവിക്കറ്റ് വീഴ്ത്തി. ജഡേജയ്ക്ക് ഒരുവിക്കറ്റ് ലഭിച്ചു.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി യശസ്വിയും രോഹിതും തകർത്തടിച്ചു. ജെയിംസ് ആൻഡേഴ്സൺ നാലോവറിൽ നാലുറൺസ് മാത്രമാണ് നൽകിയതെങ്കിൽ മാർക്ക് വുഡും സ്പിന്നർമാരായ ഹാർട്ട്‌ലിയും ഷൊയ്ബ് ബഷീറും ശരിക്കും തല്ലുകൊണ്ടു.21-മത്തെ ഓവറിൽ ഇന്ത്യ 100 ക‌ടന്നു. ഇതേഓവറിൽ തന്നെ യശസ്വി പുറത്താവുകയും ചെയ്തു. അതിന് മുന്നേ യശസ്വി അർദ്ധസെഞ്ച്വറി യിലെത്തിയിരുന്നു. ഈ പരമ്പരയിലെ യശസ്വിയുടെ മൂന്നാം അർദ്ധസെഞ്ച്വറിയായിരുന്നു ഇത്. രണ്ട് ഇരട്ട സെഞ്ച്വറികളും യശസ്വി നേടിയിരുന്നു. ഷൊയ്ബ് ബഷീറിനെ ഇറങ്ങിവീശാൻ ഒരുങ്ങിയ യശസ്വിയെ ഫോക്സ് സ്റ്റംപ് ചെയ്ത് വിടുകയായിരുന്നു. തുടർന്ന് ഗില്ലിനെ(26*)ക്കൂട്ടി രോഹിത് അർദ്ധസെഞ്ച്വറി കടന്നു. ഇന്ന് പരമാവധി ലീഡ് നേടാനാകും ഇന്ത്യ ശ്രമിക്കുക.