d

വീട്ടുമുറ്റത്തുണ്ടെങ്കിലും പലർക്കും കറിവേപ്പിലയുടെ ഗുണങ്ങളെ പറ്റി കൃത്യമായ അറിവുണ്ടാകണമെന്നില്ല. കറികൾക്ക് ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന കൂട്ടത്തിലാണ് പലപ്പോഴും കറിവേപ്പിലയുടെ സ്ഥാനം. ആഹാരത്തിന് രുചിയും ഗന്ധവും നൽകുന്നതിന് മാത്രമല്ല കറിവേപ്പില സഹായിക്കുന്നത്. നിരവധി ആരോഗ്യ വിഷയങ്ങളിലും കറിവേപ്പിലയുടെ പങ്ക് ചെറുതല്ല. മുഖസൗന്ദര്യത്തിനും കേശഭംഗിക്കും കറിവേപ്പിലയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം ചുരുക്കം ചിലർക്കേ അറിയുകയുള്ളു. ചെറുപ്പക്കാരെ സംബന്ധിച്ച് അവരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ചിലതാണ് മുഖക്കുരുവും,​ താരനും,​ മുഖത്തെ പാടുകളുമൊക്കെ. ഇതിനെല്ലാം പരിഹാരം നമ്മുടെ കറിവേപ്പിലയിലുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പ്രകൃതിദത്ത മാർഗമായത് കൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാവില്ലെന്ന് നമുക്ക് ഉറപ്പിക്കാൻ സാധിക്കും.

കണ്ണുകളുടെ ആരോഗ്യത്തിനു കറിവേപ്പില ഉത്തമമാണ്. കറിവേപ്പിലയിട്ടു തിളപ്പിച്ച എണ്ണ മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പ്രയോജന പ്രദം. അകാലനര തടയുന്നതിനും ഉത്തമം. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്നു.

കറിവേപ്പില ചവച്ചരയ്ക്കുന്നതു ദന്തസംരക്ഷണത്തിന് നല്ലതാണ്. കറിവേപ്പില കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അര മണിക്കൂറിനു ശേഷം കുളിക്കുക. പേൻ, താരൻ എന്നിവ നിശേഷം ഇല്ലാതാകും. കറിവേപ്പിലയും മഞ്ഞൾപ്പൊടിയും കൂടി അരച്ച് കരിക്കിൻ വെള്ളത്തിൽ പ്രഭാതത്തിൽ കഴിക്കുന്നത് തൊലിപ്പുറമെയുണ്ടാകുന്ന എല്ലാവിധ കുരുക്കളും ശമിപ്പിക്കും.


താരൻ കാരണം ചെറുപ്പക്കാരിലും മുതിർന്നവരിലും പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. താരനെ പ്രതിരോധിക്കാനായി തിളപ്പിച്ച പാലിൽ കറിവേപ്പില അരച്ചതും ചേർത്ത് തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനുട്ട് സമയം കഴിഞ്ഞ് കഴുകിക്കളയുക. പതിവായി ഇത് ചെയ്യുന്നത് മികച്ച ഫലം നല്കും.