
ബൊഗോട്ട: വിഖ്യാത കൊളംബിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ അവസാന നോവലായ 'അൺറ്റിൽ ഓഗസ്റ്റ്' പുറത്തിറങ്ങി. സ്പാനിഷ് ഭാഷയിലാണ് പുസ്തകം. ഈ മാസം 20ന് ഇംഗ്ലീഷ് പതിപ്പെത്തും. 2014 ഏപ്രിൽ 17ന് 87ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. വിടപറഞ്ഞ് പത്ത് വർഷം തികയുന്ന വേളയിൽ നോവൽ പുറത്തിറങ്ങുന്നതിനാൽ ഏറെ ആകാംഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ.
മരിക്കുന്നതിന് 15 വർഷം മുമ്പാണ് "അൺറ്റിൽ ഓഗസ്റ്റ്" എഴുതിത്തുടങ്ങിയത്. മരിക്കുന്നതിന് മുമ്പ് പൂർത്തിയാക്കി. എന്നാൽ, നോവലിൽ തൃപ്തനല്ലാത്തതിനാൽ അത് പ്രസിദ്ധീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. കൈയെഴുത്തുപ്രതികൾ നശിപ്പിക്കണമെന്ന് അദ്ദേഹം മക്കളോട് പറഞ്ഞിരുന്നു. എന്നാലിപ്പോൾ മക്കളായ റൊഡ്രിഗോയുടെയും ഗോൺസാലോയുടെയും സമ്മതത്തോടെയാണ് നോവൽ പുറത്തിറക്കിയിരിക്കുന്നത്. കൈയെഴുത്തുപ്രതികൾ മാർക്കേസ് കുടുംബത്തിന് കൈമാറുകയും അവരത് യു.എസിലെ ടെക്സസ് സർവകലാശാലയ്ക്ക് നൽകുകയും ചെയ്തിരുന്നു. ബുധനാഴ്ച മാർക്കേസിന്റെ 97ാം ജന്മവാർഷിക ദിനത്തിലായിരുന്നു 100 പേജുള്ള നോവൽ പുറത്തിറങ്ങിയത്. പെൻഗ്വിൻ റാൻഡം ഹൗസാണ് പ്രസാദകർ.