
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയായെന്ന് ധനവകുപ്പ്. അഞ്ചേകാൽ ലക്ഷം വരുന്ന ജീവനക്കാരുടെ ശമ്പളവിതരണമാണ് ഇന്ന് പൂർത്തിയായത്. സാധാരണ മൂന്നുദിവസം കൊണ്ട് കൊടുത്ത് തീർക്കുന്ന ശമ്പളവിതരണം ആറാം ദിവസമാണ് പൂർത്തിയാക്കിയത്. അതേസമയം ട്രഷറി നിയന്ത്രണം നീക്കുന്നതിൽ തീരുമാനമായിട്ടില്ല,
കേന്ദ്രം 13609 കോടി രൂപയുടെ വായ്പാ അനുമതി നൽകിയതോടെയാൻണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വന്നത്. അദ്ധ്യാപകർക്ക് ആദ്യ വിഹിതം ഇന്നലെ കൊടുത്തിരുന്നു.
ക്ഷേമപെൻഷൻ കുടിശികയിലെ രണ്ടുമാസത്തെ വിഹിതം ഏപ്രിലിൽ നൽകും. ജീവനക്കാരുടെ ഡി.എ കുടിശികയിലെ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ ഉൾപ്പെടുത്തി മേയ് ആദ്യം വിതരണം ചെയ്യും.
മാർച്ചിൽ 22,000 കോടിയോളം രൂപയുടെ ചെലവാണ് കേരളത്തിനുള്ളത്. 5600കോടിയാണ് ശമ്പളപെൻഷൻ ചെലവ്. കൂടാതെ പദ്ധതി ചെലവ്, കരാറുകാർക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ കൊടുത്തുതീർക്കേണ്ട ചെലവുകൾ, തദ്ദേശസ്ഥാപനങ്ങളുടെ ചെലവ്, വായ്പാ തിരിച്ചടവ്, പലിശ ചെലവ് തുടങ്ങിയവയും കൊടുക്കണം. ഇപ്പോൾ കിട്ടുന്ന തുക അതിന് വിനിയോഗിക്കും. 10000കോടി കൂടി അടിയന്തരമായി കണ്ടെത്താനാണ് ശ്രമം.