padmaja

കോട്ടയം: ബിജെപിയില്‍ ചേര്‍ന്ന പദ്മജ വേണുഗോപാലിന് കോണ്‍ഗ്രസില്‍ അവഗണന നേരിട്ടുവെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. പദ്മജ അവഗണന നേരിട്ടിരുന്നതായി തനിക്ക് അറിയില്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പദ്മജയെ തോല്‍പ്പിച്ചത് സ്വന്തം പാര്‍ട്ടിക്കാരാണെന്ന ആരോപണം അദ്ദേഹം തള്ളി. അങ്ങനെയായിരുന്നെങ്കില്‍ പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്ക് പദ്മജ പരാതി നല്‍കണമായിരുന്നു. തനിക്ക് ഒരു പരാതിയും അവര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സഹോദരനും വടകര എംപിയുമായ കെ. മുരളീധരന്‍ പദ്മജയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. പദ്മജ ചെയ്തത് വലിയ ചതിയാണെന്നായിരുന്നു മുരളിയുടെ പ്രതികരണം. ഇനി ഒരു ബന്ധവും അവരുമായി തനിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

പത്മജ പാര്‍ട്ടി വിടേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും പാര്‍ട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയാണെന്നുമാണ് കെപിസിസി അദ്ധ്യക്ഷന്‍ സുധാകരന്‍ പ്രതികരിച്ചത്. പദ്മജയുടെ ബിജെപി പ്രവേശനം ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബാധിക്കില്ല. ഉന്നയിച്ച എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു.

ഒരുപാട് പേരുള്ള പാര്‍ട്ടി ആകുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. പദ്മജയ്ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.