
തിരുവനന്തപുരം: 'കൃഷി ചെയ്യാന്‍ താത്പര്യമൊക്കെയുണ്ട് പക്ഷേ സമയമാണ് പ്രശ്‌നം'. കൃഷിയില്‍ വിജയകഥ രചിച്ച അവനവഞ്ചേരി രാജുവിനെ കുറിച്ചറിഞ്ഞാല്‍ ഒരാളും കൃഷി ചെയ്യാന്‍ സമയമില്ലെന്ന് പറയില്ല. തിരുവനന്തപുരം ആറ്റിങ്ങല്‍ നഗരസഭാ കൗണ്‍സിലറാണ് 50കാരനായ രാജു.
വീടിനോട് ചേര്‍ന്നുള്ള 35 സെന്റ് പുരയിടത്തിലാണ് മെക്‌സിക്കന്‍ പഴവര്‍ഗമായ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. നഗരസഭ പ്രദേശത്ത് വിദേശ പഴവര്‍ഗം കൃഷി ചെയ്ത മികച്ച കര്‍ഷകനുള്ള പുരസ്‌കാരവും രാജു കരസ്ഥമാക്കിയിരുന്നു.
കിലോയ്ക്ക് 300 രൂപ വരെയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന് വില. ഒരിക്കല്‍ കൃഷി ചെയ്താല്‍ വര്‍ഷങ്ങളോളം വിളവെടുപ്പ് നടത്താനാകും. ഇവയെല്ലാം മനസ്സിലാക്കിയാണ് കൃഷിയിലേക്കിറങ്ങിയതെന്ന് രാജു പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാഗമണിലേക്ക് വിനോദയാത്ര പോയപ്പോഴാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി കാണുന്നത്. അത് നിര്‍ണായകമായ വഴിത്തിരിവായി മാറി.
അവിടത്തെ കര്‍ഷകരോട് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയ ശേഷം യൂട്യൂബ് ചാനലുകളില്‍ നിന്ന് കൃഷിയെ കുറിച്ച് കൂടുതല്‍ പഠിച്ചു. പിന്നെ പതിയെ കൃഷിയിലേക്ക് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലേക്ക് ഇറങ്ങി. അമേരിക്കന്‍ റെഡ് എന്ന ഇനമാണ് കൃഷി ചെയ്യുന്നത്.
ആദ്യം 500 ചെടിയാണ് നട്ടത്. ഇപ്പോള്‍ ആയിരം തൈ ചെടികള്‍ കൂടി നടുന്നതിനായി പാകപ്പെടുത്തിയിട്ടുണ്ട്. ഓരോ തടത്തിലും മൂന്നും നാലും ചെടികള്‍ നട്ടിട്ടുണ്ട്. ഇവ ചാഞ്ഞു പോകാതിരിക്കുന്നതിനായി സിമന്റ് പൈപ്പുകള്‍ സ്ഥാപിച്ച് അതില്‍ കെട്ടി നിര്‍ത്തി ബലപ്പെടത്തിയിട്ടുണ്ട്.
നട്ട് ആറ് മാസം കഴിയുമ്പോഴേക്കും ചെടികള്‍ പൂവിടും. 25 ദിവസം മുതല്‍ 30 ദിവസത്തിനകം പാകമായ പഴങ്ങള്‍ ലഭിക്കും. രണ്ട് വര്‍ഷം മുന്‍പ് തുടങ്ങിയ കൃഷിയില്‍ ആദ്യ വിളവെടുപ്പില്‍ തന്നെ നൂറ് കിലോയിലധികം പഴങ്ങള്‍ ലഭിച്ചു. രണ്ടര ലക്ഷത്തോളം രൂപ ആദ്യ കൃഷിക്ക് ചെലവായി. ഭാര്യയും മക്കളുമാണ് രാജുവിന്റെ സംരംഭത്തിന് സഹായികള്‍.