
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിനായി കേരളത്തില്‍ പാര്‍ട്ടി മത്സരിക്കുന്ന 16 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തീരുമാനമെടുത്തതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍, വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍.
കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്‍ സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാമെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ആലപ്പുഴ വയനാട് മണ്ഡലങ്ങളിലാണ് തീരുമാനമെന്ത് എന്ന കാര്യം അറിയാനുള്ളത്. അതേസമയം കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കാന്‍ ധാരണയായി എന്നാണ് വിവരം. വയനാട് മണ്ഡലത്തിലെ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടിട്ടുണ്ട്.
കേരളത്തിലെ സിറ്റിംഗ് എംപിമാര്‍ അതാത് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ആലപ്പുഴയില്‍ ആയിരിക്കും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാകുക. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തര്‍ക്കങ്ങളില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ ജനവിധി തേടുമെന്നാണ് സൂചന.
അതേസമയം അമേഠിയില്‍ നിന്ന് രാഹുല്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ശശി തരൂര്‍ തിരുവനന്തപുരത്തുനിന്നും കെ.സുധാകരന്‍ കണ്ണൂരില്‍ നിന്നും മത്സരിക്കും.