
മോസ്കോ: ചെസ് ഗ്രാൻഡ്മാസ്റ്ററും രാഷ്ട്രീയ ആക്ടിവിസ്റ്റുമായ ഗാരി കാസ്പറോവിനെ (60) തീവ്രവാദികളുടെ പട്ടികയിൽ പെടുത്തി റഷ്യ. റഷ്യയുടെ പ്രധാന സാമ്പത്തിക ഇന്റലിജൻസ് വിഭാഗമായ റോസ്ഫിൻ മോണിറ്ററിംഗിന്റേതാണ് നടപടി.
കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനും എതിരെ നടപടി സ്വീകരിക്കുകയാണ് റോസ്ഫിൻ മോണിറ്ററിംഗിന്റെ ചുമതല. തീവ്രവാദപ്പട്ടികയിൽ പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ പിടിച്ചെടുക്കാൻ ഈ വിഭാഗത്തിന് അധികാരമുണ്ട്. അതേസമയം, എന്തുകൊണ്ടാണ് കാസ്പറോവിനെ പട്ടികയിൽ ചേർത്തതെന്ന് വ്യക്തമാക്കിയിട്ടില്ല. മുൻ ലോക ചെസ് ചാമ്പ്യനായ കാസ്പറോവ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിമർശകരിൽ ഒരാളാണ്. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിനെതിരെ ഇദ്ദേഹം രംഗത്തെത്തിയിരുന്നു.
പുട്ടിന്റെ ഫാസിസ്റ്റ് ഭരണം തുറന്നുകാട്ടുന്ന ഒരു ബഹുമതിയായിട്ടാണ് നീക്കത്തെ കാണുന്നതെന്ന് കാസ്പറോവ് പ്രതികരിച്ചു. ലോകത്തെ ഏറ്റവും മികച്ച ചെസ് കളിക്കാരിൽ ഒരാളായ കാസ്പറോവ് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി യു.എസിലാണ്. ചെസിലെ സമാനതകളില്ലാത്ത നേട്ടങ്ങൾക്ക് ഒരിക്കൽ റഷ്യയുടെ ദേശീയ നായകനായി വാഴ്ത്തപ്പെട്ട കാസ്പറോവ് പ്രൊഫഷണൽ ചെസിൽ നിന്ന് വിരമിച്ച ശേഷം ഭരണകൂടത്തിന്റെ എതിരാളിയായി മാറുകയായിരുന്നു.