
ന്യൂഡല്‍ഹി: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതില്‍ കോണ്‍ഗ്രസ് വന്‍ ട്വിസ്റ്റ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. പദ്മജ വേണുഗോപാല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ വടകര സിറ്റിംഗ് എംപി കെ. മുരളീധരന്റെ അംഗത്തട്ട് തൃശൂരിലേക്ക് മാറ്റിയെന്നാണ് വിവരം. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കുമെന്നും ഉറപ്പായി.
പദ്മജ ബിജെപിയിലേക്ക് പോയതിന്റെ ക്ഷീണം മാറ്റാനാണ് കരുണാകരന്റെ പഴയ തട്ടകത്തിലേക്ക് മകന്‍ കെ മുരളീധരനെ എത്തിക്കുന്നത്. ഇതിലൂടെ പദ്മജ ബിജെപിയില്‍ ചേര്‍ന്നതിന്റെ ക്ഷീണം മാറ്റാനാകുമെന്നും നേതൃത്വം വിലയിരുത്തുന്നു.
മുരളീധരന്‍ തൃശൂരിലേക്ക് മാറുന്നതോടെ വടകര മണ്ഡലത്തിലേക്ക് ടി.സിദ്ദിഖിന്റെ പേരിനാണ് മേല്‍ക്കൈ വന്നിരിക്കുന്നത്. വടകരയിലേക്ക് ഷാഫി പറമ്പിലിന്റെ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെങ്കിലും പാലക്കാട് നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എളുപ്പമല്ലെന്ന വിലയിരുത്തലാണ് സിദ്ദിഖിനെ പരീക്ഷിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.
2021ല്‍ ഇ.ശ്രീധരനോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. അതേസമയം മുരളീധരന്‍ തൃശ്ശൂരിലേക്ക് വരുന്നതോടെ ടി.എന്‍ പ്രതാപന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. പകരം പ്രതാപന് നിയമസഭയില്‍ സീറ്റ് നല്‍കും.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്നാണ് സൂചന. മറ്റ് മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാരെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം.