pic

ബാങ്കോക്ക്: വംശനാശ ഭീഷണി നേരിടുന്ന റെഡ് പാണ്ട അടക്കം 87 വന്യജീവികളെ കടത്താൻ ശ്രമിച്ച ആറ് ഇന്ത്യക്കാർ തായ്‌ലൻഡിൽ അറസ്റ്റിൽ. മുംബയിലേക്ക് പോകാൻ ബാങ്കോക്കിലെ സുവർണഭൂമി എയർപോർട്ടിലെത്തിയ ഇവരെ തായ് കസ്റ്റംസ് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇവരുടെ ലഗേജിനുള്ളിൽ ബോക്സുകളിലും തുണിസഞ്ചികളിലുമായി ജീവികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. വംശനാശ ഭീഷണി നേരിടുന്ന ഒരു കോട്ടൺ - ടോപ് ടാമരിൻ കുരങ്ങിനെയും 29 ബ്ലാക്ക് ത്രോട്ട് ലിസാർഡുകളെയും 21 പാമ്പുകളെയും കണ്ടെത്തി. തത്തയടക്കം 15 പക്ഷികളും ഇക്കൂട്ടത്തിൽപ്പെടുന്നു. രാജ്യത്ത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇതിന് മുമ്പും ഇത്തരത്തിൽ അനധികൃത വന്യജീവിക്കടത്തിന് ഇന്ത്യൻ പൗരന്മാർ തായ്‌ലൻഡിൽ അറസ്റ്റിലായിട്ടുണ്ട്.