
കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി സുൽഫീക്കർ അലി ഭൂട്ടോയെ പട്ടാള ഭരണകൂടം തൂക്കിലേറ്റിയത് ന്യായമായ വിചാരണയില്ലാതെയെന്ന് സുപ്രീംകോടതി. 1973 ഓഗസ്റ്റ് 14ന് അധികാരത്തിലെത്തിയ ഭൂട്ടോ നാല് വർഷമാണ് ഭരണത്തിലിരുന്നത്.
1977 ജൂലായ് 5ന് ജനറൽ സിയ ഉൾ ഹഖിന്റെ സൈനിക അട്ടിമറിയിൽ പുറത്തായി. ഒരു വർഷത്തിന് ശേഷം സിയ ഉൾ ഹഖ് പ്രസിഡന്റായി. 1979 ഏപ്രിൽ 4ന് രാഷ്ട്രീയ എതിരാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭൂട്ടോയെ തൂക്കിലേറ്റുകയായിരുന്നു.
ശരിയായ രീതിയിലെ വിചാരണയോ നിയമ നടപടിക്രമങ്ങളോ പാലിച്ചല്ല ഭൂട്ടോയെ തൂക്കിലേറ്റിയതെന്ന് കോടതി നിരീക്ഷിച്ചു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പി.പി.പി) സ്ഥാപകനാണ് ഭൂട്ടോ. പാകിസ്ഥാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ അദ്ദേഹത്തിന്റെ മകളാണ്.
ബേനസീറിന്റെ ഭർത്താവ് ആസിഫ് അലി സർദ്ദാരി പ്രസിഡന്റായിരിക്കെ 2011ലാണ് വിഷയം പുനഃപരിശോധനയ്ക്കായി സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. ഭൂട്ടോയുടെ ചെറുമകനും മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോയാണ് പി.പി.പിയുടെ നിലവിലെ അദ്ധ്യക്ഷൻ.