
സ്ത്രീകൾ ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളെ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളായി മാത്രം കണക്കാക്കണമെന്ന് നടി മാലാ പാർവതി. റോഡിനരികിലൂടെ നടന്നുപോകുമ്പോൾ എതിർവശത്ത് നിന്ന് വരുന്ന അനേകം വാഹനങ്ങളെ പോലെയാണ് സ്ത്രീകളുടെ പ്രശ്നങ്ങളെന്നും അവയെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നും നടി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള കൗമുദി ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ മനസ് തുറക്കുകയായിരുന്നു.
1. സ്ത്രീകളുടെ തുല്യതയുടെയും നീതിയുടെയും ദിനമാണ് ഇന്ന്. ഇതിനെക്കുറിച്ചുളള കാഴ്ചപ്പാട് എന്താണ്?
ലോകമെമ്പാടുമുളള സ്ത്രീകളുടെ ഉന്നമനത്തിനായും അവർക്ക് ദിശാബോധം നൽകുന്നതിനുമായുളള ഒന്നാണ് ഐക്യരാഷ്ട്ര സഭയുടെ (യുഎൻ) വനിതാ ദിനം. 'ഇൻവെസ്റ്റ് ഇൻ വിമെൻ, ആക്സിലറേറ്റ് പ്രോഗ്രസ്' എന്നാണ് ഇത്തവണ യുഎൻ മുന്നോട്ട് വയ്ക്കുന്ന ആശയം. ഇത്രയും നാൾ വനിതാ ദിനം ഒരുമിച്ച് നടക്കാൻ പ്രേരിപ്പിച്ചതാണെങ്കിൽ ഇത്തവണ സ്ത്രീകളുടെ ശക്തി മനസിലാക്കി കൊണ്ട് എല്ലാതരത്തിലുളള ഉന്നമനവും വേഗത്തിലാകും എന്നുളളതാണ് യുഎനിന്റെ ആശയം. ലോകത്തിന് തന്നെ മാതൃകയാകാനും വേണ്ടിയാണ്. സ്ത്രീകളെ കുടുംബം നടത്തികൊണ്ട് പോകാൻ മാത്രമോ അല്ലെങ്കിൽ അടുക്കളയിൽ മാത്രം ഒതുക്കി നിർത്തേണ്ടതോ ആയവരായിട്ട് കാണുന്ന ചിന്തയെ തന്നെ വനിതാ ദിനം മാറ്റിയെഴുതും. ലോകത്തിന് മാതൃകയാകാൻ ഇവർക്ക് സാധിക്കും.വിവിധ മേഖലകളുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും സ്ത്രീകൾ അടിസ്ഥാനമാകും. പണ്ടൊക്കെയായിരുന്നെങ്കിൽ പുരുഷൻമാർക്ക് മാത്രമാണ് മികച്ച വിദ്യാഭ്യാസം നൽകിയിരുന്നത്. സ്ത്രീകളെ പഠിപ്പിക്കില്ല.വനിതാ ദിനമെന്ന ആശയം കേരളത്തിൽ നിന്നോ ഇന്ത്യയിൽ നിന്നോ മാത്രമല്ല ലോകമെമ്പാടുമുളളവരിൽ നിന്നാണ് വരുന്നത്. സ്ത്രീകളിലാണ് നിക്ഷേപിക്കേണ്ടത്. അപ്പോൾ നമ്മുടെ വളർച്ച കൂടുതൽ വേഗതയിലാകും. സ്ത്രീകളുടെ കഴിവ് ലോകം തിരിച്ചറിയുന്നുവെന്നത് ഒരു കാഴ്ചപ്പാടല്ലേ.

2. സോഷ്യൽ മീഡിയകളിലായാലും പൊതുവേദികളിലായാലും പല വിഷയങ്ങളെക്കുറിച്ച് സ്ത്രീകൾ തുറന്നുപറച്ചിലുകൾ നടത്താറുണ്ട്. ഇതിനെതിരെ കടുത്ത വിമർശനങ്ങളും നേരിടുന്നു. അഭിപ്രായം വിശദമാക്കാമോ?
ലോകമെമ്പാടും ഇങ്ങനെയുളള കാര്യങ്ങൾ നടന്നുവരുന്നുണ്ട്. ഒരുപാട് കാലം നിശബ്ദരായിരുന്ന ഒരു വലിയ വിഭാഗത്തിന് നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് പറയുന്നത് അവർക്കെന്തെങ്കിലും പ്രശ്നപരിഹാരത്തിന് വേണ്ടി മാത്രമല്ല, വരാനിരിക്കുന്ന തലമുറയിലെ സ്ത്രീകൾ ഇതനുഭവിക്കാതിരിക്കാനും അനുഭവിച്ച വിവേചനങ്ങൾ തുടരാതിരിക്കാനും വേണ്ടി അവരെ പറഞ്ഞ് പഠിപ്പിക്കുകയാണ്. വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണെന്ന് ഞാൻ കരുതുന്നില്ല. തലമുറയ്ക്ക് ഒരു തിരിച്ചറിവിനും ശക്തി നൽകുന്നതിനും വേണ്ടിയാണ്. പണ്ട് വീടുകളിൽ പുറത്തിറങ്ങാൻ സാധിക്കാതെ പഠനം ഉപേക്ഷിക്കേണ്ടി വന്ന അമ്മമാർ മക്കളോട് പുറത്ത് പോയി പഠിച്ച് ജോലി ചെയ്യണമെന്ന് പറയുന്നത് മറ്റൊരു വശമാണ്. ഇപ്പോൾ പുറത്തിറങ്ങിയാൽ കാറും ബസും മറ്റുളള വാഹനങ്ങളുമുണ്ടാകും. നമ്മൾ സൂക്ഷിച്ച് റോഡ് മുറിച്ചുകടക്കണം. എന്ന് പറയുന്നതുപോലെ കാറും ബസും റോഡുമൊക്കെ പോലുളള അറിവുകളാണ് ഈ പ്രശ്നങ്ങൾ. അപ്പോൾ അതിനെ സൂക്ഷിച്ച് മറികടക്കാനും അതിജീവിച്ച് മുന്നോട്ട് കയറാനും ഒരു വലിയ വിഭാഗത്തിന് കഴിയും.

3. സിനിമയിൽ കൂടുതലായും അമ്മ വേഷങ്ങളാണ് ചെയ്ത് കണ്ടിട്ടുളളത്. ഈ അടുത്തിടെയിറങ്ങിയ മാസ്റ്റർ പീസിലെ കഥാപാത്രത്തെക്കുറിച്ച് പറയാനുളളത്?
പുരുഷ മേധാവിത്വത്തിന് കൊടിപിടിച്ച് മുന്നിലോടുന്ന സ്ത്രീകളുടെ സ്വഭാവത്തെ മാസ്റ്റർ പീസിൽ കാണാം.
സമുഹത്തിലെ അലിഖിത നിയമങ്ങൾ നടപ്പാക്കുന്നത് പുരുഷൻമാർ മാത്രമല്ല അതിൽ സ്ത്രീകൾക്കും പങ്കുണ്ട്. അതിന്റെ ഒരു പ്രതിനിധിയാണ് മാസ്റ്റർ പീസിലെ ആനിയമ്മ. മതത്തിന്റെയും പുരുഷമേധാവിത്വത്തിന്റെയും സമൂഹത്തിന്റെയും നിയമങ്ങൾ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങുന്ന അതിനുവേണ്ടി ശബ്ദമുയർത്തുന്ന ഒരു കഥാപാത്രമാണ് ആനിയമ്മ. എനിക്കിഷ്ടപ്പെട്ട കഥാപാത്രമായിരുന്നു. നമ്മുടെ സമൂഹത്തിൽ ഒരുപാട് ആനിയമ്മമാരുണ്ട്.
4. കുട്ടിക്കാലത്ത് എന്തെങ്കിലും വിവേചനം നേരിട്ടിട്ടുണ്ടോ?
കുടുംബത്തിൽ നിന്ന് എനിക്ക് അത്തരമൊരു വിവേചനമുണ്ടായിട്ടില്ല. കുടുംബത്തിൽ സ്ത്രീകളെ വഴക്ക് പറഞ്ഞിരുന്നത് മുന്നേറാൻ വേണ്ടിയായിരുന്നു. പഠിക്കുന്ന സമയത്ത് എന്തെങ്കിലും ഉഴപ്പ് കാണിച്ചാൽ അടുക്കളയിൽ ജോലി ചെയ്യിപ്പിക്കും എന്ന് പറഞ്ഞാണ് വഴക്ക് പറഞ്ഞിരുന്നത്.

5. സിനിമയിലെ വിവേചനത്തെക്കുറിച്ച് പറയാനുളളത്?
അത് സ്വാഭാവികമാണല്ലോ. പ്രത്യേകിച്ച് പറയാനില്ല. അവയൊക്കെ നമ്മൾ മറികടന്നുവരണം. മുൻപ് പറഞ്ഞത് പോലെ റോഡിലിറങ്ങുന്ന സമയത്ത് വണ്ടിയിടിക്കാൻ വന്നിട്ടില്ലേ. അതൊക്കെ മറികടക്കണം. അല്ലാതെ ഒന്നും പറയാനില്ല.
6. സോഷ്യൽമീഡിയയിൽ നിന്ന് ലഭിക്കുന്ന വിമർശനങ്ങൾ എങ്ങനെയാണ് നോക്കി കാണുന്നത്?
പൊതുവേ ഇത്തരത്തിലുളള വിഷയങ്ങൾ എനിക്ക് തമാശയാണ്. കമന്റ് എഴുതുന്ന ആൾക്കാർക്ക് ഞാൻ ഇടയ്ക്ക് ഉത്തരമൊക്കെ നൽകാറുണ്ട്. ചില സമയത്ത് മിണ്ടാതിരിക്കുക എന്നുളളത് മാത്രമാണ്. വിമർശനങ്ങൾ ഒരുപാട് വരും. പ്രത്യേകിച്ച് രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായം പറയുന്ന സ്ത്രീകളെ മിണ്ടാതിരുത്തുക എന്ന അജണ്ടയുളളത് കൊണ്ട് കുറേ ആക്രമണങ്ങൾ ഉണ്ടാകാം. ചില സമയത്ത് സങ്കടം വരും. എന്നാലും നമ്മൾ ജീവിതവുമായി മുന്നോട്ട് പോകണം.
7. പൊതുപ്രവർത്തനത്തിലേക്ക് വരാൻ ചിന്തിക്കുന്നുണ്ടോ?
ഇല്ല

8. വിവിധ മേഖലകളിലേക്കുളള സ്ത്രീകളുടെ കടന്നുവരവിനെക്കുറിച്ചുളള അഭിപ്രായം?
ഗംഭീരമല്ലേ. രാഷ്ട്രപതി പോലും ഒരു സ്ത്രീയല്ലേ.
9. ഇനിയും സ്ത്രീകൾ കടന്നുചെല്ലേണ്ട മേഖലയുണ്ടോ? എന്ത് തോന്നുന്നു?
സിനിമയിൽ തന്നെ ഇപ്പോഴും മിക്ക മേഖലകളിലും സ്ത്രീകൾ ആയിട്ടില്ല. പുറത്തോട്ട് പോകുമ്പോൾ സിനിമയിലെ സാങ്കേതികരംഗങ്ങളിൽ പ്രവർത്തിക്കുന്ന മിടുക്കികളായ പെൺകുട്ടികളുണ്ട്. ഇവിടെ ഇപ്പോഴും അങ്ങനെ വന്നിട്ടില്ല. ഇപ്പോഴും പുരുഷൻമാരുടെ മേഖലയായിട്ടാണ് സിനിമ വച്ചിരിക്കുന്നത്. എല്ലാ മേഖലയിലേക്കും സ്ത്രീകൾക്ക് വരാം.
10. വിദ്യാർത്ഥിയായിരുന്ന സമയത്ത് വനിതാ ദിനാചരണ പരിപാടികളിൽ സജീവമായിരുന്നോ?
ഞങ്ങൾ പഠിക്കുന്ന സമയത്ത് ഇത്തരത്തിലുളള ആഘോഷമൊന്നുമില്ലായിരുന്നു. അടുത്ത കാലത്തല്ലേ ഇതൊക്കെ വന്നത്.
11.പുതിയ സിനിമകളെക്കുറിച്ചുളള വിശേഷങ്ങൾ എന്തൊക്കെയാണ്?
മുസ്തഫ സംവിധാനം ചെയ്യുന്ന 'മുറ' എന്ന ചിത്രമാണ് പുതിയത്. ഈ മാസം 15ന് തീയേറ്ററുകളിലെത്തുന്ന 'സീക്രട്ട് ഹോമിലും' അഭിനയിച്ചിട്ടുണ്ട്. ഇന്ന് റിലീസിനായി ഒരുങ്ങുന്ന ബോധി സ്റ്റുഡിയോസിന്റെ 'ഓളാട' എന്ന ഷോർട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. ഇനിയുളളതൊക്കെ കുറച്ച് നെഗറ്റീവ് കഥാപാത്രങ്ങളാണ്.