padmaja

തിരുവനന്തപുരം: ബി ജെ പിയിൽ ചേർന്ന പദ്മജ വേണുഗോപാൽ ഇന്ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിൽ ബി ജെ പി പ്രവർത്തകർ ഗംഭീര സ്വീകരണം നൽകും. തുടർന്ന് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തും. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.


പദ്മജയുടെ വരവ് ബി ജെ പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പദ്മജ തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രചാരണത്തിനിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. സഹോദരൻ കെ മുരളീധരനാണ് തൃശൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിയെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ വൈകിട്ട് ആറരയ്‌‌ക്ക് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തുവച്ചാണ് പദ്മജ പാർട്ടി അംഗത്വം സ്വീകരിച്ചത്. കുറച്ചു വർഷങ്ങളായി കോൺഗ്രസ് പാർട്ടിക്കുള്ളിൽ താൻ സന്തുഷ്ടയായിരുന്നില്ലെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ അതൃപ്തയാണെന്നും അവർ പ്രതികരിച്ചിരുന്നു. ഹൈക്കമാൻഡിന് നിരവധി തവണ പരാതി കൊടുത്തു. പ്രതികരണമുണ്ടായില്ല. ദേശീയ നേതൃത്വത്തെ കാണാൻ പോയിട്ടും കൂടിക്കാഴ്ച്ചയ്ക്ക് സമയം ലഭിച്ചില്ല. അച്ഛന്റെ അതേ കയ്പേറിയ അനുഭവം കോൺഗ്രസിൽ തനിക്കുമുണ്ടായി. അതുകൊണ്ടാണ് പാർട്ടി മാറാൻ തീരുമാനിച്ചത്. ബി ജെ പിയോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പദ്മജ വ്യക്തമാക്കി.