
സ്‌പോർട്‌സ് താരങ്ങളോട് കേരളം കാണിക്കുന്ന അവഗണന തുടർക്കഥയായിക്കൊണ്ടിരിക്കുകയാണ്. നിരന്തരം നടത്തുന്ന സമരങ്ങളും പോരാട്ടങ്ങളും അവരുടെ ആത്മവിശ്വാസത്തെ തന്നെ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്. അവഗണനയാണെന്നറിഞ്ഞിട്ടും കൂടി കേരളത്തിനുവേണ്ടി ഇന്നും അവർ മത്സരങ്ങളിലിറങ്ങുന്നു. ഇവർക്കൊപ്പം മെഡൽ നേടിയവർക്ക് അവരുടെ സംസ്ഥാനങ്ങൾ കോടികൾ നൽകുമ്പോൾ കേരളം നൽകുന്നത് വാഗ്ദാനം മാത്രം.
ഒരുകാലത്ത് നാടാകെ അസൂയയോടെ നോക്കിക്കണ്ട കായികതാരമാണ് വി കെ വിസ്‌മയ. 2018 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി കേരളത്തിന്റെ പേര് വാനോളം ഉയർത്തിയ കണ്ണൂർക്കാരി. ഇന്ന് അഞ്ച് വർഷം പിന്നിടുമ്പോഴും കേരളം വാഗ്ദാനം നൽകിയ ജോലി വിസ്‌മയയ്‌ക്ക് ലഭിച്ചിട്ടില്ല. എങ്കിലും തന്റെ ഇഷ്ട മേഖലയെ വെറുക്കാനോ പോരാട്ടം അവസാനിപ്പിക്കാനോ അവർ തയ്യാറല്ല. ഈ വനിതാ ദിനത്തിൽ അറിയാം വിസ്‌മയയെക്കുറിച്ചും അവർക്ക് പറയാനുള്ളത് എന്താണെന്നും.
കുട്ടിക്കാലത്തെ താരങ്ങൾ അച്ഛനും അമ്മയും
കണ്ണൂർ സ്വദേശിയായ വിസ്‌മയ കുറച്ച് വർഷങ്ങളായി കോതമംഗലത്താണ് താമസിക്കുന്നത്. ആദ്യം വാടക വീട്ടിലായിരുന്നു. ഇപ്പോൾ സ്വന്തമായി വീടുവച്ച് താമസിക്കുന്നു. സ്കൂൾ കാലം മുതൽ എല്ലാത്തിനും ഒപ്പം നിൽക്കുന്നത് അച്ഛൻ വിനോദും അമ്മ സുജാതയും ആണ്. സ്വിമ്മിംഗിൽ മിടുക്കിയായ അനിയത്തി വിജിഷയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. സാമ്പത്തികമായി ഏറെ പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വകവയ്‌ക്കാതെ മക്കളുടെ വിദ്യാഭ്യാസത്തിനും ഇഷ്ടങ്ങൾക്കുമാണ് വിസ്‌മയയുടെ മാതാപിതാക്കൾ പ്രാധാന്യം നൽകിയിരുന്നത്.

അപ്രതീക്ഷിതമായെത്തി മടങ്ങിയത് സ്വർണവുമായി
ഇപ്പോൾ പതിനൊന്ന് വർഷത്തിലേറെയായി വിസ്‌മയ സ്‌പോർട്‌സ് മേഖലയിലേയ്‌ക്കെത്തിയിട്ട്. പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ നൽകിയിരുന്നതിനാൽ പത്താം ക്ലാസുവരെ മറ്റ് മേഖലകളിലൊന്നും അധികം ശ്രദ്ധിച്ചിരുന്നില്ല. എന്നിരുന്നാലും ഓരോ വർഷവും വരുന്ന സ്കൂൾ കലാ - കായിക മത്സരങ്ങളിലെല്ലാം വിസ്‌മയ പങ്കെടുത്തു. സ്‌പോർട്‌സിൽ മിടുക്കിയായിരുന്ന ഇളയ സഹോദരിയെ കോതമംഗലം സെന്റ് ജോർജ് സ്കൂളിൽ ചേർക്കാൻ വന്ന ദിവസമാണ് വിസ്‌മയയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
രാജു പോൾ എന്ന അദ്ധ്യാപകനാണ് പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ വിസ്‌മയയെ പ്ലസ് വണ്ണിന് കോതമംഗലം സ്കൂളിൽ ചേർക്കാൻ മാതാപിതാക്കളോട് പറഞ്ഞത്. സ്കൂൾ ഹോസ്റ്റലിലുണ്ടായിരുന്ന എല്ലാവരും സ്‌പോർട്‌സിൽ പങ്കെടുത്തിരുന്നതിനാൽ വിസ്‌മയയും ദിവസവും പ്രാക്‌ടീസിനിറങ്ങി. ആദ്യം ലോംഗ് ജമ്പ് നോക്കിയെങ്കിലും അതിൽ പൂർണമായും ശോഭിക്കാനായില്ല. ഒറ്റ വർഷത്തെ പരിശീലനം കൊണ്ട് വിസ്‌മയയിൽ ഒരുപാട് മാറ്റങ്ങളുണ്ടായി. പിന്നീട് റിലേ ടീമിൽ പങ്കെടുത്ത് സ്‌കൂളിന് സ്വർണ മെഡൽ നേടിക്കൊടുക്കാനും വിസ്‌മയയ്‌ക്ക് സാധിച്ചു.
കഠിനമായ പരിശീലനം
ആദ്യം ഏറെ ബുദ്ധിമുട്ടായിരുന്നു. എല്ലാവരും ഉറങ്ങുമ്പോൾ വെളുപ്പിന് പ്രാക്‌ടീസിനിറങ്ങും. സ്കൂളിൽ 9.30നാണ് ക്ലാസ് തുടങ്ങുന്നതെങ്കിൽ 9.15 വരെ പ്രാക്ടീസ് ഉണ്ടാകും. വെയിലോ മഴയോ പോലും നോക്കാതെയാണ് സ്കൂൾ കാലത്ത് പരിശീലനം നടത്തിയിരുന്നത്. ഭക്ഷണവും പരിമിതപ്പെടുത്തേണ്ടി വരാറുണ്ട്. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരും. അങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടാണ് ഇവിടെ വരെയെത്തിയത്.
തൊട്ടതെല്ലാം പൊന്നാക്കിയ വിസ്‌മയ
ആദ്യം സ്‌കൂൾ സ്റ്റേറ്റ് മത്സരത്തിൽ റിലേയ്‌ക്ക് സ്വർണ മെഡൽ നേടി. തുടർന്ന് 2018 ഏഷ്യൻ ഗെയിംസിൽ 4*400 മീറ്റർ റിലേയിൽ സ്വർണ മെഡൽ നേടിയ ടീമിൽ വിസ്‌മയയുണ്ടായിരുന്നു. 2019 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ റിലേയിൽ രണ്ട് വെള്ളി മെഡലുകൾ നേടി. 2019ൽ തന്നെ ഇന്ത്യയെ ഒളിമ്പിക്‌സിലേയ്‌ക്ക് ക്വാളിഫൈ ആക്കിക്കൊടുത്ത ടീമിലെ അംഗമായിരുന്നു. അന്ന് ഫൈനലിൽ എത്താനും സാധിച്ചു. 2018 -19ൽ ചെക്ക് റിപബ്ലിക്കിൽ മത്സരങ്ങൾക്ക് പോകുമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ നിരവധി റിലേ മത്സരങ്ങളിൽ വിസ്‌മയ പങ്കെടുത്തിട്ടുണ്ട്. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി, നാഷണൽ, ജൂനിയർ നാഷണൽ തുടങ്ങിയവയിലും മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.

മരുമകൾ ഉയരങ്ങൾ കീഴടക്കണമെന്ന് ആഗ്രഹിച്ച അച്ഛൻ
കോതമംഗലം സെന്റ് ജോർജ് സ്കൂളിൽ പഠിച്ചിരുന്നപ്പോഴാണ് ആനന്ദിനെ വിസ്‌മയ കണ്ടുമുട്ടുന്നത്. സ്‌കൂൾ കാലഘട്ടത്തിൽ തുടങ്ങിയ പ്രണയം പിന്നീട് വിവഹത്തിലേയ്‌ക്കെത്തി. വിസ്‌മയ ഒളിമ്പിക്‌സിൽ പങ്കെടുത്ത് കാണണം എന്നുള്ളത് ആനന്ദിന്റെ അച്ഛൻ രാജന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അദ്ദേഹം ഇപ്പോൾ ഭൂമിയിലില്ലെങ്കിലും അമ്മ സതി മരുമകൾക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. സ്‌പോർട്സ് താരം കൂടിയായ ആനന്ദ് ഇപ്പോൾ ഇന്ത്യൻ ആർമിയിലാണ്. വിവാഹശേഷം ഭർത്താവിന്റെ കുടുംബം നൽകുന്ന പിന്തുണ എടുത്ത് പറയേണ്ടതാണെന്നാണ് വിസ്‌മയ പറയുന്നത്.
കഴിവിന് കടിഞ്ഞാണിടുന്നവർ
സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകൾ, കുടുംബത്തിന്റെ പിന്തുണ എന്നിവ ലഭിക്കാതിരുന്നിട്ടും സ്പോർട്‌സിനോടുള്ള താൽപ്പര്യം കാരണം കഷ്ടപ്പെട്ട് എത്തിയ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്. അതും വിവിധ സംസ്ഥാനങ്ങളിലുള്ളവരെ. കാലം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും പെൺകുട്ടികളോടുള്ള വേർതിരിവ് ഇന്നും പല കുടുംബങ്ങളിലും നിലനിൽക്കുകയാണ്.
മത്സരങ്ങൾക്കായുള്ള ചെലവ്
ട്രാക്ക് സ്യൂട്ട്, സ്‌പൈക്‌സ് എന്നിവയ്‌ക്ക് വേണ്ടിയുള്ള പണം സ്‌കൂൾ കാലഘട്ടത്തിലും ഇപ്പോഴും സ്വന്തമായാണ് ചെലവാക്കേണ്ടത്. കോളേജിൽ എത്തിയപ്പോൾ സ്‌പോർട്സിൽ ഉള്ളത് കാരണം താമസവും ഭക്ഷണവും സൗജന്യമായിരുന്നു. മറ്റ് ചെലവുകളെല്ലാം നമ്മൾ തന്നെ നോക്കണം. കേരള സ്‌പോർട്‌സ് കൗൺസിലിന്റെ സഹായവും ലഭിച്ചിരുന്നു. ഇപ്പോൾ സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ(സായ്), അത്‌ലറ്റിക് ഫെഡറേഷൻ തുടങ്ങിയവരുടെ സഹായം ലഭിക്കുന്നുണ്ട്. നാഷണൽ ക്യാമ്പിലായിരിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ സഹായവും ലഭിക്കാറുണ്ട്.

കേരളത്തിൽ എണ്ണം കുറയുന്നു
മുമ്പ് സ്‌പോർട്‌സ് രംഗത്ത് ഏറെ പുറകിലായിരുന്ന തമിഴ്‌നാട് പോലും ഇപ്പോൾ ഒരുപാട് മുന്നിലെത്തി. അത് അവർക്ക് ലഭിക്കുന്ന പിന്തുണകൊണ്ട് മാത്രമാണ്. കേരളത്തിൽ വാഗ്ദാനം മാത്രമേ നടക്കുന്നുള്ളു. മത്സരങ്ങളിൽ മെഡൽ നേടി വരുമ്പോൾ ജോലി നൽകാമെന്ന് പറയുന്നതല്ലാതെ അഞ്ചും പത്തും വർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കുന്നില്ല. സ്‌പോർട്‌സിന് പ്രാധാന്യം നൽകുന്നത് കാരണം ഏറെപേർക്കും വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. സംസ്ഥാനത്തിന് വേണ്ടി ആത്മാർത്ഥമായി മത്സരിച്ച് വിജയിച്ച് ഒടുവിൽ ജീവിതത്തിൽ ഒരിടത്തും എത്താത്ത അവസ്ഥയാണ് പലർക്കും. അതൊക്കെക്കൊണ്ട് ഇപ്പോൾ കേരളത്തിലെ കുട്ടികൾ സ്‌പോർട്‌സിലിറങ്ങാൻ മടിക്കുകയാണ്. വേണ്ട പിന്തുണ ലഭിച്ചെങ്കിൽ അവർ ഒന്നാമതെത്തിയേനെ.
അഞ്ച് വർഷം കഴിഞ്ഞും വാഗ്ദാനം മാത്രം
2018 ഏഷ്യൻ ഗെയിംസ് കഴിഞ്ഞ് വന്നപ്പോൾ എനിക്ക് ജോലി വാഗ്ദാനം ലഭിച്ചതാണ്. ഇന്നും വാഗ്ദാനം മാത്രം. നിരവധി തവണ സർക്കാരിനെ സമീപിച്ചെങ്കിലും ഉടൻ ലഭിക്കുമെന്നാണ് അവർ പറയുന്നത്. എന്റെയൊപ്പം മെഡൽ നേടിയ മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് വന്നിറങ്ങിയ ഉടൻ ജോലി ലഭിച്ചു. റിലേയിൽ ഒപ്പമുണ്ടായിരുന്ന ഒരാൾ ഇന്ന് ഗുജറാത്ത് പൊലീസിൽ ഡിവൈഎസ്‌പിയാണ്. അവർക്ക് സമ്മാനമായി ലഭിച്ചത് ഒന്നരക്കോടി രൂപയും. വിസ്‌മയയ്‌ക്ക് പാരിതോഷികമായി കേരള സർക്കാർ നൽകിയതാകട്ടെ, 20 ലക്ഷം രൂപയും അഞ്ച് വർഷമായിട്ടും ഫലം കാണാത്ത ജോലി വാഗ്ദാനവും.
'ഇതൊക്കെ കാണുമ്പോൾ നമ്മൾ എന്തിനാണ് കേരളത്തിന് വേണ്ടി ഇത്രയൊക്കെ ചെയ്യുന്നതെന്ന് തോന്നിപ്പോകും. പണം അല്ല ഞങ്ങളുടെ ലക്ഷ്യം, ഭൂരിഭാഗംപേരും പാവപ്പെട്ട കുടുംബത്തിലുള്ളവരാണ്. ഇത്രയും ആത്മാർത്ഥത കാണിക്കുമ്പോൾ അതിനൊരു ജോലിയെങ്കിലും നൽകണമെന്നും വിസ്‌മയ പറയുന്നു. കേരളം വിട്ട് അവിടേയ്‌ക്ക് പോകാൻ തോന്നും. പണ്ടത്തേക്കാൾ ചെലവും ഇപ്പോൾ കൂടി വരികയാണ്. അത്രയേറെ ഇഷ്ടമുള്ളതുകൊണ്ടാണ് കടം വാങ്ങിപ്പോലും പലരും മത്സരങ്ങളിൽ പങ്കെടുക്കുന്നത്.' - വിസ്‌മയ പറഞ്ഞു.
പ്രചോദനമായ സ്ത്രീ
അന്നും ഇന്നും അമ്മ തന്നെയാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള സ്ത്രീ. റോൾ മോഡൽ എന്നുപറയാൻ ഒരാൾ ഇല്ല. ജീവിതത്തിൽ വിജയിച്ച പല സ്ത്രീകളെയും നിരീക്ഷിക്കാറുണ്ട്. അവരിൽ നിന്നെല്ലാം എടുക്കാൻ സാധിക്കുന്ന നല്ലതെല്ലാം ഉൾക്കൊള്ളാറുണ്ടെന്നാണ് വിസ്‌മയ പറയുന്നത്.
സ്‌പോർട്‌സ് സ്വപ്നം കാണുന്ന പെൺകുട്ടികളറിയാൻ
പെൺകുട്ടികളോട് പറയാനുള്ളത്, കഷ്ടപ്പെട്ടാൽ ഒരുപാട് നേട്ടങ്ങൾ നിങ്ങൾക്ക് സ്പോർട്സ് മേഖലയിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കും എന്നതാണ്. എല്ലാത്തിനുമുപരി നിങ്ങളുടെ സ്വപ്നങ്ങൾക്ക് പ്രാധാന്യം നൽകുക. നാട്ടിൻപുറത്ത് താമസിച്ച് വളർന്ന എനിക്ക് പല രാജ്യങ്ങളും കാണാൻ സാധിച്ചത് സ്‌പോർട്‌സ് കാരണമാണ്. കേരള സർക്കാർ പറഞ്ഞ ജോലി ലഭിച്ചില്ലെങ്കിലും ഇപ്പോൾ ബാങ്കിൽ ജോലി ലഭിച്ചതും കായികതാരമായതിനാലാണ്.