mvd

വനിതാദിനത്തിൽ ഒരു പ്രത്യേക കുറിപ്പുമായി കേരള മോട്ടോർവാഹനവകുപ്പ്. സ്ത്രീകൾ ഡ്രൈവിംഗിൽ മോശമാണെന്നും അതിനാൽ കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്നു എന്നുമുള്ള തെറ്റായ കാഴ്ചപ്പാട് മാറേണ്ടതാണെന്ന് എംവിഡി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പൊതുവെ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് പരിഗണന നൽകുന്നവരുമാണ്. അവരുടെ അറ്റൻഷൻ സ്പാൻ, മൾട്ടി ടാസ്കിംഗ് സ്കിൽ എന്നിവ കൂടുതൽ ആണ്. സ്ത്രീകൾ അനാരോഗ്യകരമായ മത്സരബുദ്ധി കാണിക്കാത്തതിനാൽ അപകടസാദ്ധ്യത കുറയുകയാണ് ചെയ്യുന്നതെന്നും എംവിഡി പറയുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

''അന്താരാഷ്ട്ര വനിതാദിനത്തിൽ സ്നേഹോഷ്മളമായ ആശംസകൾക്കൊപ്പം ഇന്ന് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ തിരുത്തണമെന്ന് കൂടി മോട്ടോർ വാഹന വകുപ്പ് ആഗ്രഹിക്കുന്നു.

സ്ത്രീകൾ ഡ്രൈവിങ്ങിൽ മോശമാണെന്നും അതിനാൽ കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്നു എന്നുമുള്ള തെറ്റായ കാഴ്ചപ്പാട് പൊതുവെയുണ്ട്.

2022 ൽ ദേശീയതലത്തിൽ സംഭവിച്ചിട്ടുള്ള റോഡ് അപകടങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏകദേശം 76907 ഡ്രൈവർമാർ കൊല്ലപ്പെട്ടിട്ടുണ്ട്.അതിൽ 96.3% പുരുഷ ഡ്രൈവർമാരും 3.7 % സ്ത്രീഡ്രൈവർമാരും ആണ് റോഡ് അപകടങ്ങളിൽ മരണപ്പെട്ടിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.

പൊതുവെ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് പരിഗണന നൽകുന്നവരുമാണ് അവരുടെഅറ്റൻഷൻ സ്പാൻ, മൾട്ടി ടാസ്കിംഗ് സ്കിൽ എന്നിവകൂടുതൽ ആണ്. സ്ത്രീകൾ അനാരോഗ്യകരമായ മൽസരബുദ്ധി കാണിക്കാത്തതിനാൽ അപകടസാധ്യതയും കുറയുന്നു. അവരുടെ ഉയർന്ന മാനസിക ക്ഷമത അവരെ എപ്പോഴും സുരക്ഷിത ഡ്രൈവർമാരാക്കുന്നു. അപകടം സംഭവിക്കുമോ എന്ന ആശങ്ക മൂലം ഡ്രൈവിംഗ് പഠിക്കാൻ വിമുഖത കാണിക്കുന്ന സ്ത്രീകൾക്ക് ഇതൊരു ആശ്വാസവാർത്തയാണ്.

ഡ്രൈവിംഗ് പഠിച്ചു സ്വയം വാഹനം ഓടിച്ചു കൊണ്ട് ഓരോ സ്ത്രീയും സ്വാതന്ത്ര്യത്തിലേക്കും പുതിയ ലോകത്തിലേക്കും ചുവടുവെക്കേണ്ട കാലമാണിത്.

രണ്ട് കൈകളും ഇല്ലാത്ത ജിലുമോളുടെ, ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കാനുള്ള പരിശ്രമത്തിന് മോട്ടോർ വാഹന വകുപ്പിന്റെ സർവ്വ പിന്തുണയും ലഭിക്കുകയും പിന്നീട് ലൈസൻസ് നേടി നഗരമദ്ധ്യത്തിലൂടെഡ്രൈവ് ചെയ്യുന്നതും നാമെല്ലാം ഏറെ ആഹ്ലാദത്തോടെയാണ് കണ്ടത്.

പ്രിയ സഹോദരിമാരെ, അകാരണമായ ഭയം മൂലം ഡ്രൈവിങ്ങിൽ നിന്ന് മാറി നിൽക്കാതെ നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന് കഠിന പരിശ്രമം ചെയ്യൂ. പൂർണ്ണ പിന്തുണയുമായി മോട്ടോർ വാഹന വകുപ്പ് നിങ്ങൾക്കൊപ്പം........''