
കോഴിക്കോട്: നിർമ്മാണം പൂർത്തിയായി ഏറെക്കാലം കഴിഞ്ഞിട്ടും പൂട്ടിയിട്ടിരുന്ന കോർപ്പറേഷൻ വനിതാ ഹോസ്റ്റലും ഷീ ലോഡ്ജും തുറക്കാൻ തീരുമാനിച്ചു. 11ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇരുപദ്ധതികളും ഉദ്ഘാടനം ചെയ്യും.
ടൗൺ പൊലീസ് സ്‌റ്റേഷന് സമീപത്തെ ഷീലോഡ്ജ് കെട്ടിടത്തിൽ ഡോർമെറ്ററി മുതൽ എ.സി ഡീലക്സ് ഡബിൾ ബെഡ് വരെയുള്ള സൗകര്യങ്ങളാണുള്ളത്. ഒരേ സമയം 60 പേർക്ക് താമസിക്കാനാകുന്ന തരത്തിലാണ് മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വർക്കിംഗ് വിമൻസ് ഹോസ്റ്റൽ. നഗരത്തിലെ ജോലിക്കാരായ വനിതകളെ ലക്ഷ്യമിട്ടാണ് ഹോസ്റ്റൽ ആരംഭിച്ചത്. ഇവിടെ നാല് ബെഡുകളുള്ള മുറികളും ഒരുക്കിയിട്ടുണ്ട്. ഇവയുടെ നിരക്ക് തീരുമാനിച്ചിട്ടില്ല.
ഷീവേൾഡ്, സാഫല്യം തുടങ്ങി കുടുംബശ്രീ യൂണിറ്റുകൾക്കാണ് ഷീലോഡ്ജിന്റെയും ഹോസ്റ്റലിന്റെയും നടത്തിപ്പ് ചുമതല. രണ്ടിടത്തും താമസക്കാർക്ക് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇഷ്ടാനുസരണമുള്ള ഭക്ഷണത്തിന് പ്രത്യേകം തുക ഈടാക്കും. ഷീലോഡ്ജിലേയും ഹോസ്റ്റലിലേയും മുറികൾ ബുക്ക് ചെയ്യുന്നതിന് നേരിട്ടും ഓൺലൈൻവഴിയുമുള്ള സൗകര്യം ഒരുക്കുമെന്ന് മേയർ ബീനാഫിലിപ്പ് അറിയിച്ചു.
നഗരങ്ങളിലെത്തുന്ന സ്ത്രീകൾക്കും ജോലി ചെയ്യുന്നവർക്കും ഏറെ ആശ്വാസമാകുന്ന കെട്ടിടങ്ങൾ തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 2020ലാണ് 4.7 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഷീ ലോഡ്ജ് നിർമ്മിച്ചത്. എന്നാൽ നടത്തിപ്പിന് അനുയോജ്യരെ കണ്ടെത്താൻ സാധിക്കാതിരുന്നതോടെ കെട്ടിടം അടച്ചിടുകയായിരുന്നു. അടുക്കള, ഡൈനിംഗ് ഹാൾ, ടോയ്‌ലെറ്റ് ബ്ലോക്ക് സർവീസ് മുറി, ലൈബ്രറി മെഡിറ്റേഷൻ റൂം, പാർക്കിംഗ്, ലിഫ്റ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. അഞ്ച് ദിവസം വരെയാണ് താമസം അനുവദിക്കുക.നാല് കോടി ചെലവഴിച്ചാണ് മാങ്കാവിലെ ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ നിർമ്മിച്ചത്. ഇരുനിലകളിലും ഡബിൾ, സിംഗിൾ റൂമുകൾ, ഡോർമെറ്ററി, വലിയ കിടപ്പുമുറികൾ, ഗസ്റ്റ് റൂം, റീഡിംഗ് റൂം, അടുക്കള, ഡൈനിംഗ് റൂം എന്നിവയും ഒരുക്കിട്ടുണ്ട്.
ഷീലോഡ്ജ്
ഒരേസമയം 120 പേർക്ക് താമസിക്കാം
ഡോർമെറ്ററി - 100 രൂപ
സിംഗിൾ ബെഡ്റൂം- 200 രൂപ
ഡബിൾ ബെഡ്റൂം 350,
എ.സി ബെഡ് റൂം സിംഗിൾ 750,
എ.സി ബെഡ് റൂം ഡബിൾ 1200,
എ.സി ഡീലക്സ് സിംഗിൾ ബെഡ് 1750, ർ
എ.സി ഡീലക്സ് ഡബിൾ ബെഡ് 2250 രൂപ
വിമൻസ് ഹോസ്റ്റൽ
ഒരേ സമയം 60 പേർക്ക് താമസിക്കാം
സിംഗിൾ ബെഡ് റൂം- 5000
ഡബിൾ ബെഡ് റൂമിന് ബെഡ് ഒന്നിന് 2500