suresh-gopi

തൃശ്ശൂർ: കെ. മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കാൻ വന്നാൽ സംഗതി കൂടുതൽ ഗംഭീരമാകുമെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. തനിക്ക് തന്റേതായ വോട്ടർമാരുണ്ടെന്നും ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കെ. മുരളീധരൻ വന്നുകഴിഞ്ഞാൽ മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന കോൺഗ്രസുകാരുടെ പ്രചാരണത്തെ കുറിച്ച് സൂചിപ്പിച്ചപ്പോൾ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനൊയിരുന്നു.

''മൂന്നാം സ്ഥാനത്തോ പത്താം സ്ഥാനത്തോ പോട്ടെ...കോൺഗ്രസുകാരല്ലല്ലോ തീരുമാനിക്കുന്നത് ജനങ്ങളല്ലേ? ഇത് ഗംഭീരമായി, ഒന്നൂടെ ഗംഭീരമായി. അത്രേയുള്ളൂ. ''

കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ട് പദ്‌മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതോടെയാണ് കെ. മുരളീധരനെ തൃശ്ശൂരിൽ നിറുത്തി മത്സരിപ്പിക്കാൻ എഐസിസി നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന.

മുരളീധരൻ മാറുന്ന വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയോ ടി. സിദ്ദിഖ് എംഎൽഎയോ മത്സരിക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ തന്നെ മത്സരത്തിനിറങ്ങാനാണ് ധാരണയായിരിക്കുന്നത്. ബാക്കി സീറ്റുകളിൽ സിറ്റിംഗ് എംപിമാർ മത്സരിക്കാനും ധാരണയായിട്ടുണ്ട്. വയനാട്ടിലെ കാര്യം രാഹുൽ ഗാന്ധി തന്നെ തീരുമാനിക്കും.

ബി.ജെ.പിയിൽ ചേർന്ന പദ്മജയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സ്വീകരണം

പദ്മജയുടെ വരവ് ബി.ജെ.പിക്ക് കേരളത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണത്തിനടക്കം പദ്മജ ഇറങ്ങിയേക്കുമെന്നാണ് സൂചന. ഇന്നലെ വൈകിട്ട് ആറര മണിക്ക് ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്താണ് കേരള പ്രഭാരി പ്രകാശ് ജാവദേക്കർ അംഗത്വം നൽകിയത്. ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന പദ്‌മജയ‌്ക്ക് ബി.ജെ.പി പ്രവർത്തകർ സ്വീകരണമൊരുക്കും.