
തൃശൂർ : ടി.എൻ.പ്രതാപന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കാണാമെന്ന് പ്രാദേശിക നേതാക്കളോട് പറഞ്ഞാണ് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗമായ പത്മജ വേണുഗോപാൽ ഏതാനും ദിവസം മുമ്പ് ഡൽഹിയിലേക്ക് തിരിച്ചത്. എന്നാൽ തിരിച്ചെത്തുക ബി.ജെ.പിയുടെ സ്വീകരണ വേദിയിലേക്കാകും. ഇത്തരത്തിൽ നാടകീയവും അപ്രതീക്ഷിതവുമായിരുന്നു പത്മജയുടെ നീക്കം. അതിനാൽ തന്നെ പത്മജയുടെ ബി.ജെ.പി പ്രവേശനം കോൺഗ്രസ് നേതൃത്വത്തെ വല്ലാതെ ഉലയ്ക്കുന്നു. മുതിർന്ന നേതാവ് എന്നതിലുപരി കെ.കരുണാകരന്റെ മകൾ എന്ന നിലയിലുള്ള പ്രവർത്തകർക്കിടയിലെ അംഗീകാരമാണ് കോൺഗ്രസിനെ വലയ്ക്കുന്നത്.
അവഗണന നേരിട്ടുവെന്ന് പറഞ്ഞ് പാർട്ടി വിട്ട പത്മജ, പക്ഷേ ടി.എൻ.പ്രതാപൻ നയിച്ച വെറുപ്പിനെതിരെയുള്ള സ്‌നേഹ സന്ദേശ യാത്രയിൽ ഏതാനും ദിവസം മുമ്പ് വരെ പങ്കെടുത്തു.കേരളത്തിൽ ആദ്യത്തെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം വഹിച്ച വനിതാ നേതാവായിരുന്നു അവർ. രണ്ട് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചു. പക്ഷേ വിജയിക്കാനായില്ല. കരുണാകരന് ഒപ്പം നിന്നവരിൽ കുറെ പേർ ഇപ്പോഴും പത്മജയെ പിന്തുണയ്ക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പത്മജയ്ക്ക് ഒപ്പം ആരെങ്കിലും പോകുമോയെന്ന ആശങ്ക കോൺഗ്രസിനുണ്ട്. എന്നാൽ പാർട്ടി അർഹമായ പരിഗണന പത്മജയ്ക്ക് നൽകിയെന്ന പ്രചരണമാകും കോൺഗ്രസ് മുന്നോട്ടുവയ്ക്കുക.
അതേസമയം രണ്ട് വർഷം മുമ്പ് തങ്ങൾക്കെതിരെ മത്സരിച്ച പത്മജയെ പാളയത്തിലെത്തിക്കാനായത് ബി.ജെ.പി പ്രവർത്തകർക്ക് ആവേശമായി. എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ലീഡറുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. അതിനാൽ തൃശൂരിൽ പത്മജയുടെ വരവ് ബി.ജെ.പിക്ക് അനുകൂലമായ ഘടകമാകുമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്.
സ്മൃതി മണ്ഡപം പത്മജയുടെ പേരിൽ
കെ.കരുണാകരന്റെ സ്മൃതി മണ്ഡപം ഇരിക്കുന്ന സ്ഥലം പത്മജയുടെ പേരിലാണെന്നത് കോൺഗ്രസ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. വരും നാളുകളിൽ ലീഡറുടെ സ്മൃതി മണ്ഡപത്തിലെത്തി, മറ്റ് നേതാക്കൾക്ക് സാധിക്കുമോയെന്ന ആശങ്കയുമുണ്ട്. ഇന്നലെ പ്രഖ്യാപനം വരും മുമ്പ് ടി.എൻ.പ്രതാപൻ ലീഡറുടെ സ്മൃതി മണ്ഡപത്തിലെത്തി തിടുക്കത്തിൽ പുഷ്പാർച്ചന നടത്തിയത് സ്ഥലം പത്മജയുടെ പേരിലായതിനാലാണെന്നും പറയുന്നു. അതേസമയം ഇന്നലെ പുഷ്പാർച്ചന നടത്താനെത്തിയ ടി.എൻ.പ്രതാപനെ പത്മജ വിമർശിച്ചിരുന്നു. അച്ഛന്റെ അനുസ്മരണ ദിനത്തിലും ജന്മദിനത്തിലും തിരിഞ്ഞു നോക്കാത്തവർ ഇന്നലെ വന്നപ്പോൾ ചിരി വന്നതായും പത്മജ പ്രതികരിച്ചിരുന്നു. അതേസമയം സ്മൃതികുടീരത്തിന്റെ കാര്യത്തിൽ പക്ഷേ കർശന നിലപാടൊന്നും പത്മജയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ വിശ്വാസം.
ഡി.സി.സി മുതൽ കെ.പി.സി.സി വരെ
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം
കെ.ടി.ഡി.സി ചെയർപേഴ്സൺ
മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി
ഡി.സി.സി പ്രസിഡന്റ് ഇൻ ചാർജ്ജ്
തിരഞ്ഞെടുപ്പ് ഗോദയിൽ
2004 മുകുന്ദപുരം ലോക്സഭാ മണ്ഡലം
2016ലും 2021 ലും തൃശൂർ നിയമസഭാ മണ്ഡലം