ladies

കാലങ്ങളായി അനുഭവിച്ച് വന്ന അസമത്വത്തിന്റെയും അടിച്ചമർത്തലുകളുടെയും ദുരനുഭവങ്ങളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും സമൂഹത്തിലേക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനമെന്നാണ് അന്താരാഷ്ട്ര വനിതാ ദിനത്തെ ഓരോരുത്തരും നോക്കി കാണുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളായ ആരോഗ്യം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാമ്പത്തികം, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ ഇതുവരെയുണ്ടാക്കിയെടുത്ത നേട്ടങ്ങൾ വിവരിക്കാവുന്നതിലുമപ്പുറമാണ്.

കഴിഞ്ഞ നൂറ്റാണ്ടുകളിൽ സ്ത്രീ വർഗം അനുഭവിച്ചുവന്ന വിവേചനങ്ങളും വ്യത്യാസങ്ങളും 2024ൽ എത്തിനിൽക്കുമ്പോഴും ഓർത്തിരിക്കേണ്ട വിഷയമാണ്. തുല്യജോലിക്ക് തുല്യ വേതനമെന്ന് ഒരു കൂട്ടം സ്ത്രീകൾ മുദ്രാവാക്യമുയർത്തിയപ്പോൾ ഉണ്ടായത് ചരിത്രമാണെന്ന് പണ്ട് പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുണ്ട്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന വി ടി ഭട്ടതിരിപ്പാടിന്റെ നാടകം സ്ത്രീകളുടെ ചിന്താതലവും പ്രവർത്തന മണ്ഡലവും വരെ മാറ്റിയെടുക്കാൻ നിമിത്തം കുറിച്ചതാണ്. അങ്ങനെ പതിയെ സമൂഹത്തിന്റെ ഇതര മേഖലകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം മെച്ചപ്പെടുത്താൻ സഹായിച്ചു.

സ്ത്രീകളുടെ തുറന്നുപറച്ചിലുകൾ

സമകാലികമായി ഏറെ പ്രസ്ക്തിയുളള ഒരു വിഷയമാണ് തുറന്നുപറച്ചിലുകൾ. സോഷ്യൽമീഡിയയിലൂടെയും പൊതുവേദികളിലൂടെയും യാതൊരു മടിയും കൂടാത തുറന്നുപറച്ചിലുകൾ നടത്തുന്ന സ്ത്രീ വർഗം ആശംസകൾ അർഹിക്കുമ്പോൾ ലഭിക്കുന്നത് കടുത്ത വിമർശനങ്ങളും സൈബർ അറ്റാക്കുകളുമാണ്. ചിലർ ഫീനിക്സ് പക്ഷികളെ പോലെ ഉയർന്നെഴുന്നേൽക്കുമ്പോൾ മറ്റുചിലർ തളർന്നുപോകുന്ന അവസ്ഥയും ഉണ്ട്. ഒരു കാലത്ത് പുറത്ത് പറയാൻ മടിച്ച പല കാര്യങ്ങളും ധൈര്യത്തോടെ പറയുന്ന സ്ത്രീകൾ ഉളള സമൂഹമാണ് ഇപ്പോഴത്തേത്. ചില കാര്യങ്ങൾ പുറത്തുപറഞ്ഞാൽ സമൂഹം ഒറ്റപ്പെടുത്തിയിരുന്ന കാലത്തുനിന്ന് മികച്ച അതിജീവനമാണ് ഇന്ന് സ്ത്രീകൾക്ക് ലഭിച്ചത്. സ്ത്രീകളുടെ തുറന്നുപറച്ചിലുകൾ സമൂഹത്തിൽ പ്രതിഫലിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

തുറന്നുപറച്ചിലുകൾ സമൂഹത്തിന്റെ മാറ്റങ്ങൾക്ക് വഴിയൊരുക്കും

പെൺകുട്ടികളുടെ തുറന്നുപറച്ചിലുകൾ തീർച്ചയായിട്ടും സ്വാഗതം ചെയ്യേണ്ടതാണ്. കാരണം അവർ നേരിട്ട ദുരനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ സത്യം തിരിച്ചറിഞ്ഞ് പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടത്. ചില കുട്ടികൾ ബോൾഡായിട്ട് കാര്യങ്ങൾ തുറന്ന് പറയുമ്പോൾ മ​റ്റുളളവർ പിന്തുണയ്ക്കുന്നത് കാണാൻ സാധിക്കും. ഇതിനൊക്കെ അവർ നേരിടുന്ന എതിർപ്പുകളും ഭീകരമാണ്. സോഷ്യൽ മീഡിയയിലൂടെയുളള എതിർപ്പ്, സമൂഹത്തിന്റെ എതിർപ്പ് അങ്ങനെ പലതാണ്. പക്ഷെ ഇതിലും ചുരുക്കം ചിലയാളുകൾ മുന്നോട്ട് വന്ന് അവരെ പിന്തുണയ്ക്കുന്നുണ്ട്.

തുറന്നുപറച്ചിലുകൾ സമൂഹത്തിലെ മാ​റ്റങ്ങൾക്കും വഴിയൊരുക്കും. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുളള മാർഗ നിർദ്ദേശങ്ങൾ ഉണ്ടാകുന്നു,സർക്കാരിന്റെ ഭാഗത്ത് നിന്നും ചില നിർദ്ദേശങ്ങൾ വരുന്നുണ്ട്. പരാതികൾ ഉന്നയിക്കാനും അത് പരിഹരിക്കാനും സാധിച്ചില്ലെങ്കിൽ അടുത്ത തലത്തിലേക്ക് പോകാനുമുളള സഹായങ്ങളും തുറന്നുപറച്ചിലുകളിലൂടെയാണ് സാധിക്കുന്നത്. ഇപ്പോൾ കായിക രംഗത്ത് ചില പെൺകുട്ടികൾ പ്രതികരണവുമായി വന്നതിനെ തുടർന്ന് നടപടികൾ എടുക്കേണ്ടി വന്നു. ചിലപ്പോൾ നൂറ് കാര്യങ്ങൾ ഉണ്ടാകുമ്പോൾ അതിലൊരു കാര്യമായിരിക്കും പുറത്ത് വരുന്നത്. അതിലൂടെ ഉണ്ടാകുന്ന മാ​റ്റം വലുതായിരിക്കും. എല്ലാ തടസങ്ങളെയും മറികടന്ന് സ്ത്രീകൾ തുറന്നുപറച്ചിലുമായി മുന്നോട്ട് വരുമ്പോൾ അതിനെ അഭിനന്ദിക്കേണ്ടതാണ്. അത്തരത്തിലുളള തുറന്നുപറച്ചിലുകളുടെ ശരിയും തെ​റ്റും മനസിലാക്കി കൊണ്ട് അവരെ പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു.

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം വകുപ്പ് മേധാവിയും അസിസ്റ്റൻഡ് പ്രൊഫസറുമായ മാഗി ജോസഫൈനിന്റെ വാക്കുകൾ.

ശബ്ദം ഉപയോഗിക്കണം

തുറന്നുപറച്ചിലുകളിലൂടെ ഒരുപാട് കാര്യങ്ങളാണ് സമൂഹത്തിൽ സംഭവിക്കുന്നത്. ഒരു പ്രത്യേക സംഭവത്തെക്കുറിച്ചോ അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ സംഭവിച്ച അധികം ആരും ചർച്ച ചെയ്യാൻ സാദ്ധ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ച് സ്ത്രീകൾ തുറന്നുപറയുമ്പോൾ മ​റ്റുളളവർക്ക് കൂടുതൽ കാര്യങ്ങൾ മനസിലാകാൻ സാധിക്കും. മിക്കവരും പല കാര്യങ്ങളും തുറന്നുപറയാൻ മടിക്കും. അപ്പോൾ സ്ത്രീകൾക്കിടയിലെ ഇത്തരത്തിലുളള പ്രവർത്തികൾ അവർക്ക് കൂടുതൽ പ്രയോജനകരമാകും. രണ്ടാമതായി ഇത്തരത്തിലുളള തുറന്നുപറച്ചിലുകളെ ഒരു മുൻകരുതലായി പരിഗണിക്കാം.

ആരുമറിയില്ലെന്ന് ചിന്തിച്ച് ദുഷ്പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഇതൊരു താക്കീതും കൂടിയാണിത്. ഇതിലൂടെ അനാവശ്യമായി സ്ത്രീകൾക്ക് നേരെ നടന്നുവരുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. നമ്മുടെ ശബ്ദം ഉപയോഗിക്കണമെന്ന ബോധം പലർക്കും ഉണ്ടാകാൻ ഇത് സഹായിക്കും. സ്ത്രീകളിൽ പുരോഗമനം തുറന്നുപറച്ചിലുകളിലൂടെയുണ്ടാകാം. അതേസമയം, ഈ സാഹചര്യം മുതലെടുക്കാനും ആരും ശ്രമിക്കരുത്. എല്ലാവർക്കും പ്രയോജനകരമായ രീതിയിലായിരിക്കണം ഇത് ചെയ്യാനുളളത്. സമൂഹത്തിൽ നടക്കുന്ന തെ​റ്റ് മനസിലാക്കാൻ സാധിക്കും. മി ടു പോലുളളവ കൂടുതൽ സഹായകരമായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പ്രശ്നങ്ങൾ തടയാൻ സഹായിക്കും. സ്ത്രീകളിൽ വൈകാരികമായും ശാരീരികമായും മാനസികമായും ധൈര്യം ഉണ്ടാക്കാൻ തുറന്നുപറച്ചിലുകൾ സഹായിക്കും.

കൾസൾട്ടന്റ് കൗൺസലിംഗ് സൈക്കോളജിസ്റ്റും സർട്ടിഫൈഡ് മെന്റ്ർ ട്രെയിനറുമായ ഡോ. ആരതി കെ നായരുടെ വാക്കുകൾ.


തുറന്നുപറച്ചിലുകളും തുറന്ന പ്രവർത്തികളുമാണ് സമൂഹത്തിനാവശ്യം.

മലയാളി സ്ത്രീകൾ തുറന്നുപറച്ചിലുകൾ ആരംഭിച്ചോയെന്നാണ് എന്റെ ചോദ്യം. സാധാരണ ചില വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ യുവതികൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു എന്നതൊഴിച്ചാൽ ഒരു തുറന്നുപറച്ചിലോ തുറന്ന സമൂഹമോ ആയി സ്ത്രീകൾ മാറിയോ എന്നത് സംശയകരമാണ്. മലയാളിയെന്നും സദാചാര കാപട്യങ്ങൾ സൂക്ഷിക്കുന്നവരാണ്. മലയാളി സംസ്‌കാരം കൂട്ടിച്ചേർത്ത് അവനവന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ശേഖരിച്ചുവച്ച കുറേ അലിഖിത നിയമങ്ങൾ, അതിൻ മേലാണ് അവരെന്നും ജീവിക്കുന്നത്. തുറന്നുപറച്ചിലുകൾ സന്തോഷകരമായ കാര്യമാണ്.ഇതിലൂടെയാണ് നമ്മുടെ നാട് സ്വതന്ത്ര ചിന്താഗതിയുളളതായി മാറുകയുളളൂ. ഇത് കാലം ആവശ്യപ്പെടുന്ന മാ​റ്റം കൂടിയാണ്. അതിനാൽ തീർച്ചയായും പ്രോത്സാഹിപ്പിക്കപ്പെടണം. മലയാളി സ്ത്രീകൾ ഏത് രംഗത്തായാലും അവരുടെ കഴിവ് തെളിയിക്കുന്നുണ്ട്. 25 വർഷം മുമ്പ് കുടുംബശ്രീയിലൂടെ തുടക്കം കുറിച്ച സാമ്പത്തിക സുരക്ഷിതത്വം ഇപ്പോൾ തൊഴിൽ മേഖലയിലും മറ്റുരംഗങ്ങളിലും വ്യാപകമായിട്ടുണ്ട്. അത് ഈ രംഗത്ത് കേരളം വളരെയധികം മുൻപോട്ടു പോയി എന്നതാണ് കാണിക്കുന്നത്. അക്കാര്യത്തിൽ രാജ്യത്തിന്റെ മാതൃക എന്ന നിലയിൽ നമുക്ക് അഭിമാനിക്കാം.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ ഇൻഫർമേഷൻ ഓഫീസറായ സതികുമാർ ടിയുടെ വാക്കുകൾ.

ഇപ്പോൾ എല്ലാം തുറന്നുവച്ച പുസ്തകം പോലെയാണ്

പണ്ടത്തെ കാലവും ഇന്നത്തെ കാലവും തമ്മിൽ എല്ലാ മേഖലകളിലും ഒരുപാട് വ്യത്യാസങ്ങൾ കണ്ടുവരുന്നുണ്ട്. മുൻപൊക്കെ എത്ര വലിയ തെ​റ്റുകൾ സംഭവിച്ചാലും അത് മൂടി വയ്ക്കുക പതിവായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം പുറത്തുവരികയാണ്. നമ്മൾ ചെയ്യുന്നത് ശരിയായിക്കോട്ടെ തെ​റ്റായിക്കോട്ടെ അവയെല്ലാം തുറന്നുവച്ച പുസ്തകം പോലെ മുന്നിൽ വരികയാണ്. ഈ കാലഘട്ടത്തിൽ എല്ലാം തുറന്നുപറഞ്ഞിട്ട് പോലും വിമർശനങ്ങളും പരിഹാരമുണ്ടാകാത്ത അവസ്ഥയും ഉണ്ട്. പ്രത്യേകിച്ച് സ്ത്രീധന പീഡന സംഭവങ്ങൾ, സ്‌കൂൾ തലത്തിലുളള അദ്ധ്യാപക വിദ്യാർത്ഥി സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ സിനിമയെ വെല്ലുന്ന രീതിയിലാണ് പുറം ലോകം അറിയുന്നത്. അത്തരം പ്രശ്നങ്ങൾ പുറം ലോകമറിഞ്ഞാൽ സമൂഹം എന്ത് വിചാരിക്കുമെന്നുളളത് കൊണ്ട് മൂടി വച്ചാൽ അത്തരം പ്രശ്നങ്ങൾക്ക് ഒരിക്കലും പരിഹാരമുണ്ടാകുന്നില്ല.അങ്ങനെയാണെങ്കിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കിടയിൽ മാത്രം ചുരുങ്ങിപോകുകയാണ്.അത് പുറത്തോട്ട് കൊണ്ടുവരികയും അവർക്ക് നീതി ഉറപ്പാക്കുകയും ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്തം.ഇതിലൂടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

റിട്ട. കാർഷിക വകുപ്പ് ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ ഹാജ്‌റോമ്മാബി എ എമിന്റെ വാക്കുകൾ.